വിരാടിനെ വീണ്ടും തോല്‍പിച്ച് മന്ഥാന; മുമ്പില്‍ ബാബറും അംലയും മാത്രം
Sports News
വിരാടിനെ വീണ്ടും തോല്‍പിച്ച് മന്ഥാന; മുമ്പില്‍ ബാബറും അംലയും മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th October 2025, 9:58 pm

 

ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ശേഷിക്കെ ഓസീസ് മറികടക്കുകയായിരുന്നു. അലീസ ഹീലിയുടെ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചെടുത്തത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ആദ്യ വിക്കറ്റില്‍ 155 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് സ്മൃതി മന്ഥാനയും പ്രതീക റാവലും തിളങ്ങിയത്. മന്ഥാന 66 പന്തില്‍ 80 റണ്‍സും പ്രതീക 96 പന്തില്‍ 75 റണ്‍സും നേടി.

ഈ ഇന്നിങ്‌സിന് പിന്നാലെ ഏകദിനത്തില്‍ 5,000 റണ്‍സ് മാര്‍ക് പിന്നിടാനും മന്ഥാനയ്ക്ക് സാധിച്ചിരുന്നു.

വനിതാ ക്രിക്കറ്റില്‍ 5,000 റണ്‍സ് മാര്‍ക് പിന്നിടുന്ന അഞ്ചാം താരവും രണ്ടാം ഇന്ത്യന്‍ താരവുമാണ് മന്ഥാന. മിതാലി രാജ് (ഇന്ത്യ), ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് (ഇംഗ്ലണ്ട്), സൂസി ബേറ്റ്‌സ് (ന്യൂസിലാന്‍ഡ്), സ്റ്റെഫനി ടെയ്‌ലര്‍ (വെസ്റ്റ് ഇന്‍ഡീസ്) എന്നിവരാണ് ഇതിന് മുമ്പ് 500 റണ്‍സ് മാര്‍ക് പിന്നിട്ട താരങ്ങള്‍.

 

കരിയറിലെ 112ാം ഇന്നിങ്‌സിലാണ് മന്ഥാന ഈ നേട്ടത്തിലെത്തിയത്. 47.37 ശരാശരിയില്‍ 5,022 റണ്‍സാണ് നിലിവില്‍ മന്ഥാനയുടെ പേരിലുള്ളത്. ഇതോടെ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കിയ വനിതാ താരമെന്ന നേട്ടവും മന്ഥാന സ്വന്തമാക്കി.

ഏകദിന ഫോര്‍മാറ്റ് മൊത്തമായി പരിശോധിക്കുമ്പോള്‍ വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരമാണ് മന്ഥാന. 97ാം ഇന്നിങ്‌സില്‍ 5,000 റണ്‍സ് ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയ ബാബര്‍ അസമാണ് ഈ നേട്ടത്തില്‍ ആദ്യം. 101 ഇന്നിങ്‌സില്‍ നിന്നുമായി ഈ നാഴികക്കല്ല് താണ്ടിയ പ്രോട്ടിയാസ് ഇതിഹാസം ഹാഷിം അംലയാണ് റെക്കോഡ് നേട്ടത്തില്‍ രണ്ടാമത്.

നാലാം സ്ഥാനത്ത് ഇതിഹാസങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സും വിരാട് കോഹ് ലിയും. 114ാം ഇന്നിങ്‌സിലാണ് ഇരുവരും ഈ റെക്കോഡ് സ്വന്തമാക്കിയത്. ഷായ് ഹോപ്പും 114ാം ഇന്നിങ്‌സില്‍ ഈ നേട്ടത്തിലെത്തി.

 

Content Highlight: Smriti Mandhana completed 5,000 ODI runs