ഇംഗ്ലണ്ടിൽ താണ്ഡവമാടി സ്‌മൃതി മന്ഥാന; അടിച്ച് കയറിയത് വിരാടും രോഹിത്തുമുള്ള വെടിക്കെട്ട് ലിസ്റ്റിൽ!
Sports News
ഇംഗ്ലണ്ടിൽ താണ്ഡവമാടി സ്‌മൃതി മന്ഥാന; അടിച്ച് കയറിയത് വിരാടും രോഹിത്തുമുള്ള വെടിക്കെട്ട് ലിസ്റ്റിൽ!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th June 2025, 9:33 pm

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരായ ടി – 20 പരമ്പരയിൽ ഏറ്റുമുട്ടുകയാണ്. ട്രെന്റ് ബ്രിഡ്ജ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ സ്‌മൃതി മന്ഥാനയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യൻ വനിതകൾ മികച്ച സ്കോറിലെത്തിയത്.

ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി മന്ഥാന 62 പന്തിൽ 112 റൺസാണ് നേടിയത്. മൂന്ന് സിക്‌സറും 15 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 180.65 സ്ട്രൈക്ക് റേറ്റിലാണ് ഇന്ത്യൻ ക്യാപ്റ്റൻ ഇംഗ്ലണ്ട് ബൗളർമാരെ പ്രഹരിച്ചത്.

സെഞ്ച്വറി നേടിയതിന് പിന്നാലെ ഒരു സൂപ്പർ നേട്ടവും താരം സ്വന്തമാക്കി. എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡാണ് താരം സ്വന്തം പേരിൽ കുറിച്ചത്.

ഇതുവരെ ഇന്ത്യൻ ക്രിക്കറ്റിൽ അഞ്ച് ഇന്ത്യൻ താരങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിനത്തിലും, ടി -20 ക്രിക്കറ്റിലും സെഞ്ച്വറി നേടിയത്. സുരേഷ് റെയ്ന, വിരാട് കോഹ്‌ലി, രോഹിത് ശർമ, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ എന്നിവരാണ് ഈ നേട്ടത്തിൽ എത്തിയ ഇന്ത്യൻ താരങ്ങൾ. ഇംഗ്ലണ്ടിനെതിരെ മൂന്നക്കം പിന്നിട്ടതോടെ ഈ അപൂർവ ലിസ്റ്റിലാണ് മന്ഥാന ഇടം പിടിച്ചത്.

 

മത്സരത്തിൽ മന്ഥാനയ്ക്ക് പുറമെ ഹാർലിൻ ഡിയോൾ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഹാർലിൻ 23 പന്തിൽ ഏഴ് ഫോറടക്കം 43 റൺസെടുത്തു. മറ്റാർക്കും മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല.

നിലവിൽ മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുകയാണ്. ആറ് ഓവറുകൾ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കായി ദീപ്തി ശർമ രണ്ട് വിക്കറ്റും അമൻജോത് കൗർ ഒരു വിക്കറ്റും നേടി. ക്യാപ്റ്റൻ നാറ്റ് സ്കൈവർ ബ്രെണ്ടും ആമി ജോൺസുമാണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.

Content Highlight: Smriti Mandhana joins a unique list of Indian batters who scored hundred in all three formats