നെപ്പോട്ടിസം വാഴുന്ന സിനിമാ മേഖലയില്‍ തന്റെ കഠിനാധ്വനത്തിലൂടെ തമിഴ് ഫിലിം ഇന്‍സ്ട്രിയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ശിവകാര്‍ത്തികേയന്‍. ടെലിവിഷന്‍ പരിപാടികളിലും അവാര്‍ഡ് ഷോകളിലും അവതാരകനായി കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ ഇന്ന് തമിഴിലെ മുന്‍നിര അഭിനേതാക്കളില്‍ ഒരാളാണ്. 2012 ല്‍ പുറത്തിറങ്ങിയ മറിന എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരം റെമോ, അമരന്‍, ഡോക്ടര്‍, ഡോണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു.
ശിവകാര്‍ത്തികേയന്‍ കുടുംബത്തോടൊപ്പം. Photo: India Today
അഭിനയത്തിലെ വിജയത്തിന് പിന്നാലെ ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മാണ മേഖലയിലും താരം സജീവമാണ്. ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന തായ് കിഴവിയണ് ബാനറിന് കീഴില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. തമിഴിലെ സീനിയര്‍ താരം രാധിക കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം അമ്പത് കോടിയും പിന്നിട്ട് ബോക്‌സ് ഓഫീസില്‍ മുന്നേറ്റം തുടരുകയാണ്.
പത്ത് കോടി മാത്രം ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയതോടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വിജയാഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ശിവകാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
‘വിവാഹം കഴിഞ്ഞത് മുതല്‍ എന്റെ വീട്ടിലെ വരവ് ചെലവ് കണക്കുകളെല്ലാം നോക്കുന്നത് ആരതിയാണ് (പങ്കാളി). ഇപ്പോഴും എന്റെ അക്കൗണ്ടില്‍ എത്ര രൂപയുണ്ടെന്ന് എനിക്കറിയില്ല. എവിടേക്കെങ്കിലും പോകണമെങ്കില്‍ ടിക്കറ്റിനുള്ള പണം ഞാന്‍ അവളോട് ചോദിച്ച് വാങ്ങിക്കുകയാണ് ചെയ്യാറുള്ളത്. അവളാണ് എല്ലാം നോക്കാറുള്ളത്. ഇല്ലായിരുന്നെങ്കില്‍ എനിക്ക് പ്രൊഡക്ഷന്‍ ചെയ്യാനൊന്നും സാധിക്കുമായിരുന്നില്ല.
ആരതിയെ പോലെ എല്ലാ വീടുകളിലും കിട്ടുന്ന ചെറിയ പൈസ മാറ്റിവെച്ച് കുട്ടികളെ നോക്കുകയും മറ്റ് ചെലവുകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഓരോ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കുമുള്ള ട്രിബ്യൂട്ടാണ് തായ് കിഴവിയെന്ന ഈ സിനിമ,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
ശിവകാര്‍ത്തികേയന്‍ ഭാര്യക്കൊപ്പം. Photo: Hindustan Times
രാധിക ഒഴികെ എടുത്തുപറയാന്‍ വലിയ താരനിരയില്ലാത്ത ചിത്രം കണ്ടന്റിന്റെ ബലത്തിലാണ് ബോക്‌സ് ഓഫീസില്‍ വിജയിച്ചത്. അടുത്തൊന്നും വലിയ റിലീസുകളില്ലാത്തതിനാല്‍ 75 കോടിയെങ്കിലും നേടിയിട്ടേ ചിത്രം കളംവിടുള്ളൂവെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. റൂറല്‍ കോമഡി ഴോണറിലെത്തിയ ചിത്രത്തില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ഡയലോഗുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: Sivakarthikeyan talks about his Wife and Thai Kizhavi movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.