വിജയ് എം.ജി.ആര്‍ ആണെങ്കില്‍ ശിവകാര്‍ത്തികേയന്‍ കരുണാനിധിയാ.... വൈറലായി ട്രോളുകള്‍
തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്ലാഷാണ് പൊങ്കലിന് അരങ്ങേറുന്നത്. വിജയ്‌യുടെ അവസാന ചിത്രം ജന നായകനൊപ്പം ശിവകാര്‍ത്തികേയന്റെ 25ാമത് ചിത്രം പരാശക്തിയും തിയേറ്ററുകളിലെത്തും. തമിഴകം ഇന്നേവരെ കാണാത്ത തീപ്പൊരി ക്ലാഷില്‍ ആര് വിജയിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇരുസിനിമകളെയും ട്രോളുന്ന പോസ്റ്ററുകളും വൈറലായിക്കഴിഞ്ഞു. ജന നായകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ എം.ജി.ആറിനെ ഓര്‍മപ്പെടുത്തുന്ന തരത്തിലായിരുന്നു വിജയ്‌യുടെ ലുക്ക്. കൈയില്‍ ചാട്ടവാറുമായി നില്‍ക്കുന്ന വിജയ് നമ്മ വീട്ടു പിള്ളൈയിലെ എം.ജി.ആറിനെ അനുകരിക്കുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു.

വിജയ്, എം.ജി.ആര്‍ Photo: Pnterest
തമിഴ് ജനതയുടെ അടുത്ത തലൈവനായി വിജയ് മാറാന്‍ സാധ്യതയുണ്ടെന്ന് പറയാതെ പറയുന്നതായിരുന്നു ഈ പോസ്റ്റര്‍. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തുന്ന വിജയ് ശോഭിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ജന നായകനൊപ്പം ക്ലാഷിനെത്തുന്ന പരാശക്തിയും ഒട്ടും പിന്നിലല്ലെന്ന് ഓരോ അപ്‌ഡേറ്റും തെളിയിക്കുന്നുണ്ട്.
ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജനക്കൂട്ടത്തിന് നടുവിലൂടെ നടക്കുന്ന ശിവകാര്‍ത്തികേയന്റെ ലുക്ക് ട്രോളന്മാര്‍ ഏറ്റെടുത്തു. എം.ജി.ആറിനെപ്പോലെ തമിഴ് ജനതയുടെ ശക്തനായ നേതാവായിരുന്ന കരുണാനിധിയെ ഓര്‍മിപ്പിക്കുന്ന ഗെറ്റപ്പായിരുന്നു ശിവകാര്‍ത്തികേയന്റേത്.

ശിവകാര്‍ത്തികേയന്‍, കരുണാനിധി Photo: Sivakarthikeyan Fans club/ X.com
ആദ്യകാല പോരാട്ടങ്ങളുടെ സമയത്ത് കറുത്ത ഷര്‍ട്ടും മഞ്ഞ ഷോളും ധരിച്ചായിരുന്നു കരുണാനിധി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ശിവയുടെ ഗെറ്റപ്പ്. ഇത് വിജയ്‌യും ശിവകാര്‍ത്തികേയനും തമ്മിലുള്ള ക്ലാഷല്ല, എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള ക്ലാഷാണെന്ന തരത്തില്‍ ട്രോളുകള്‍ ഉയരുന്നുണ്ട്.

പരാശക്തിയുടെ സഹ നിര്‍മാതാക്കള്‍ റെഡ് ജയന്റ്‌സാണ്. തമിഴ്‌നാട് ഭരിക്കുന്ന ഡി.എം.കെയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയാണിത്. ഡി.എം.കെയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വിജയ്‌ക്കെതിരെയുള്ള രാഷ്ട്രീയ നീക്കമാണ് പരാശക്തിയുടെ റിലീസെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇരുസിനിമകളും കൊമ്പുകോര്‍ക്കുമ്പോള്‍ ആരാകും വിജയമധുരം നുണയുക എന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
Content Highlight: Sivakarthikeyan’s getup in Parasakthi getting trolls