ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് തുടരെത്തുടരെ ദുഃഖവാര്‍ത്തകള്‍; ആദ്യം ഉടമ അറസ്റ്റില്‍; ഇപ്പോള്‍ സൂപ്പര്‍താരം ടീം വിടുന്നു
ISL
ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് തുടരെത്തുടരെ ദുഃഖവാര്‍ത്തകള്‍; ആദ്യം ഉടമ അറസ്റ്റില്‍; ഇപ്പോള്‍ സൂപ്പര്‍താരം ടീം വിടുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th July 2019, 5:58 pm

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഒരേ ദിവസം രണ്ടു ദുഃഖവാര്‍ത്തകള്‍. ആദ്യവാര്‍ത്ത ടീം ഉടമയെ അഴിമതിക്കേസില്‍ സെര്‍ബിയയില്‍ അറസ്റ്റ് ചെയ്തതായിരുന്നെങ്കില്‍, രണ്ടാമത്തേത് ഒരു സൂപ്പര്‍താരം ടീം വിടുന്നതാണ്.

മറ്റേജ് പോപ്ലാറ്റ്‌നിക്കാണ് ക്ലബ്ബ് വിടുന്നത്. ബ്ലാസ്റ്റേഴ്‌സിനായി മാത്രമല്ല, ഐ.എസ്.എല്ലിനോടും താരം വിടപറയുകയാണ്.

ഹംഗേറിയന്‍ ക്ലബ്ബായ കപോസ്വരി റാകോസിയാണ് താരത്തെ കരാറിലെടുത്തിരിക്കുന്നത്. വായ്പാടിസ്ഥാനത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് താരത്തെ വിട്ടുനല്‍കിയിരിക്കുന്നത്. ഒരുവര്‍ഷത്തേക്കാണിത്.

സ്ലൊവേനിയന്‍ താരമായ പോപ്ലാറ്റ്‌നിക്കിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ബെര്‍ബറ്റോവിനു പകരക്കാരനായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെടുത്തത്. എന്നാല്‍ ടീമിനുവേണ്ടി പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല.

കഴിഞ്ഞ സീസണില്‍ നാല് ഗോളുകള്‍ മാത്രമാണ് പോപ്ലാറ്റ്‌നിക് നേടിയത്. നിര്‍ണായക മത്സരങ്ങളിലാകട്ടെ, മികച്ച പ്രകടനം പുറത്തുവന്നുമില്ല. ഈ സാഹചര്യത്തിലാണ് താരത്തെ താത്കാലികമായി ഒഴിവാക്കാനുള്ള ടീമിന്റെ തീരുമാനം.

ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നതിനു മുന്‍പ് സ്ലൊവേനിയന്‍ ക്ലബ്ബായ ട്രിഗ്ലാവിനു വേണ്ടിയായിരുന്നു പോപ്ലാറ്റ്‌നിക് കളത്തിലിറങ്ങിയത്. സ്ലൊവേനിയന്‍ ലീഗിലെ മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവെച്ച താരം, ടീമിനു വേണ്ടി രണ്ട് സീസണുകളിലായി നാല്‍പ്പതിലധികം ഗോളുകള്‍ നേടി.

കഴിഞ്ഞദിവസം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിര താരം ലാകിച്ച് പെസിച്ച് ക്ലബ്ബ് വിടുന്നതായി വ്യക്തമാക്കിയിരുന്നു. രണ്ടുവര്‍ഷക്കാലത്തെ ബ്ലാസ്റ്റേഴ്‌സ് ജീവിതം അവസാനിപ്പിച്ചായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ തീരുമാനം.

ഐ.എസ്.എല്ലിന്റെ കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ കാര്യമായ വിള്ളല്‍ വീഴ്ത്താതിരിക്കാന്‍ പെസിച്ച് ശ്രദ്ധിച്ചിരുന്നു. രണ്ട് സീസണുകളിലായി 28 മത്സരങ്ങളില്‍ കളിച്ചു.

അതിനിടെയാണ് ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഉടമയും പ്രമുഖ വ്യവസായിയുമായ നിമ്മഗഡ്ഡ പ്രസാദ് സെര്‍ബിയയില്‍ അറസ്റ്റിലായത്.

സെര്‍ബിയയിലുള്ള പ്രസാദ് കഴിഞ്ഞ രണ്ടുദിവസമായി അവിടെ കസ്റ്റഡിയിലാണ്. വാന്‍പിക്ക് അഴിമതിയുമായി ബന്ധപ്പെട്ട് ബെല്‍ഗ്രേഡ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

വാന്‍പിക് പദ്ധതിയുടെ തട്ടിപ്പിനെക്കുറിച്ച് യു.എ.ഇയിലെ റാസല്‍ഖൈമയില്‍ നിന്നാണ് പൊലീസിനു വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

റാസല്‍ഖൈമയുമായി ചേര്‍ന്ന പ്രസാദ് വോഡരേവ്-നിസാം പട്ടണം തുറമുഖ വ്യവസായ ഇടനാഴി പദ്ധതി (വാന്‍പിക്) ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു അഴിമതിയാരോപണം.

പദ്ധതിക്കായി അന്നത്തെ സര്‍ക്കാര്‍ നല്‍കിയ 24,000 ഏക്കറോളം ഭൂമി ചട്ടങ്ങള്‍ ലംഘിച്ചാണെന്ന പരാതിയായിരുന്നു ഉയര്‍ന്നതും തുടര്‍ന്ന് കേസായതും.

സെര്‍ബിയയില്‍ വിനോദസഞ്ചാരത്തിനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. എന്നാല്‍ പ്രസാദിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നോണം ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചുകഴിഞ്ഞു.

മുന്‍പ് ഇതേ അഴിമതിയുമായി ബന്ധപ്പെട്ട് വൈ.എസ് രാജശേഖര റെഡ്ഢി സര്‍ക്കാരിന്റെ കാലത്ത് വൈ.എസ് ജഗന്മോഹന്‍ റെഡ്ഢിയുടെ പേരും പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയായ ജഗനാണ് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ ഉടമയായ നിമ്മഗഡ്ഡ പ്രസാദ് ബെംഗളൂരു ബ്ലാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടീമിന്റെയും ഉടമസ്ഥനാണ്. പ്രൊ കബഡി ലീഗില്‍ തമിഴ് തലൈവാസിലും പ്രസാദിന് പങ്കാളിത്തമുണ്ട്.