നേരില്‍ കാണുമ്പോള്‍ വളരെ മാന്യന്മാരായ ആള്‍ക്കാരാകും അവരറിയാതെ തന്നെ ഓണ്‍ലൈനില്‍ സ്വഭാവം മാറും: സിത്താര കൃഷ്ണകുമാര്‍
Malayalam Cinema
നേരില്‍ കാണുമ്പോള്‍ വളരെ മാന്യന്മാരായ ആള്‍ക്കാരാകും അവരറിയാതെ തന്നെ ഓണ്‍ലൈനില്‍ സ്വഭാവം മാറും: സിത്താര കൃഷ്ണകുമാര്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 28th January 2026, 9:30 am

കെ.എസ് ചിത്രക്ക് ശേഷം മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. മലയാളത്തിലും കന്നടയിലും തമിഴിലും ഒരു പിടി മികച്ച ഗാനങ്ങള്‍ ആലപിച്ച സിത്താര 2007 ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രം അതിശയനിലെ പമ്മി പമ്മി എന്ന ഗാനത്തിലൂടെയാണ് പിന്നണിഗായക രംഗത്തേക്ക് ചുവടുവെക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ ചെരാതുകള്‍, ഗോദയിലെ പൊന്നിന്‍ കണിക്കൊന്ന, നരിവേട്ടയിലെ മിന്നല്‍വള തുടങ്ങി താരത്തിന്റെ ശബ്ദത്തില്‍ പിറന്നത് മലയാളത്തിലെ ഹിറ്റ് ഗാനങ്ങളാണ്.

Photo:TOI

റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വരുന്ന ട്രോളുകളെക്കുറിച്ചും അധിക്ഷേപങ്ങളെക്കുറിച്ചും സിത്താര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹേറ്റേഴ്‌സ് ഇല്ലാത്ത ഗായികയാണോ താങ്കള്‍ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

‘ഹേറ്റേഴ്‌സ് ഉണ്ടോ ഇല്ലയോ എന്ന് നമ്മള്‍ കണ്ട് പിടിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്നാണല്ലോ. ഓണ്‍ലൈന്‍ കമന്റ്‌സ് വെച്ചിട്ടാണ് നമ്മളോടുള്ള ആള്‍ക്കാരുടെ ഇഷ്ടവും ഇഷ്ടക്കേടും മനസ്സിലാക്കുന്നത്. ഒരുപാട് പോസിറ്റീവ് കമന്റ്‌സിന് ഇടയില്‍ വരുന്ന ഒരു നെഗറ്റീവ് കമന്റിനെ ശ്രദ്ധിക്കാന്‍ എപ്പോഴും ഒരു ഹ്യൂമണ്‍ ടെന്‍ഡന്‍സി ഉണ്ടാവും.

നെഗറ്റീവ് കമന്റുകള്‍ വളരെയധികം പവര്‍ഫുള്‍ ആണ്. എന്തുകൊണ്ടാണ് ജീവിതത്തില്‍ നേരിട്ട് പരിചയമില്ലാത്ത ആള്‍ക്കാരുടെ അടുത്ത് ഇവര്‍ ഇങ്ങനെ പറയുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വിമര്‍ശനത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. പ്രത്യേകിച്ച് പണിയൊന്നുമില്ല എന്നാല്‍ പിന്നെ ഒരു ചീത്ത പറഞ്ഞേക്കാം എന്ന് കരുതി പറയുന്നവരെക്കുറിച്ചാണ്,’ സിത്താര പറയുന്നു.

Photo: screen grab/ reporter Tv/ youtube.com

വെറുതെ ഓരോന്ന് വന്ന് ചീത്ത വിളിക്കുന്നവരോട് അവരുടെ ഇന്‍ബോക്‌സില്‍ പോയി കാര്യം ചോദിക്കുമ്പോള്‍ അയ്യോ അറിയാതെ ചെയ്തതാണ് എന്നായിരിക്കും അവര്‍ പറയുകയെന്നും ഗായിക പറയുന്നു. ഇതിനെ നമ്മള്‍ വളരെ സീരിയസ് ആയി എടുത്തുകഴിഞ്ഞാല്‍ നമ്മളുടെ മൊത്തം ഫോക്കസ് മാറുമെന്നും ലൈക്കിന്റയും വ്യൂസിന്റെയും എണ്ണം നോക്കി നമ്മളോടുള്ള ഇഷ്ടം കണക്കു കൂട്ടിയിരുന്നാല്‍ ഒരു വ്യക്തി എന്നുള്ള രീതിയില്‍ നമ്മള്‍ ചുരുങ്ങി പോകുമെന്നും സിത്താര കൂട്ടിച്ചേര്‍ത്തു.

Content Highlight: Singer Sithara Krishna kumar talks about cyber bullying

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.