| Saturday, 3rd May 2025, 8:36 am

തുടരും; പിന്മാറിയത് ആറ് ഹിറ്റ് മേക്കേഴ്‌സ് സംവിധായകര്‍: രഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഓരോന്നായി ഭേദിച്ച് മുന്നേറുകയാണ് തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ തുടരും. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വലിയ ഹിറ്റായി തുടരും മാറിക്കഴിഞ്ഞു.

കെ.ആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്ന് എഴുതിയ തിരക്കഥ തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. തുടരും എന്ന ചിത്രം പല സംവിധായകരിലൂടെ കടന്നുപോയതാണെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് രജപുത്ര രഞ്ജിത്.

മലയാളത്തിലെ പ്രഗത്ഭരായ പല സംവിധായകരും കഥ കേട്ടെങ്കിലും പലര്‍ക്കും കഥാഗതിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്ന് രഞ്ജിത് പറയുന്നു. കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ. ആര്‍ സുനിലിന്റെ സുഹൃത്തായ ഗോകുല്‍ ദാസ് സംവിധാനം ചെയ്യുന്ന രീതിയിലായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നതെന്നും എന്നാല്‍ മോഹന്‍ലാല്‍ എന്ന നടനെ വെച്ച് ഈ സിനിമ ചെയ്യാനുള്ള ധൈര്യം ഇല്ലെന്ന് അദ്ദേഹം തന്നെ പറയുകയായിരുന്നെന്നും രഞ്ജിത് പറയുന്നു.

മലയാളത്തിലെ പ്രശസ്തരായ പല സംവിധായകരും, ഹിറ്റ് മേക്കേഴ്‌സ് ഒക്കെയാണ് ഇതിനിടെ വന്ന് പോയത്. ആറ് പേരോണം വന്നു. അവസാനം വരെ വന്നുപോയ പല പല ആളുകളുണ്ട്.

അവര്‍ക്ക് പലര്‍ക്കും പല പല കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റിയില്ല. പക്ഷേ ഞങ്ങള്‍ ആരും തമ്മില്‍ പിണങ്ങിയിട്ടൊന്നുമില്ല. കഥയിലുള്ള ചില മാറ്റങ്ങള്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല, ചില ഇമോഷന്‍.

എന്റെ മനസില്‍ ഏറ്റവും ആദ്യം കയറിയ കാര്യം ഇതിന്റെ ഇമോഷനാണ്. അത് കട്ട് ചെയ്യാന്‍ എന്തുണ്ടായാലും ഞാന്‍ സമ്മതിക്കില്ല. മോഹന്‍ലാലിന്റെ ഇമോഷന്റെ കാര്യം പറയുമ്പോള്‍ തന്മാത്രയും കിരീടവുമൊക്കെ നമ്മളെ എത്ര അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഈ സിനിമയിലും അങ്ങനെ ഒരു പെര്‍ഫോമന്‍സ് ലാലേട്ടന്‍ ചെയ്യുന്നത് മനസില്‍ പതിഞ്ഞുപോയി. എനിക്ക് മാത്രമല്ല സുനിലിനും. സുനിലും എന്റെ കൂടെ നിന്നു. അങ്ങനെ പല പല കാരണങ്ങള്‍ കൊണ്ട് ഇത് മാറിപ്പോയി.

എത്രയോ പ്രാവശ്യം ഇത് ചെയ്യാനുള്ള ഡേറ്റ് വരെ ഫിക്‌സ് ചെയ്തിട്ടും നമ്മള്‍ ചെയ്തില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ സൗദി വെള്ളക്ക എന്ന സിനിമ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഓപ്പറേഷന്‍ ജാവ ഞാന്‍ കണ്ടിട്ടുണ്ട്. അതിന് ശേഷമാണ് സൗദിവെള്ളക്ക.

ഒരു ഉമ്മയെ വെച്ചിട്ട്, ചെറിയ കഥയും വെച്ചിട്ട് ഭയങ്കര ഇമോഷണലായി ഒരു പടം ചെയ്തിരിക്കുന്നു. അത് എഴുതിയിരിക്കുന്നതും പുള്ളിയാണ്. സുനിലാണെങ്കില്‍ എഴുത്തില്‍ ഒരാള്‍ കൂടി വന്നാലും പരാതിയില്ലാത്ത ആളാണ്.

സുനിലേ നമുക്ക് തരുണിന്റെ അകത്ത് പോയാലോ എന്ന് ചോദിച്ചു. തരുണിനോട് കഥ പറയുമ്പോള്‍ സുനില്‍ ഇല്ല. അങ്ങനെ തരുണും അസിസ്റ്റന്റുമായി ഓഫീസില്‍ വന്നു. അവിടെ വെച്ചാണ് പറയുന്നത്. അപ്പോള്‍തന്നെ തരുണ്‍ അതില്‍ വീണു.

ചേട്ടാ ഇതിനകത്ത് ഒരു കഥയുണ്ട്, ഇത് നമുക്ക് ഓക്കെയാണ് എന്ന് പറഞ്ഞു. എനിക്ക് ഇതിനകത്ത് ആവശ്യമുള്ള ചിലതുണ്ട്. ഞാന്‍ ഒന്നും ഡിമാന്റ് ചെയ്യുന്നില്ല.

തരുണിന്റെ മനസില്‍ ഇഷ്ടമുള്ള തരത്തില്‍ കണ്‍സീവ് ചെയ്യുക എന്ന് പറഞ്ഞു. അങ്ങനെ തരുണും സുനിലുമായി ഡിസ്‌കസ് ചെയ്തു. ഒരു മൂന്നാമത്തെ തവണയാണ് ഇന്ന് നമ്മള്‍ എല്ലാവരും കാണുന്ന ഈ ഒരു തുടരും എന്ന സിനിമ പൂര്‍ണമാകുന്നത്. അവിടെയാണ് അതിന്റെ ക്ലൈമാക്‌സ്,’ രഞ്ജിത് പറയുന്നു.

Content Highlight: Six hit makers directors reject thudarum movie says producer Renjith

We use cookies to give you the best possible experience. Learn more