പാകിസ്ഥാനിലും നടരാജവിഗ്രഹമോ? ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയായി ധുരന്ധറിലെ മിസ്‌റ്റേക്ക്?
Indian Cinema
പാകിസ്ഥാനിലും നടരാജവിഗ്രഹമോ? ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയായി ധുരന്ധറിലെ മിസ്‌റ്റേക്ക്?
അമര്‍നാഥ് എം.
Thursday, 5th February 2026, 4:00 pm

തിയേറ്ററിലെന്നപോലെ ഒ.ടി.ടിയിലും ഗംഭീര വരവേല്പാണ് ധുരന്ധറിന് ലഭിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. പാകിസ്ഥാനിലെ അധോലോകത്തില്‍ നുഴഞ്ഞുകയറി അവരുടെ നീക്കങ്ങള്‍ ഇന്ത്യയെ അറിയിക്കുന്ന ചാരന്റെ കഥയാണ് ധുരന്ധര്‍ പറയുന്നത്.

ധുരന്ധര്‍ Photo: IMDB

എന്നാല്‍ ചിത്രത്തില്‍ ആരും ശ്രദ്ധിക്കാത്ത ഒരു മിസ്റ്റേക്ക് ഉണ്ടെന്ന് പറയുന്ന പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍. ‘ഗെഹ്‌രാ ഹുവാ’ എന്ന ഗാനരംഗത്തില്‍ സാറ അര്‍ജുനും രണ്‍വീറും ഷോപ്പിങ് മാളിലൂടെ നടക്കുന്നതിനിടയില്‍ ഒരു ഷോപ്പില്‍ നടരാജ വിഗ്രഹം കാണിക്കുന്നുണ്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഷിറ്റിയര്‍ മലയാളം മൂവീ ഡീറ്റെയില്‍സ് എന്ന പേജാണ് പോസ്റ്റ് പങ്കുവെച്ചത്.

എന്നാല്‍ പോസ്റ്റിന് മറുപടിയുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനില്‍ മുസ്‌ലിങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് ഹിന്ദുക്കളാണെന്നുള്ള കമന്റുകളാണ് കൂടുതലും. മൊത്തം ജനസംഖ്യയുടെ നാല് മുതല്‍ അഞ്ച് ശതമാനം വരെ ഹിന്ദുക്കളാണെന്നും അവരുടെ ആഘോഷങ്ങളും പാകിസ്ഥാനില്‍ പലയിടത്തും നടക്കാറുണ്ടെന്നും കമന്റുകളുണ്ട്.

ധുരന്ധര്‍ Photo: Screen grab/ Saregama

പാകിസ്ഥാനില്‍ ധാരാളം അമ്പലങ്ങളും ക്രിസ്ത്യന്‍ പള്ളികളും ഉണ്ടെന്നും മുന്‍ പാക് താരം ഡാനിഷ് കനേരിയ ഹിന്ദുവായിരുന്നെന്നും കമന്റ് ബോക്‌സ് ഓര്‍മപ്പെടുത്തി. പാകിസ്ഥാന്‍ എന്നുപറഞ്ഞാല്‍ മുസ്‌ലിങ്ങള്‍ മാത്രം താമസിക്കുന്ന രാജ്യമല്ലെന്നും അവിടെ മറ്റ് മതക്കാരുമുണ്ടെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യപകുതിയില്‍ കാണിക്കുന്ന പബ്ബ് സീനിനെതിരെയും വിമര്‍ശനങ്ങളുണ്ട്.

2007-08 കാലഘട്ടത്തില്‍ പാകിസ്ഥാനില്‍ പബ്ബുകളുണ്ടായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ അതേ രംഗത്തില്‍ തന്നെ രണ്‍വീറിന്റെ കഥാപാത്രം എസ്.പിയോട് ‘വമ്പന്‍ സ്രാവുകളുടെ മക്കള്‍ പബ്ബില്‍ അടിച്ചുപൊളിക്കുകയാണ്’ എന്ന് മെസേജയക്കുന്നുണ്ട്. കാശുള്ളവര്‍ക്ക് വേണ്ടി മാത്രം അത്തരം പബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഇന്‍ഡയറക്ടറായി സംവിധായകന്‍ പറയുകയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ധുരന്ധര്‍ Photo: Screen grab/ Saregama

2007-2012 കാലഘട്ടത്തിലെ കഥയില്‍ പുതിയ മോഡല്‍ ബെന്‍സും മസ്താങ് കാറുമെല്ലാം കാണിക്കുന്നുണ്ടെന്നും സ്‌റ്റൈലിന് വേണ്ടി സംവിധായകന്‍ ഒരുക്കിയ കാര്യങ്ങള്‍ തിരിച്ചടിയായെന്നും ചില പോസ്റ്റുകളുണ്ട്. കഥ നടക്കുന്ന കാലഘട്ടവുമായി യാതൊരു ബന്ധവുമില്ലാത്ത വാഹനങ്ങള്‍ കാണിക്കുന്നതിന്റെ അവസാന ഉദാഹരണമെന്നാണ് ധുരന്ധറിനെ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ ഈ മിസ്റ്റേക്കുകളൊന്നും ചിത്രത്തിന്റെ കഥയെ ബാധിച്ചിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. മൂന്നര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രം ഒരിടത്തും പ്രേക്ഷകരെ മടുപ്പിക്കുന്നില്ലെന്നും സംവിധായകന്റെയും അഭിനേതാക്കളുടെയും വിജയമാണിതെന്നും പറഞ്ഞുകൊണ്ട് സിനിമാപ്രേമികള്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്.

ധുരന്ധര്‍ Photo: Netflix

ബോക്‌സ് ഓഫീസിലെ വിജയത്തിനും ഒ.ടി.ടിയിലെ വരവേല്പിനുമിടയില്‍ ധുരന്ധര്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന പ്രൊപ്പഗണ്ടകളും വിമര്‍ശിക്കപ്പെടുന്നുണ്ട്. മാധവന്‍ അവതരിപ്പിച്ച അജിത് സാന്യല്‍ എന്ന കഥാപാത്രം ബി.ജെ.പി സര്‍ക്കാരിനെ വെളുപ്പിച്ചുകൊണ്ട് പറയുന്ന ഡയലോഗുകള്‍ വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്.

Content Highlight: Small mistake in Dhurandhar movie viral in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം