മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് കെ.എസ്. ചിത്ര. അനവധി ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ പാടി സംഗീതലോകത്ത് അപൂർവമായ ഉയരങ്ങൾ കീഴടക്കിയ ചിത്ര, ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളോടൊപ്പം രാജ്യത്തിന്റെ ഉയർന്ന ബഹുമതികളായ പത്മശ്രീയും പത്മഭൂഷണും നേടി ആദരിക്കപ്പെട്ടിട്ടുണ്ട്.

കെ.എസ് ചിത്ര, Photo: K.S Chitra/ Facebook
ദക്ഷിണേന്ത്യയുടെ വാനമ്പാടിയായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രയുടെ സംഗീതയാത്ര എത്രത്തോളം പ്രചോദനമാണോ, അതുപോലെ തന്നെ ജീവിതത്തിലെ ചില ഘട്ടങ്ങൾ വേദന നിറഞ്ഞതുമായിരുന്നു. ഇപ്പോഴിതാ ധന്യ വർമയ്ക്കു നൽകിയ അഭിമുഖത്തിൽ, ഒരു ഘട്ടത്തിൽ ദൈവത്തിൽ പോലും വിശ്വാസം നഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ അതിൽ നിന്നെല്ലാം അതിജീവിച്ച് മുന്നോട്ട് വന്നതാണെന്നും പറയുകയാണ് ചിത്ര.
‘ആ ഒരു സമയം എനിക്കും ദൈവത്തിൽ വിശ്വാസം നഷ്ടമായിരുന്നു. നമ്മൾ അപ്പോൾ ആലോചിക്കും, നമ്മൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെയൊരു വിധി വന്നത് എന്ന്.
ആരെയെങ്കിലും ഞാൻ ദ്രോഹിച്ചോ, റിയാലിറ്റി ഷോയിൽ കുട്ടികളുടെ എടുത്ത് എന്തെങ്കിലും തെറ്റുകൾ പറഞ്ഞത് അവർക്ക് വിഷമമായിട്ടുണ്ടാകുമോ, ഇനി അവരുടെ ശാപമായിരിക്കുമോ അങ്ങനെ പലതും നമ്മൾ ചിന്തിക്കും. ആ ഒരു സമയത്ത് നമ്മളുടെ ചിന്ത കാട് കയറും.
എന്നാൽ പിന്നെയും ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിച്ചത് എനിക്ക് വന്ന മെസേജുകൾ കണ്ടപ്പോഴാണ്. നമുക്ക് വലിയ ഒരു ഷോക്ക് വരുമ്പോൾ ‘ഞാൻ ഇത്രയും വിളക്ക് കത്തിച്ച് നാമം ജപിച്ചിട്ടും എന്താ ഇങ്ങനെയെന്ന്’ ആദ്യം ചിന്തിക്കും. പക്ഷെ പിന്നെ നമ്മൾ മനസിലാക്കും നമുക്ക് എന്ന് പറഞ്ഞ് എഴുതി വെച്ച കാര്യം നടക്കും. വിധി എന്താണോ, അത് എന്തായാലും നടക്കും,’ ചിത്ര പറഞ്ഞു
ജീവിതത്തിൽ പരീക്ഷണങ്ങൾ ഉണ്ടാകുമെന്നും അതിനെ അതിജീവിച്ച് മുന്നോട്ട് പോകണമെന്നും ചിത്ര പറഞ്ഞു. ആ ഒരു വേദന മറികടക്കാൻ നമുക്ക് മറ്റ് വഴികൾ തുറക്കുമെന്നും ചിത്ര കൂട്ടിച്ചേർത്തു.
Content Highlight: Singer KS Chitra talks about her life experiences.
