Kerala
വഖഫ് ബോര്‍ഡ്; യു.ഡി.എഫ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത് ആരുടെ താത്പര്യമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ്
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റ ഹരജിയില്‍ ആവശ്യപ്പെടുന്നത് പ്രകാരം വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാമെന്ന് കോടതിയില്‍ സമ്മതിച്ച യു.ഡി.എഫ് സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. സര്‍ക്കാരിന്റെ ഈ നീക്കം ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
നിലവിലുള്ള വഖഫ് ബോര്‍ഡിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ വന്ന ഹരജികള്‍ രാഷ്ട്രീയ പ്രേരിതമാണ്. അക്കാര്യം ഹരജിക്കാര്‍ ആരാണെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ ഈ ഹര്‍ജിക്കാര്‍ക്ക് കുട പിടിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നതെന്ന് സത്താര്‍ പന്തല്ലൂര്‍ ചോദിച്ചു.
ദൈവപ്രീതി മാത്രം ലക്ഷ്യം വെച്ച് ഇസ്‌ലാം മത വിശ്വാസികള്‍ ദാനം ചെയ്യുന്നതാണ് വഖഫ് സ്വത്ത്.അത് സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള സര്‍ക്കാര്‍ സംവിധാനമാണ് വഖഫ് ബോര്‍ഡ്. നിലവിലുള്ള വഖഫ് ബോര്‍ഡിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ ഹര്‍ജികളുമായി വന്ന നാല് കക്ഷികളും ഇതുമായി ബന്ധപ്പെട്ടവരല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണന്നതില്‍ തര്‍ക്കവുമില്ല. ആരാണ് ഹര്‍ജിക്കാരെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. എന്നാല്‍ ഈ ഹര്‍ജിക്കാര്‍ക്ക് കുട പിടിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നത്? ഈ നീക്കം ആരുടെ താത്പര്യം സംരക്ഷിക്കാനാണ്?,’ എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചതിനെ സി.പി.എം സംസ്ഥാന സമിതി ഇന്നലെ (ജൂലൈ 16-വ്യാഴം) വിമര്‍ശിച്ചിരുന്നു. അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാര്‍ അജണ്ട തെളിഞ്ഞുകാണുകയാണെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തിയിരുന്നു.
ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയ്ക്കനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊള്ളാമെന്ന് ഹൈക്കോടതിയില്‍ നിലപാടെടുത്ത യു.ഡി.എഫ് സര്‍ക്കാര്‍, ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികള്‍ ഈ നിലപാട് അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് എന്താണെന്ന് ലീഗ് അടക്കമുള്ളവര്‍ ജനങ്ങളോട് തുറന്നുപറയാന്‍ തയ്യാറാകണം. ലീഗിനെ പിന്തുണയ്ക്കുന്ന സാമുദായിക സംഘടനകളും ഈ വിഷയത്തില്‍ അഭിപ്രായം പറയേണ്ടതുണ്ടെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി നേതാവിന്റെ ഹരജിയോട് സര്‍ക്കാര്‍ യോജിക്കുന്നുണ്ടോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന്, യാതൊരു സംശയവുമില്ലാതെ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നു എന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ മറുപടി നല്‍കിയത്. നേരത്തെ ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തിലും ഇപ്പോള്‍ പുറത്തുവരുന്നതെന്ന് വ്യക്തമാണെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറയുന്നു.
Content Highlight: SKSSF Leader criticized the government over the reorganization of the Waqf Board.
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.