ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായം: സ്വാമി സച്ചിദാനന്ദ
Kerala
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായം: സ്വാമി സച്ചിദാനന്ദ
ശ്രീലക്ഷ്മി എ.വി.
Thursday, 1st January 2026, 6:41 pm

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കേരളത്തില്‍ ഇന്നും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടരുകയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

അന്ധവിശ്വാസങ്ങൾക്കെതിരെയും മാമൂലുകൾക്കെതിരെയും ഉണർന്നു പ്രവർത്തിക്കണമെന്നും അവയെ രാജ്യത്ത് നിന്നും ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

വർഷങ്ങൾക്ക് മുമ്പ് ഗുരു നിത്യചൈതന്യ യതി അത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിരുന്നെന്നും ആ നിർദേശത്തെയാണ് ഇന്നും ശിവഗിരി മഠം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അയിത്തം പറഞ്ഞ് മാറ്റിനിർത്തുന്ന പ്രവണതകൾ ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തിൽ ഒരു യുവതി കാലുകഴുകിയതുമുതൽ ക്ഷേത്രത്തിൽ യേശുദാസിന് പ്രവേശനമനുവദിക്കാത്തതുവരെയുള്ള സംഭവങ്ങൾ അതിലുൾപ്പെടുന്നെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

യേശുദാസ് ഹിന്ദുവല്ല എന്ന കാരണത്താലാണ് ഗുരുവായൂരിൽ പ്രവേശനം അനുവദിക്കാത്തതെന്നും അദ്ദേഹത്തേക്കാൾ നല്ല ഹിന്ദു ആരാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

‘ഇന്നും തുടരുന്ന മാമൂലുകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം രാജ്യത്ത് നിന്നും ഇല്ലാതാക്കണം. അതിന് വേണ്ടി ശ്രീനാരായണ ഗുരുവിന്റെ ഭക്തർ പ്രവർത്തിക്കണം. ഗുരുവിന്റെ ദർശനങ്ങൾക്ക് കാലിക പ്രസക്തിയുണ്ട്,’ സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Content Highlight: Sivagiri Math’s opinion is that women should be allowed to enter Sabarimala: Swami Satchidananda

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.