ന്യൂദല്‍ഹി: രാജ്യത്തെ തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധന (എസ്.ഐ.ആര്‍) ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആറ് കോടിയോളം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 24ന് ബിഹാറിലാണ് എസ്.ഐ.ആര്‍ ആദ്യ ഘട്ടം ആരംഭിച്ചത്.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു എസ്.ഐ.ആര്‍ ആദ്യ ഘട്ടം സംസ്ഥാനത്ത് നടപ്പാക്കിയത്. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് എസ്.ഐ.ആറിന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, അസം, രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ, പുതുച്ചേരി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലായിരുന്നു എസ്.ഐ.ആര്‍ രണ്ടാം ഘട്ടം. ഈ രണ്ട് ഘട്ടം എസ്.ഐ.ആര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആകെ 5.83 കോടി വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എസ്.ഐ.ആര്‍ ഒന്നാം ഘട്ടത്തില്‍ ബിഹാറില്‍ നിന്ന് 65 ലക്ഷം പേരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. എസ്.ഐ.ആറില്‍ ബി.ജെ.പിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു എന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനവും അക്കാലത്ത് ഉയര്‍ന്നിരുന്നു.
എസ്.ഐ.ആര്‍ രണ്ടാം ഘട്ടത്തില്‍ ആകെ 5.18 കോടി വോട്ടര്‍മാരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. എസ്.ഐ.ആര്‍ രണ്ടാം ഘട്ടത്തിന് മുമ്പ് ആകെ 50.99 കോടി വോട്ടര്‍മാരായിരുന്നു ഈ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഉണ്ടായിരുന്നത്. എസ്.ഐ.ആര്‍ രണ്ടാം ഘട്ടത്തിന് ശേഷം ഇത് 45.81 കോടിയായി കുറഞ്ഞു. എസ്.ഐ.ആര്‍ രണ്ടാം ഘട്ടം നടപ്പാക്കിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 10.2 ശതമാനം വോട്ടര്‍മാരുടെ കുറവാണ് ആകെ രേഖപ്പെടുത്തിയത്.
ഉത്തര്‍ പ്രദേശില്‍ എസ്.ഐ.ആറിനെത്തുടര്‍ന്ന് 2.04 കോടി വോട്ടര്‍മാരുടേ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയിരുന്നു. ഒപ്പം 84 ലക്ഷം പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു.
പശ്ചിമബംഗാളില്‍ സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ത്തിയാക്കിയ തീവ്ര വോട്ടര്‍പട്ടികാ പരിശോധനയ്ക്ക് ശേഷം ഏതാണ് 91 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എസ്.ഐ.ആര്‍ നടപടി ആരംഭിക്കുന്നതിന് മുന്‍പുള്ള സംസ്ഥാനത്തെ വോട്ടര്‍മാരുടെ ആകെ എണ്ണത്തിന്റെ 11.9 ശതമാനത്തോളം വരുമിത്.
മരണപ്പെട്ട 66,88,632 പേരെ എസ്.ഐ.ആറിന്റെ രണ്ട് ഘട്ടത്തിലുമായി വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍ പ്രദേശിലാണ്. 25.47 ലക്ഷം പേര്‍. പശ്ചിമ ബംഗാളാണ് രണ്ടാം സ്ഥാനത്ത്. 24.16 ലക്ഷം പേര്‍.
എസ്.ഐ.ആറിന് ശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ ക്ഷേമപദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന് പശ്ചിമ ബംഗാളിലെയും ബിഹാറിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്നപൂര്‍ണ ഭണ്ഡാര്‍ അടക്കമുള്ള ക്ഷേമ പദ്ധതികളില്‍ നിന്നായിരുന്നു വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവരെ ഒഴിവാക്കിയത്. ബിഹാറില്‍ എസ്.ഐ.ആറില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ഒരു ക്ഷേമ പദ്ധതികളുടെയും നേട്ടം ലഭിക്കില്ലെന്ന് മുഖ്യമന്ത്രി ചൗധരി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം ആദ്യ മന്ത്രിസഭാ യോഗ്യത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഒരു ക്ഷേമ പദ്ധതിക്കും ‘മരിച്ചവരോ, അനധികൃത നുഴഞ്ഞുകയറ്റക്കാരോ, ഇന്ത്യന്‍ വ്യക്തി അല്ലാത്തവരോ’ അര്‍ഹരല്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അധികാരി പറഞ്ഞിരുന്നു. ബിഹാറില്‍ റേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ പദ്ധതികളില്‍ നിന്നും എസ്.ഐ.ആറില്‍ പേരില്ലാത്തവരെ ഒഴിവാക്കുമെന്നായിരുന്നു മുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞിരുന്നത്.
എസ്.ഐ.ആര്‍ മൂന്നാം ഘട്ടം ഇപ്പോള്‍ രാജ്യത്ത് തുടരുന്നുണ്ട്. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് മൂന്നാം ഘട്ടത്തില്‍ എസ്.ഐ.ആര്‍ നടപ്പിലാക്കുന്നത്. ഒഡീഷ, മിസോറാം, സിക്കിം, മണിപ്പൂര്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, തെലങ്കാന, പഞ്ചാബ്, കര്‍ണാടക, മേഘാലയ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ദല്‍ഹി, നാഗാലാന്റ്, ത്രിപുരയി എന്നിവിടങ്ങളിലാണ് എസ്.ഐ.ആര്‍ മൂന്നാം ഘട്ടം.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സെന്‍സസ് ഹൗസ് ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനം കൂടി പരിഗണിച്ചാണ് എസ്.ഐ.ആര്‍ മൂന്നാം ഘട്ടത്തിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. മൂന്നാംഘട്ടത്തോടെ രാജ്യത്ത് ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയൊഴികെയുള്ള പ്രദേശങ്ങളിലെല്ലാം എസ്.ഐ.ആര്‍ പൂര്‍ത്തിയാകും.
ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ സെന്‍സസിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നത് കണക്കിലെടുത്തും അവിടങ്ങളിലെ കാലാവസ്ഥയും മഞ്ഞുവീഴ്ചയും പരിഗണിച്ചും എസ്.ഐ.ആര്‍ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
Content Highlight: SIR completes one year: Nearly 6 crore Voters names deleted from Electoral roll so far