ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് ചരിത്രമെഴുതി ഇന്ത്യ; ലോകകപ്പിന് മുമ്പ് ഒരു വലിയ സിഗ്നല്‍ തന്നിട്ടുണ്ട്
Sports News
ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് ചരിത്രമെഴുതി ഇന്ത്യ; ലോകകപ്പിന് മുമ്പ് ഒരു വലിയ സിഗ്നല്‍ തന്നിട്ടുണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th September 2025, 6:19 pm

ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടത്തിന്റെ ആവേശത്തിനിടെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റി ഇന്ത്യന്‍ വനിതകള്‍. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തിലാണ് ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത്.

മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 282 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആതിഥേയര്‍ ഓസ്‌ട്രേലിയക്ക് മുമ്പില്‍ ഉയര്‍ത്തിയിരിക്കുന്നത്. ടോപ് ഓര്‍ഡറിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

പ്രതീക റാവല്‍, സ്മൃതി മന്ഥാന, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇതാദ്യമായാണ് വനിതാ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ആദ്യ മൂന്ന് താരങ്ങള്‍ ഒറ്റ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടുന്നത്.

പ്രതീക റാവല്‍ 96 പന്ത് നേരിട്ട് 64 റണ്‍സ് നേടി. മന്ഥാന 63 പന്തില്‍ നിന്നും ആറ് ഫോറും രണ്ട് സിക്‌സറും അടക്കം 58 റണ്‍സടിച്ചപ്പോള്‍ 57 പന്തില്‍ 54 റണ്‍സാണ് ഹര്‍ലീന്‍ ഡിയോള്‍ തന്റെ പേരിന് നേരെ കുറിച്ചത്.

20 പന്തില്‍ 25 റണ്‍സ് നേടിയ റിച്ച ഘോഷ്, 16 പന്തില്‍ പുറത്താകാതെ 20 റണ്‍സ് സ്വന്തമാക്കിയ ദീപ്തി ശര്‍മ എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 281ലെത്തി.

ഓസ്‌ട്രേലിയക്കായി മേഗന്‍ ഷട്ട് രണ്ട് വിക്കറ്റ് നേടി. അലാന കിങ് അന്നബെല്‍ സതര്‍ലന്‍ഡ്, കിം ഗാര്‍ത്, താലിയ മഗ്രാത് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

സ്വന്തം മണ്ണില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിന് മുമ്പ് കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പര ഇന്ത്യയെ സംബന്ധിച്ച് തങ്ങളുടെ ശക്തി തെളിയിക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അവസരമൊരുക്കുന്നതാണ്.

2025 വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ്, ശ്രീ ചാരിണി, യാഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), സ്നേഹ് റാണ.

 

Content Highlight: Smrithi Mandhana, Prathika Rawal and Harleen Deol scored half century against Australia