കങ്കാരുപ്പടക്കെതിരെ നേടിയ അര്‍ധ സെഞ്ച്വറിയില്‍ പിറന്നത് മറ്റൊരു നേട്ടം; ഒന്നാം സ്ഥാനത്ത് സ്മൃതി
Sports News
കങ്കാരുപ്പടക്കെതിരെ നേടിയ അര്‍ധ സെഞ്ച്വറിയില്‍ പിറന്നത് മറ്റൊരു നേട്ടം; ഒന്നാം സ്ഥാനത്ത് സ്മൃതി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th September 2025, 7:44 pm

ഐ.സി.സിയുടെ വനിതാ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം സ്മൃതി മന്ഥാന. ഇംഗ്ലണ്ടിന്റെ നാറ്റ് സൈവര്‍ ബ്രണ്ടിനെ മറികടന്നാണ് മന്ഥാന ഒന്നാം സ്ഥാനത്തെത്തിയത്. 735 റേറ്റിങ് പോയിന്റോടെയാണ് സ്മൃതി ഈ നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള ഏക താരവും സ്മൃതിയാണ്.

ഐ.സി.സി വനിതാ ഏകദിന ബാറ്റിങ് റാങ്കിങ് (ആദ്യ അഞ്ച് സ്ഥാനങ്ങള്‍)

സ്മൃതി മന്ഥാന (ഇന്ത്യ) – 735

നാറ്റ് സൈവര്‍ ബ്രണ്ട് (ഇംഗ്ലണ്ട്) – 731

ലോറ വാള്‍വാര്‍ട്ട് (സൗത്ത് ആഫ്രിക്ക) – 725

എല്ലിസ് പെരി (ഓസ്‌ട്രേലിയ) – 689

ബെത് മൂണി (ഓസ്‌ട്രേലിയ) – 685

മാത്രമല്ല ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ 14ാം തിയ്യതി നടന്ന ഏകദിന മത്സരത്തില്‍ മന്ഥാന മികച്ച പ്രകടനം നടത്തിയിരുന്നു. 63 പന്തില്‍ 58 റണ്‍സായിരുന്നു താരം നേടിയത്. ഇതിന് പിറകെയാണ് മന്ഥാന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ക്രിക്കറ്റില്‍ 106 മത്സരങ്ങളില്‍ നിന്ന് 4646 റണ്‍സാണ് സ്മൃതി മന്ഥാന സ്വന്തമാക്കിയത്. 136 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരം ഫോര്‍മാറ്റില്‍ സ്വന്തമാക്കിയത്. 46.5 ആവറേജും 87.9 സ്‌ട്രൈക്ക് റേറ്റുമാണ് ഫോര്‍മാറ്റില്‍ മന്ഥാനക്കുള്ളത്. 11 സെഞ്ച്വറികളും 32 അര്‍ധ സെഞ്ച്വറികളും താരം നേടി. ഇതുവരെ ഏകദിനത്തില്‍ 561 ഫോറും 56 സിക്‌സുമാണ് സ്മൃതി സ്വന്തമാക്കിയത്.

അതേസമയം ഓസീസിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 282 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മത്സരത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയത് പ്രതികാ റവാള്‍ ആയിരുന്നു. 96 പന്തില്‍ 64 റണ്‍സാണ് താരം നേടിയത്. മാത്രമല്ല മന്ഥാനയ്ക്ക് പുറകെ ഹര്‍ളിന്‍ ഡിയോളും 54 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

ഓസീസിന് വേണ്ടി ഫോബി ലിച്ച്ഫീല്‍ഡ് 80 പന്തില്‍ 88 റണ്‍സ് നേടിയപ്പോള്‍ ബെത് മൂണി 77ഉം അന്നബല്‍ സതര്‍ലാന്‍ഡ് 54*ഉം റണ്‍സ് നേടി മികവ് പുലര്‍ത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാം മത്സരം നാളെ (ബുധന്‍) മഹാരാജാ യാധവേദ്ര സിങ് സ്‌റ്റേഡിയത്തിലാണ് നടക്കുക.

Content Highlight: Smriti Mandhana In Top Of ICC Women’s One Day Batting Ranking