തമിഴകത്ത് മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് ശിവകാർത്തികേയൻ. ‘പരാശക്തി’യാണ് ശിവകാർത്തികേയന്റേതായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം വൻ ഹൈപ്പോടെയാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല. ചിത്രത്തിന്റെ കഥ പോരായിരുന്നുവെന്നായിരുന്നു സിനിമ കണ്ടവരിൽ നിന്ന് ഉയർന്ന പ്രധാന വിമർശനം.
ശിവകാർത്തികേയന്റെ പ്രകടനത്തെ അഭിനന്ദിച്ചും നിരവധി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. മലയാളി താരം ബേസിൽ ജോസഫും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു.
ഇപ്പോൾ ‘തായ് കിഴവി’ പ്രീ-ഇവന്റിൽ സംസാരിക്കവെ ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ സിനിമ മേഖലയിലേക്ക് വന്നത് ആരോടും മത്സരിക്കാനോ മറ്റൊന്നിനുമല്ല, നല്ല സിനിമകൾ ഇൻഡസ്ട്രിക്ക് നൽകണമെന്ന ആഗ്രഹത്തോടെയാണെന്ന് താരം പറഞ്ഞു.
‘എന്നെ വളർത്തിയെടുത്ത ഇൻഡസ്ട്രിക്ക് എനിക്ക് എന്തെങ്കിലും തിരിച്ചു കൊടുക്കണമെന്ന ആഗ്രഹത്തോടെയാണ് ഞാൻ ഇത്തരം സിനിമകൾ ചെയ്യുന്നത്. ഞാൻ ഇവിടെ ആർക്കും ഒരു ഭീഷണിയോ, ആരെയെങ്കിലും മറികടക്കാനോ, ആരെയും ആക്രമിക്കാനോ വന്നതല്ല. എനിക്ക് കിട്ടിയ ജീവിതം ഞാൻ ഇൻഡസ്ട്രിക്ക് വേണ്ടി നൽകുകയാണ്. അതിന് എന്നെ അനുവദിക്കണം. ഞാൻ ഇതുവരെ റീമേക്ക് സിനിമകൾ ചെയ്തിട്ടില്ല. കഥ കേട്ടിട്ടാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. എന്റെ സിനിമയുടെ വിജയത്തിനും പരാജയത്തിനും ഞാൻ തന്നെയാണ് ഉത്തരവാദി എന്ന് കരുതുന്നു.
ഒരു കഥ കേൾക്കുമ്പോൾ എന്റെ ഉള്ളിലെ നെഗറ്റീവ് കാര്യങ്ങൾ എല്ലാം പോസിറ്റീവ് ആക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ആളുകൾ എപ്പോഴും എനിക്ക് സപ്പോർട്ടായി നിന്നിട്ടുണ്ട്. എന്നാൽ ഇൻഡസ്ട്രിയിലുള്ള ചിലരാണ് എന്നെ പിന്തുണയ്ക്കാത്തത് അവരാണ് എപ്പോളും തടസങ്ങൾ ഉണ്ടാക്കുന്നത് അതെല്ലാം മറികടന്ന് വരാനും ഞാൻ റെഡി,’ ശിവകാർത്തികേയൻ പറഞ്ഞു.
താരത്തിന്റെ ഈ തുറന്നുപറച്ചിലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ശക്തമായിരിക്കുകയാണ്. ‘പരാശക്തി’ പരാജയപ്പെട്ടതിന് പിന്നാലെ, വിജയ് യുടെ ‘ജനനായകനു’മായുള്ള ചർച്ചകളും അന്ന് ഉയർന്നിരുന്നു.
ശിവകാർത്തികേയൻ നടത്തിയ പരാമർശങ്ങൾ വിജയ് യെ ഉദ്ദേശിച്ചാണോയെന്ന തരത്തിലുള്ള സംശയങ്ങളും ചിലർ ഉന്നയിക്കുന്നു. ‘പരാശക്തി’യുടെ പരാജയത്തിന് വിജയ് ആരാധകരാണ് കാരണമെന്ന അഭിപ്രായവും ഒരു വിഭാഗം പങ്കുവയ്ക്കുമ്പോൾ, സിനിമയുടെ തിരക്കഥയിലുണ്ടായ കുറവുകളാണ് പരാജയത്തിന് കാരണം എന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ വിലയിരുത്തൽ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.