ക്യാമറക്ക് പിന്നില്‍ നിന്ന ആറ് സംവിധായകരെ അഭിനയിപ്പിച്ച സര്‍വം മായ, അനാര്‍ക്കലിയുടെ റെക്കോഡ് ഇനി പഴങ്കഥ
Malayalam Cinema
ക്യാമറക്ക് പിന്നില്‍ നിന്ന ആറ് സംവിധായകരെ അഭിനയിപ്പിച്ച സര്‍വം മായ, അനാര്‍ക്കലിയുടെ റെക്കോഡ് ഇനി പഴങ്കഥ
അമര്‍നാഥ് എം.
Tuesday, 6th January 2026, 3:24 pm

100 കോടിയുടെ മധുരത്തിളക്കവുമായി മുന്നേറുകയാണ് നിവിന്‍ പോളി നായകനായ സര്‍വം മായ. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ആറ് വര്‍ഷത്തിന് ശേഷം നിവിന്റെ ഗംഭീര തിരിച്ചുവരവായാണ് സര്‍വം മായയെ കണക്കാക്കുന്നത്. ഫീല്‍ ഗുഡ് ഹൊറര്‍ ഴോണറിലൊരുങ്ങിയ സര്‍വം മായയിലെ ഒരു പ്രത്യേകതയാണ് സോഷ്യല്‍ മീഡിയയിലൈ ചര്‍ച്ച.

രഘുനാഥ് പലേരി, മധു വാര്യര്‍ Phot: Meghna Ravindran/ Facebook

ചിത്രത്തില്‍ ആറ് സംവിധായകര്‍ അണിനിരന്നിട്ടുണ്ടെന്നാണ് പുതിയ കണ്ടുപിടിത്തം. ചെറുതും വലുതുമായ കഥാപാത്രങ്ങളെയാണ് ഈ ആറ് സംവിധായകര്‍ അവതരിപ്പിച്ചത്. നിവിന്‍ പോളിയുടെ അച്ഛനായി വേഷമിട്ടത് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരിയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തനുള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച രഘുനാഥ് പലേരി ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

ഇടക്കിടെ വന്ന് പ്രേക്ഷകരെ ചിരിപ്പിച്ച ഡെലിവറി ബോയ്‌യുടെ വേഷം കൈകാര്യം ചെയ്തത് അല്‍ത്താഫ് സലീമാണ്. പ്രേമത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന അല്‍ത്താഫ് സലിം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് സംവിധായക കുപ്പായമണിഞ്ഞത്. ഫഹദിനെ നായകനാക്കി ഓടും കുതിര ചാടും കുതിര എന്ന ചിത്രം ഒരുക്കിയതും അല്‍ത്താഫാണ്.

ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം Photo: Meghna Ravindran/ Facebook

നിവിന്‍ അവതരിപ്പിച്ച പ്രഭേന്ദുവിനെ സിനിമാക്കാര്‍ക്ക് പരിചയപ്പെടുത്തിയ ഫൈസലായി വേഷമിട്ടത് മറ്റൊരു സംവിധായകനാണ്. ദേശീയ അവാര്‍ഡ് നേടിയ ആട്ടം എന്ന ചിത്രം അണിയിച്ചൊരുക്കിയ ആനന്ദ് ഏകര്‍ഷിയാണ് ഫൈസലിനെ അവതരിപ്പിച്ചത്. ചുരുക്കം സീനുകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിക്കാന്‍ ആനന്ദിന് സാധിച്ചിട്ടുണ്ട്.

പ്രഭേന്ദുവിന്റെ സഹോദരനായി വേഷമിട്ട മധു വാര്യറും സംവിധാനത്തില്‍ ഒരു കൈ നോക്കിയിട്ടുണ്ട്. മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ അഭിനയിച്ച ലളിതം സുന്ദരം മധു വാര്യറുടെ ആദ്യ സംവിധാന സംരംഭമായിരുന്നു. ഒരൊറ്റ സീനില്‍ മാത്രം വന്നുപോയ സൈക്കോളജിസ്റ്റ് റാഫേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനായിരുന്നു.

അല്‍ഫോണ്‍സ് പുത്രനെപ്പോലെ ഒറ്റ സീനില്‍ മാത്രം വന്നുപോയ കഥാപാത്രമാണ് ശ്രീകാന്ത് മുരളി അവതരിപ്പിച്ച ജ്യോത്സ്യന്‍ കൃഷ്ണന്‍ പണിക്കര്‍. പ്രിയദര്‍ശന്‍, കെ.ജി. ജോര്‍ജ് തുടങ്ങിയവരുടെ സഹായിയായി വേഷമിട്ട ശ്രീകാന്ത് മുരളി എബി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. സംവിധാനത്തിന് പുറമെ നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ശ്രീകാന്ത് കൈകാര്യം ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ ഇതിന് മുമ്പ് ഇത്തരത്തില്‍ നിരവധി സംവിധായകര്‍ ഒന്നിച്ച ചിത്രം അനാര്‍ക്കലിയാണ്. സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് അടക്കം അഞ്ച് സംവിധായകരാണ് അണിനിരന്നത്. രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, മധുപാല്‍, മേജര്‍ രവി എന്നിവരാണ് മറ്റ് സംവിധായകര്‍.

ആഷിക് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബിലും അഞ്ച് സംവിധായകര്‍ അണിനിരന്നിട്ടുണ്ട്. ദിലീഷ് പോത്തന്‍, വിനീത് കുമാര്‍, അനുരാഗ് കശ്യപ്, റാഫി, സെന്ന ഹെഗ്‌ഡേ എന്നിവരായിരുന്നു റൈഫിള്‍ ക്ലബ്ബില്‍ പ്രത്യക്ഷപ്പെട്ട സംവിധായകര്‍. ഇപ്പോഴിതാ സര്‍വം മായയിലെ ‘ഡയറക്ടര്‍ ബ്രില്യന്‍സ്’ പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Content Highlight: Six directors acted in Sarvam Maya movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം