ഇന്ത്യന്‍ വനികളുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ സന്ദര്‍ശകര്‍ വിജയം പിടിച്ചടക്കിയിരിക്കുകയാണ്. സതാംപ്ടണിലെ ദി ഏയ്ഞ്ചല്‍സ് ബൗളില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 259 റണ്‍സിന്റെ വിജയലക്ഷ്യം പത്ത് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ദീപ്തി ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.
ഓപ്പണര്‍മാരായ പ്രതീക റാവലും സ്മൃതി മന്ഥാനും അടിത്തറയിട്ട ഇന്നിങ്‌സ് പിന്നാലെ വന്നവര്‍ കെട്ടിപ്പൊക്കുകയായിരുന്നു. മന്ഥാന 24 പന്തില്‍ 28 റണ്‍സും റാവല്‍ 51 പന്തില്‍ 36 റണ്‍സും നേടി. ഇതിനൊപ്പം ഏകദിനത്തില്‍ ഇരുവരും ചേര്‍ന്ന് 1,000 റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു.
വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്കായി 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത് പെയര്‍ എന്ന നേട്ടവും ഇരുവരും ചേര്‍ന്ന് സ്വന്തമാക്കി.
എന്നാല്‍ ഇതിനേക്കാള്‍ മികച്ച ഒരു റെക്കോഡും ഇരുവരുടെയും പേരില്‍ പിറവിയെടുത്തിരുന്നു. ഏകദിനത്തില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള പെയര്‍ എന്ന റെക്കോഡാണ് (ചുരുങ്ങിയത് 1,000 റണ്‍സ്) ഇവരുടെ പേരില്‍ കുറിക്കപ്പെട്ടത്.
വനിതാ ഏകദിനത്തില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഓപ്പണിങ് ജോഡികള്‍ (ചുരുങ്ങിയത് 1,000 റണ്‍സ്)
(താരങ്ങള്‍ – ടീം – ശരാശരി എന്നീ ക്രമത്തില്‍)
സ്മൃതി മന്ഥാന & പ്രതീക റാവല്‍ – ഇന്ത്യ – 84.6*
കാരോലിന്‍ ആറ്റ്കിന്‍സ് & സാറ ടെയ്‌ലര്‍ – ഇംഗ്ലണ്ട് – 68.8
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് സോഫിയ ഡങ്ക്ലിയുടെ പ്രകടനത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 92 പന്ത് നേരിട്ട താരം ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 83 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ അലിസ് ഡേവിഡ്സണ്‍-റിച്ചാര്‍ഡ്സും ഇംഗ്ലണ്ടിനായി തിളങ്ങി. 73 പന്തില്‍ 53 റണ്‍സാണ് അലിസ് അടിച്ചെടുത്തത്.
41 റണ്‍സടിച്ച ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ടും 39 റണ്‍സ് സ്വന്തമാക്കിയ എമ്മ ലാംബുമാണ് ആതിഥേയര്‍ക്കായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 258ലെത്തി.
ഇന്ത്യയ്ക്കായി സ്നേഹ് റാണയും ക്രാന്തി ഗൗഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ എന്‍. ചാരിണിയും അമന്‍ജോത് കൗറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എല്ലാ താരങ്ങളുടെയും പിന്‍ബലത്തിലാണ് വിജയലക്ഷ്യം മറികടന്നത്. ദീപ്തി ശര്‍മ 64 പന്ത് നേരിട്ട് പുറത്താകാതെ 62 റണ്‍സ് സ്വന്തമാക്കി. മൂന്ന് ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.