വനിതാ ഏകദിനത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ മഴ മൂലം മത്സരം റദ്ദാക്കിയിരിക്കുകയാണ്. 7.50PM ന് മത്സരം പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സായിരുന്നു നേടിയത്. സ്മൃതി മന്ഥാനയുടേയും പ്രതിക റവാളിന്റേയും തകര്‍പ്പന്‍ പ്രകടനമാണ് ടീമിനെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ചത്. 134 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 122 റണ്‍സ് നേടിയാണ് താരം പുറത്തായത്. അതേസമയം 95 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 109 റണ്‍സ് നേടിയാണ് മന്ഥാനയുടെ താണ്ഡവം.
പുറത്തായെങ്കിലും ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനും മന്ഥാനയ്ക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരം മെഗ് ലാനിങ്ങിനൊപ്പമെത്താനും മന്ഥാനയ്ക്ക് സാധിച്ചു. 17 സെഞ്ച്വറികളാണ് ഇരുവരും സ്വന്തമാക്കിയത്. മാത്രമല്ല ഏകദിനത്തില്‍ തന്റെ 14ാം സെഞ്ച്വറിയാണ് മന്ഥാന കുറിച്ചത്.
ഇതിന് പിറകെ വനിതാ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാന്‍ പ്രതിക റവാളിനും സാധിച്ചിരുന്നു. ഈ നേട്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരം ലിന്‍സെ റീലര്‍ക്കൊപ്പമെത്താനും പ്രതികയ്ക്ക് കഴിഞ്ഞു. അതേസമയം ന്യൂസിലാന്‍ഡിന് വേണ്ടി അമേലിയ കെറും സൂസി ബേറ്റ്‌സുമാണ് വിക്കറ്റ് നേടിയത്.