വനിതാ ഏകദിനത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം സ്മൃതി മന്ഥാന. ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് തികക്കുന്ന ആദ്യ താരമായിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍. ഐ.സി.സി വനിതാ ഏകദിന ലോകക്കപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്.
മത്സരത്തില്‍ താരം 18 റണ്‍സ് നേടിയതോടെയാണ് മന്ഥാന ഈ നാഴികക്കല്ല് പിന്നിട്ടത്. അടുത്ത പന്തുകളില്‍ ഫോറും സിക്സും അടിച്ചാണ് താരത്തിന്റെ ഈ ചരിത നേട്ടം. ഇന്ന് 17 മത്സരങ്ങളില്‍ നിന്ന് 982 റണ്‍സ് എന്ന നിലയിലാണ് താരം കങ്കാരുക്കള്‍ക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങിയത്.
ടൂര്‍ണമെന്റില്‍ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലെ പ്രകടനത്തോടെ മന്ഥാന വനിത ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരുന്നു. ഓസ്ട്രേലിയന്‍ ഇതിഹാസം ബെലിന്‍ഡ ക്ലാര്‍ക്കിനെ മറികടന്നായിരുന്നു ഈ നേട്ടം. ആ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ 32 പന്തില്‍ 23 റണ്‍സാണ് നേടിയത്.
(താരം – ടീം – മത്സരങ്ങള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
സ്മൃതി മന്ഥാന – ഇന്ത്യ – 18 – 1000 – 2025*
ബെലിന്‍ഡ ക്ലാര്‍ക് – ഓസ്‌ട്രേലിയ – 16 – 970 – 1997
ലോറ വോള്‍വാര്‍ഡ് – സൗത്ത് ആഫ്രിക്ക – 18 – 882 – 2022
ഡെബ്ബി ഹോക്ലി – ന്യൂസിലന്‍ഡ് -16 – 880 – 1997
ആമി സാറ്റെര്‍ത്ത്വൈറ്റ് – ന്യൂസിലാന്‍ഡ് – 15 – 853 – 2016
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടിയിട്ടുണ്ട്. പ്രതിക റാവല്‍ (91 പന്തില്‍ 73*), ഹാര്‍ലിന്‍ ഡിയോള്‍ (11 പന്തില്‍ 13*) എന്നിവരാണ് ക്രീസിലുളളത്.
ചരിത്രം സൃഷ്ടിച്ച മന്ഥാനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 66 പന്തില്‍ 80 റണ്‍സ് എടുത്താണ് താരം മടങ്ങിയത്. മൂന്ന് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സോഫി മോളിനക്‌സാണ് ഇടം കൈയ്യന്‍ ബാറ്ററുടെ വിക്കറ്റെടുത്തത്.
Content Highlight: Smriti Mandhana became first cricketer to complete 1000 runs in Women ODI history