| Monday, 19th January 2026, 11:25 pm

അഞ്ചില്‍ അഞ്ചും!! പരാജയമറിയാത്ത കുതിപ്പുമായി മന്ഥാനപ്പട

ഫസീഹ പി.സി.

വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) യു.പി. വോറിയേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍.സി.ബി). ഇന്ന് ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ടീമിന്റെ വിജയം. സയാലി സത്ഘരെയുടെ ബൗളിങ് കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്. വിജയത്തോടെ ടീം പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മാറി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന യു.പി. വോറിയേഴ്‌സിന് 117 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഈ സീസണില്‍ ആര്‍.സി.ബി തങ്ങളുടെ അഞ്ചാം വിജയം സ്വന്തമാക്കി.

സീസണില്‍ ഒരു തോല്‍വി പോലുമറിയാതെയാണ് മുന്‍ ചാമ്പ്യന്മാര്‍ ഈ കുതിപ്പ് തുടരുന്നത്. ഈ വര്‍ഷം ടീമിന് മുന്നില്‍ അഞ്ച് എതിരാളികള്‍ മാറിമാറി വന്നപ്പോള്‍ ഒരിക്കല്‍ പോലും ആര്‍.സി.ബി താരങ്ങള്‍ മുട്ടുമടക്കിയിട്ടില്ല.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബിക്കായി മികച്ച പ്രകടനം നടത്തിയത് ഗൗതമി നായിക്കാണ്. താരം 55 പന്തില്‍ 73 റണ്‍സെടുത്താണ് ടീമിന് കരുത്തായത്. ഒരു സിക്സും ഏഴ് ഫോറുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്.

താരത്തിനൊപ്പം റിച്ച ഘോഷും സ്മൃതി മന്ഥാനയും ഭേദപ്പെട്ട പ്രകടനം നടത്തി. റിച്ച 20 പന്തില്‍ 27 റണ്‍സും മന്ഥാന 23 പന്തില്‍ 26 റണ്‍സുമെടുത്തു.

വോറിയേഴ്സിനായി കേശവി ഗൗതമും ആഷ്ലി ഗാര്‍ഡനറും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ഒപ്പം രേണുക സിങ്ങും സോഫി ഡിവൈനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ആഷ്ലി ഗാര്‍ഡ്നര്‍ക്കല്ലാതെ മറ്റാര്‍ക്കും തിളങ്ങാനായിട്ടില്ല. താരം 43 പന്തില്‍ 54 റണ്‍സാണ് എടുത്തത്. 20 പന്തില്‍ 18 റണ്‍സെടുത്ത അനുഷ്‌ക ശര്‍മയും 15 പന്തില്‍ 14 റണ്‍സെടുത്ത ഭാരതി ഫുള്‍മാലിയുമാണ് പിന്നീട് ടീമിനായി കുറച്ചെങ്കിലും സ്‌കോര്‍ ചെയ്തത്.

ആര്‍.സി.ബിക്കായി സയാലി സത്ഘരെ മൂന്ന് വിക്കറ്റും നാദിന്‍ ഡി ക്ലാര്‍ക്ക് രണ്ട് വിക്കറ്റും വീഴ്ത്തി. ഒപ്പം, ശ്രേയങ്ക പാട്ടീല്‍, ലൗറന്‍ ബെല്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Content Highlight: Smriti Mandhana’s RCB qualified in to playoffs with the five straight win in WPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more