| Sunday, 22nd June 2025, 2:09 pm

മലയാളത്തില്‍ മോഹന്‍ലാലാണെങ്കില്‍ ബോളിവുഡില്‍ ആമിര്‍ ഖാന്‍, ബോക്‌സ് ഓഫീസിന്റെ ആണിക്കല്ലിളക്കിയ കംബാക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ സ്വന്തം ഇന്‍ഡസ്ട്രിയിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ക്കാന്‍ കഴിയുന്ന രണ്ട് നടന്മാരാണ് മോഹന്‍ലാലും ആമിര്‍ ഖാനും. സ്വന്തം ഇന്‍ഡസ്ട്രിയിലെ പല ബോക്‌സ് ഓഫീസ് നേട്ടങ്ങളും ആദ്യം സ്വന്തമാക്കിയത് ഇവരാണ്. സ്വന്തം ഇന്‍ഡസ്ട്രികളുടെ നെടുംതൂണെന്ന് സംശയമില്ലാതെ ഇവരെ വിശേഷിപ്പിക്കാം.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇരുവരുടെയും ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സ് അത്ര മികച്ചതായിരുന്നില്ല. സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരില്‍ മോഹന്‍ലാല്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍ സ്ഥിരതയില്ലായ്മയായിരുന്നു ആമിര്‍ ഖാന്റെ പ്രശ്‌നം. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ട് ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച് മോഹന്‍ലാല്‍ മലയാളത്തിലെ തന്റെ താരസിംഹാസനം സ്വന്തമാക്കി.

ഇതേ രീതി തന്നെയാണ് ബോളിവുഡില്‍ ആമിര്‍ ഖാനും നടത്തുന്നത്. താരത്തിന്റെ പുതിയ ചിത്രമായ സിതാരേ സമീന്‍ പര്‍ ബോക്‌സ് ഓഫീസില്‍ മികച്ച കുതിപ്പാണ് നടത്തുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 90 കോടിയോളം സ്വന്തമാക്കിക്കഴിഞ്ഞു. വീക്കെന്‍ഡ് കളക്ഷനില്‍ ചിത്രം 120 കോടിയോളം നേടുമെന്നാണ് വിലയിരുത്തല്‍.

ആദ്യദിനത്തെക്കാള്‍ രണ്ടാം ദിനം ചിത്രത്തിന്റെ കളക്ഷനില്‍ 88 ശതമാനത്തോളം വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയിലും ചിത്രത്തിന്റെ ടിക്കറ്റുകള്‍ മികച്ച രീതിയില്‍ വിറ്റഴിക്കപ്പെടുകയാണ്. മണിക്കൂറില്‍ 30000 ടിക്കറ്റുകള്‍ വരെ വിറ്റുപോകുന്നുണ്ടെന്നാണ് വിവരം.

ഈ വര്‍ഷത്തെ വലിയ ഹിറ്റുകളായ സ്‌കൈ ഫോഴ്‌സ്, റെയ്ഡ് 2, ഹൗസ്ഫുള്‍ 5 തുടങ്ങിയ വമ്പന്‍ ചിത്രങ്ങളെക്കാള്‍ മികച്ച മുന്നേറ്റമാണ് ആമിര്‍ ഖാന്റെ കൊച്ച് ഫീല്‍ ഗുഡ് ചിത്രം നടത്തുന്നത്. ഇതിന് മുമ്പ് താരം ഭാഗമായ മറ്റൊരു ഫീല്‍ ഗുഡ് ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ബോക്‌സ് ഓഫീസിന്റെ ആണിക്കല്ല് ഊരിയ പെര്‍ഫോമന്‍സായിരുന്നു കാഴ്ചവെച്ചത്. 800 കോടിയാണ് ചിത്രം നേടിയത്.

സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കായാണ് സിതാരേ സമീന്‍ പര്‍ ഒരുങ്ങിയത്. ആര്‍.എസ്. പ്രസന്ന സംവിധാനം ചെയ്ത ചിത്രത്തില്‍ ബാസ്‌കറ്റ്‌ബോള്‍ കോച്ചിന്റെ വേഷത്തിലാണ് ആമിര്‍ ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. ജെനീലിയ ദേശ്മുഖാണ് ചിത്രത്തിലെ നായിക. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സാണ് സിതാരേ സമീന്‍ പര്‍ നിര്‍മിച്ചത്.

Content Highlight: Sitaare Zameen Par collected nearly 90 crores from worldwide Box Office

We use cookies to give you the best possible experience. Learn more