| Thursday, 15th May 2025, 10:51 am

അയാളുടെ പാട്ട് വീണ്ടും കേള്‍ക്കുമ്പോള്‍ അത് നമ്മുടെ പാട്ടായി മാറും: സിത്താര കൃഷ്ണകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സിത്താര കൃഷ്ണകുമാര്‍. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് സംഗീതപ്രേമികള്‍ക്ക് ഇടയില്‍ വലിയ രീതിയില്‍ സ്വീകാര്യത നേടാന്‍ സിത്താരക്ക് സാധിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ ചെരാതുകള്‍ എന്ന ഗാനം സിത്താരയുടെ കരിയറിലെ മികച്ച ഗാനങ്ങളില്‍ ഒന്നാണ്. 2007ല്‍ വിനയന്‍ സംവിധാനം ചെയ്ത അതിശയന്‍ എന്ന മലയാള ചിത്രത്തിലെ പമ്മി പമ്മി എന്ന ഗാനത്തിലൂടെയാണ് സിതാര പിന്നണി ഗായികയായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ഇപ്പോള്‍ പാട്ടുകള്‍ മറ്റുള്ളവര്‍ക്ക് കണക്ടാകുന്നതിനെ കുറിച്ചും ഗായകന്‍ ജോബ് കുര്യനെ കുറിച്ചും സംസാരിക്കുകയാണ് സിത്താര.

ഒരു സാഹചര്യം ഉണ്ടാക്കി ആര്‍ട്ടിഫിഷ്യലായി ചെയ്യുമ്പോളാണ് അത് കണക്ടാകാതെ വരിക എന്നും ചില ഗാനങ്ങള്‍ നമുക്ക് കണക്ടാവാതെ പോകുന്നത് അത് കൊണ്ടാണെന്നും സിത്താര പറയുന്നു. അല്ലാത്ത പാട്ടുകള്‍ നമുക്ക് വീണ്ടും കേള്‍ക്കാന്‍ തോന്നുമെന്നും ജോബ് കുര്യന്റെ പാട്ടുകള്‍ അത്തരത്തിലാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും സിത്താര കൃഷ്ണ കുമാര്‍ പറഞ്ഞു.

ജോബ് കുര്യന്റെ ഗാനങ്ങള്‍ ആദ്യ കേള്‍വിയില്‍ ഒരു ലെയര്‍ കിട്ടുമെന്നും അഞ്ച് തവണ കേട്ടു കഴിഞ്ഞാല്‍ അത് നമ്മുടെ പാട്ടാകുമെന്നും നന്നായി കണക്ട് ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു സിത്താര.

‘പാട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ആയ എന്തെങ്കിലും ഉള്‍പ്പെടുത്തുമ്പോളാണ് അവിടെ പ്രശ്‌നമാകുക. ഒരു പാട്ട് ഉണ്ടാക്കണമെന്ന വിചാരത്തില്‍ നമ്മള്‍ എന്തെങ്കിലും ഒരു സിറ്റുവേഷന്‍ മനസില്‍ ക്രിയേറ്റ് ചെയ്യുക അങ്ങനെ ചെയ്യുമ്പോള്‍ കണക്ടാവണമെന്നില്ല. സ്വതന്ത്രമായി പാട്ട് ഉണ്ടാക്കുന്നുവരുടെ ഗാനം ചിലപ്പോള്‍ കണക്ടാവാതെ പോകുന്നത് ഒരു പക്ഷേ അതായിരിക്കും. അല്ലാത്ത പാട്ടുകള്‍ ശ്രദ്ധിച്ചാലറിയാം, വീണ്ടും കേള്‍ക്കുമ്പോള്‍ അത് കണ്ക്ടാവും.

ജോബിന്റെ പാട്ടുകള്‍ എനിക്ക് എപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. ജോബേട്ടന്റെ പാട്ടുകള്‍ ആദ്യത്തെ കേള്‍വിയില്‍ ഒരു ലെയര്‍ ആയിരിക്കും കിട്ടുക. രണ്ടും മൂന്നും തവണ കേള്‍ക്കുമ്പോള്‍ നമുക്ക് അത് കണക്ടാകും. ചിലപ്പോള്‍ ജോബേട്ടന്‍ അറിയാവുന്ന എന്തെങ്കിലും ഒരു കാര്യം പാട്ടിലുണ്ടാകും അതില്‍ എവിടെയൊക്കെയോ നമ്മളുടെ ആലോചനയായിട്ട് കൊളൈഡ് ചെയ്യുന്ന സ്ഥലത്തായിരിക്കും നമ്മള്‍ക്ക് അത് കണക്ടാവുക സിത്താര പറഞ്ഞു.

Content Highlight: Sithara talks about Job Kurian

We use cookies to give you the best possible experience. Learn more