ഇന്ത്യന്‍ വനികളുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരുന്നു. സതാംപ്ടണിലെ ദി ഏയ്ഞ്ചല്‍സ് ബൗളില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 259 റണ്‍സിന്റെ വിജയലക്ഷ്യം പത്ത് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ദീപ്തി ശര്‍മയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.
മത്സരത്തില്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാന കരിയറിലെ സുപ്രധാന നാഴികക്കല്ല് താണ്ടിയിരുന്നു. ഏകദിനത്തില്‍ 4,5000 റണ്‍സെന്ന മൈല്‍സ്‌റ്റോണാണ് താരം മറികടന്നത്. ഇംഗ്ലണ്ടിനെതിരെ 27 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് മന്ഥാനയെ തേടി ഈ റെക്കോഡെത്തിയത്. മത്സരത്തില്‍ താരം 24 പന്തില്‍ 28 റണ്‍സ് നേടി പുറത്തായി.
🚨 Milestone Alert 🚨
Congratulations to vice-captain Smriti Mandhana on completing 4500 runs in ODIs 👏
വനിതാ ഏകദിനത്തില്‍ 4,500 റണ്‍സ് പൂര്‍ത്തിയാക്കുന്ന പത്താമത് മാത്രം താരമാണ് മന്ഥാന. ഇന്ത്യന്‍ ലെജന്‍ഡ് മിതാലി രാജിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ മന്ഥാന തന്റെ പേരിന് നേരെ കുറിച്ചു.
മിതാലി രാജ്
വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
മിതാലി രാജ് – ഇന്ത്യ – 211 – 7,805
ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – 180 – 5,992
സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 164 – 5,896
സ്റ്റെഫനി ടെയ്‌ലര്‍ – വെസ്റ്റ് ഇന്‍ഡീസ് – 163 – 5,873
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് സോഫിയ ഡങ്ക്‌ലിയുടെ പ്രകടനത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 92 പന്ത് നേരിട്ട താരം ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 83 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ അലിസ് ഡേവിഡ്‌സണ്‍-റിച്ചാര്‍ഡ്‌സും ഇംഗ്ലണ്ടിനായി തിളങ്ങി. 73 പന്തില്‍ 53 റണ്‍സാണ് അലിസ് അടിച്ചെടുത്തത്.
ഇന്ത്യയ്ക്കായി സ്‌നേഹ് റാണയും ക്രാന്തി ഗൗഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ എന്‍. ചാരിണിയും അമന്‍ജോത് കൗറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എല്ലാ താരങ്ങളുടെയും പിന്‍ബലത്തിലാണ് വിജയലക്ഷ്യം മറികടന്നത്. ദീപ്തി ശര്‍മ 64 പന്ത് നേരിട്ട് പുറത്താകാതെ 62 റണ്‍സ് സ്വന്തമാക്കി. മൂന്ന് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.