സൗഹൃദങ്ങള്‍ക്ക് പല ഘട്ടങ്ങളുണ്ട്, അറ്റാച്ച്‌മെന്റ് തോന്നിയാല്‍ അറ്റാച്ച്‌മെന്റ് തന്നെയാണ്: സിത്താര കൃഷ്ണകുമാര്‍
Malayalam Cinema
സൗഹൃദങ്ങള്‍ക്ക് പല ഘട്ടങ്ങളുണ്ട്, അറ്റാച്ച്‌മെന്റ് തോന്നിയാല്‍ അറ്റാച്ച്‌മെന്റ് തന്നെയാണ്: സിത്താര കൃഷ്ണകുമാര്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 28th January 2026, 7:00 pm

ജാനകിയമ്മയും കെ.എസ് ചിത്രയും ഇഷ്ടഗായികമാരായ മലയാളി സംഗീതപ്രേമികളുടെ മനസില്‍ ചെറുതെങ്കിലും തന്റേതായ സ്ഥാനം നേടിയ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. 2012 ല്‍ സെല്ലുലോയ്ഡിലെ ഏനുണ്ടോടീ എന്ന ഗാനത്തിന് മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ താരം പിന്നീട് 2017 ലും 2021 ലും ഈ നേട്ടം ആവര്‍ത്തിച്ചു. തന്റെ വ്യത്യസ്തമാര്‍ന്ന സൗണ്ട് മോഡുലേഷന്‍ കൊണ്ട് ഓരോ ഗാനങ്ങളും മികച്ചതാക്കുന്ന താരം മലയാളത്തിലെ പോലെ തന്നെ മറ്റ് ഹിന്ദി ഭാഷകളിലും തിരക്കുള്ള ഗായികയാണ്.

Photo: IMDB

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിത്താര തന്റെ സുഹൃദ് ബന്ധങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘എനിക്ക് അറ്റാച്ച്‌മെന്റ് തോന്നിയാല്‍ അറ്റാച്ച്‌മെന്റ് തന്നെയാണ്. പക്ഷേ സൗഹൃദങ്ങള്‍ക്ക് എപ്പോഴും പല ഘട്ടങ്ങളുണ്ട്. നമ്മള്‍ ഒരു പിരീയഡ് ഓഫ് ടൈമില്‍ വളരെ ക്ലോസായിട്ടുള്ള ആളുകള്‍ പിന്നീട് ആ ക്ലോസ്‌നെസ്സ് ഇല്ലാത്ത പിരീയഡിലേക്ക് എത്തിയേക്കാം. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ പത്തില്‍ താഴെ ആള്‍ക്കാരെയെടുത്താല്‍ അവരെല്ലാവരും ലോങ് ടേം ആയിട്ടുള്ളവരാണ്.

ഇവരില്‍ കുട്ടിക്കാലം മുതല്‍ കോളേജില്‍ നിന്നടക്കം ഉള്ളവരുണ്ട്. മറ്റുള്ളവരോടും സ്‌നേഹമുണ്ടെങ്കിലും ഇവരോട് കുറച്ച് കൂടെ ഡീപ്പ് ആയിട്ടുള്ള കണക്ഷനാണ്. എത്രകാലം വേണമെങ്കിലും ഇവരോട് സംസാരിക്കാതെ ഇരിക്കാം. എന്നാലും വീണ്ടും കാണുമ്പോള്‍ എവിടെയാണോ നിര്‍ത്തിയത് അവിടെ നിന്നും വീണ്ടും ആരംഭിക്കാന്‍ കഴിയും. അത്തരത്തില്‍ ഉള്ളുകൊണ്ട് അറിയുന്ന സുഹൃത്തുക്കളാണ്,’ സിത്താര പറയുന്നു.

Photo: SITHARA

സൗഹൃദങ്ങള്‍ ഒരിക്കല്‍ ഉണ്ടായാല്‍ പിന്നെ അത് ഇല്ലാതാവില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ആ സൗഹൃദത്തില്‍ നിന്നും ഉണ്ടായ നല്ല കാര്യങ്ങള്‍ നമ്മളും കൂടെ അനുഭവിച്ചിട്ടുണ്ടെന്നും ഗായിക പറയുന്നു. നല്ല കൂട്ടുകെട്ടുകള്‍ ഒരിക്കല്‍ ഉണ്ടായാല്‍ അത് എല്ലാക്കാലത്തേക്കും ഉള്ളതാണെന്നും സിത്താര കൂട്ടിച്ചേര്‍ത്തു.

2007 ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രം അതിശയനിലെ പമ്മി പമ്മി എന്ന ഗാനത്തിലൂടെയാണ് സിത്താര പിന്നണിഗായക രംഗത്തേക്ക് ചുവടുവെക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ ചെരാതുകള്‍, ഗോദയിലെ പൊന്നിന്‍ കണിക്കൊന്ന, നരിവേട്ടയിലെ മിന്നല്‍വള തുടങ്ങി താരത്തിന്റെ ശബ്ദത്തില്‍ പിറന്നത് മലയാളത്തിലെ ഹിറ്റ് ഗാനങ്ങളാണ്.

Content Highlight: Singer Sithara Krishnakumar talks about friendship

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.