മമ്മൂക്ക എന്നെ നോക്കി കൈ കൊണ്ട് കാണിച്ചപ്പോള്‍ തന്നെ ബാക്കിയെല്ലാം കട്ടായി; അനുഭവം പങ്കുവെച്ച് ഗായകന്‍ ശ്രീരാഗ് ഭരതന്‍
Malayalam Cinema
മമ്മൂക്ക എന്നെ നോക്കി കൈ കൊണ്ട് കാണിച്ചപ്പോള്‍ തന്നെ ബാക്കിയെല്ലാം കട്ടായി; അനുഭവം പങ്കുവെച്ച് ഗായകന്‍ ശ്രീരാഗ് ഭരതന്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 9th January 2026, 11:35 am

ജിതിന്‍.കെ.ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രതിനായകനായെത്തിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കളങ്കാവല്‍. വ്യത്യസ്തമായ കഥാപരിസരവും ചിത്രത്തിലെ ഗാനങ്ങളും അഭിനേതാക്കളുടെ പ്രകടനവും കലങ്കാവലിന്റെ സിനിമാ ആസ്വാദനം മികവുറ്റതാക്കിയിരുന്നു.

മമ്മൂട്ടി. Photo: screen grab/ Youtube.com

ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന്റെ പശ്ചാത്തലം ക്രമീകരിക്കുന്നതില്‍ ചിത്രത്തിലെ തമിഴ് ഗാനങ്ങള്‍ വഹിച്ച പങ്ക് വലുതായിരുന്നു. മുജീബ് മജീദിന്റെ സംഗീത സംവിധാനത്തില്‍ ഒരുക്കിയ വിന്റേജ് ഗാനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ റിലീസിന് ശേഷം ലഭിച്ചത്. താരതമ്യേന ദൈര്‍ഘ്യം കുറഞ്ഞ ഗാനങ്ങളായിരുന്നെങ്കിലും പലതും സംഗീത പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ യുവഗായകന്‍ ശ്രീരാഗ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ മാസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ വെച്ച് നടന്ന അനുഭവമാണ് ശ്രീരാഗ് പങ്കുവെച്ചത്.

‘ചിത്രത്തിന്റെ റിലീസിന് മുമ്പ് കൊച്ചിയില്‍ വെച്ച് ചിത്രത്തിലെ ഇരുപത്തിയൊന്ന് നായികമാരെയും പരിചയപ്പെടുത്തികൊണ്ടുള്ള ഇവന്റുണ്ടായിരുന്നു. മമ്മൂക്കക്കൊപ്പം ജോഷി സാര്‍, സിബി മലയില്‍ സാര്‍, അമല്‍ നീരദ് എല്ലാവരും സദസ്സിലുണ്ടായിരുന്നു. പരിപാടിയില്‍ പാടണമെന്ന് അറിയാമായിരുന്നു, പക്ഷേ മുഴുവന്‍ ടീമിനുമൊപ്പം ഒരുമിച്ച് പാടിയാല്‍ മതിയെന്നായിരുന്നു കരുതിയത്.

പെട്ടെന്നാണ് ഒറ്റക്ക് വേദിയിലേക്ക് പാടാന്‍ വിളിച്ചത്. പണി പാളിയല്ലോ എന്ന് വിചാരിച്ച് വേദിയിലേക്ക് ചെന്നു. നല്ല പേടിയുണ്ട് മമ്മൂക്ക ഉള്ളത് കൊണ്ടാണെന്നാണ് തോന്നുന്നതെന്ന് ഞാന്‍ ആദ്യം പറഞ്ഞു. മമ്മൂക്കയെ നോക്കിയപ്പോള്‍ കൈകൊണ്ട് പാടിക്കോ എന്ന രീതിയില്‍ അദ്ദേഹം ആക്ഷന്‍ കാണിച്ചു. അത് കണ്ടപ്പോള്‍ പിന്നെ ചുറ്റുമുള്ളതെല്ലാം കട്ടായി. അതിന് ശേഷം നല്ല കംഫര്‍ട്ടബിള്‍ ആയിട്ടാണ് പാടിയത്’ ശ്രീരാഗ് പറയുന്നു.

ശ്രീരാഗ് ഭരതന്‍. Photo: screen grab/ clubfm/ youtube.com

പാട്ട് പാടി ഇറങ്ങിവരുമ്പോള്‍ മമ്മൂട്ടിയെ വിഷ് ചെയ്തപ്പോള്‍ അദ്ദേഹം അടുത്ത് വിളിച്ച് കൈ തന്നിട്ട് തമ്പ്സ് അപ്പ് കാണിച്ചെന്നും ആ പ്രവര്‍ത്തി ഒരുപാട് സന്തോഷം നല്‍കിയെന്നും ശ്രീരാഗ് പറയുന്നു. ചിത്രത്തിലെ പാട്ടുകള്‍ പാടാന്‍ തന്നെ വിളിച്ചപ്പോള്‍ തന്നെ മമ്മൂക്കയുടെ പുതിയ ഒരു പരീക്ഷണമാണ് കളങ്കാവല്‍ എന്ന് തനിക്ക് മനസ്സിലായിരുന്നുവെന്നും ശ്രീരാഗ് കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 9 എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ശ്രീരാഗ് ഇതിനോടകം തന്നെ മലയാള സിനിമയിലെ സംഗീത മേഖലയില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട.

Content Highlight: singer sreerag Bharathan talks about mammootty’s gesture towards him

 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.