| Friday, 21st March 2025, 8:43 am

മമ്മൂക്കക്ക് വേണ്ടി പാടിയ ഹിറ്റ് പാട്ട്; ഇപ്പോഴുള്ള പിള്ളേരും പാടി നടക്കുന്നതില്‍ സന്തോഷം തോന്നുന്നു: അഫ്‌സല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് അഫ്‌സല്‍. മലയാള സിനിമയില്‍ ഒരുപാട് ഹിറ്റ് പാട്ടുകളുള്ള ഗായകനാണ് അദ്ദേഹം. അഫ്‌സല്‍ പാടിയ പാട്ടുകളൊക്കെ എല്ലാ ജനറേഷനും ഇഷ്ടപ്പെടുന്നതാണ് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇപ്പോള്‍ ബല്‍റാം വേഴ്സസ് താരാദാസ് സിനിമയിലെ ‘ഷറാബ് പോലെ’ എന്ന പാട്ടിനെ കുറിച്ച് പറയുകയാണ് അഫ്‌സല്‍. ഒരു ഗ്രൂപ്പ് സോങ് കണക്കെ പാടിയ പാട്ടാണെന്നും തങ്ങളും ആഘോഷിച്ച് തന്നെയാണ് സ്റ്റുഡിയോയില്‍ അത് പാടിയതെന്നുമാണ് അദ്ദേഹം പറയുന്നത്. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഫ്‌സല്‍.

ബല്‍റാം വേഴ്സസ് താരാദാസ് സിനിമയിലെ ഒരു പാട്ടായിരുന്നു ‘മത്താപ്പുവേ’ അല്ലെങ്കില്‍ ‘ഷറാബ് പോലെ’ എന്ന പാട്ട്. ജാസി ഗിഫ്റ്റ് ആയിരുന്നു അതിന്റെ മ്യൂസിക്. ഐ.വി. ശശി സാറായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്.

കല്യാണത്തിനുള്ള പാട്ടാണെന്ന് പറഞ്ഞതും ഒരു ഗ്രൂപ്പ് സോങ് കണക്കെയായിരുന്നു പാടിയത്. ഞാനും റിമിയും അന്‍വര്‍ സാദത്തുമായിരുന്നു ആ പാട്ട് പാടിയിരുന്നത്. ഞങ്ങള്‍ മൂന്നുപേരും പാടാന്‍ ഇരുന്നപ്പോഴാണ് ജാസി ‘ഞാനും കൂടെ പാടാം’ എന്ന് പറയുന്നത്.

അങ്ങനെ ജാസിയും കൂടെ പാടി. ആ സിനിമയില്‍ മമ്മൂക്കയാണ് മെയിന്‍. കത്രീന കൈഫ് ഉള്‍പ്പെടെയുള്ള വലിയ താരനിര തന്നെ ഉണ്ടായിരുന്നു. അന്ന് ഞാനും റിമിയും അന്‍വറും ജാസിയുമൊക്കെ ഒരുമിച്ച് സ്റ്റുഡിയോയില്‍ പോയിട്ടാണ് പാടിയത്.

അതിന്റെ വൈബ് വേറെ തന്നെയായിരുന്നു. അതൊക്കെ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. നമ്മളും ആഘോഷിച്ച് തന്നെയാണ് സ്റ്റുഡിയോയില്‍ പാടിയത്. ആ കാലഘട്ടത്തില്‍ തന്നെ എല്ലാവരും പാട്ട് ശ്രദ്ധിച്ചിരുന്നു. ഇപ്പോഴുള്ള പിള്ളേര്‍ക്കും ആ പാട്ട് ഇഷ്ടമാണ് എന്നോര്‍ക്കുമ്പോള്‍ കൂടുതല്‍ സന്തോഷം,’ അഫ്‌സല്‍ പറഞ്ഞു.

ബല്‍റാം വേഴ്സസ് താരാദാസ്:

മമ്മൂട്ടി നായകനായ മികച്ച സിനിമകളാണ് 1991ല്‍ പുറത്തിറങ്ങിയ ഇന്‍സ്പെക്ടര്‍ ബല്‍റാമും 1984ല്‍ എത്തിയ അതിരാത്രവും. ഈ ചിത്രങ്ങളുടെ ക്രോസ് ഓവറായി 2006ല്‍ എത്തിയ സിനിമയാണ് ബല്‍റാം വേഴ്സസ് താരാദാസ്. പൊലീസ് ഓഫീസറായ ബല്‍റാമായും അധോലോക നായകന്‍ താരാദാസായും ഇരട്ട വേഷത്തിലാണ് ഈ സിനിമയില്‍ മമ്മൂട്ടി എത്തിയത്.

ടി. ദാമോദരനും എസ്.എന്‍. സ്വാമിയും ചേര്‍ന്ന് തിരക്കഥയെഴുതി ഐ.വി. ശശിയായിരുന്നു ബല്‍റാം വേഴ്സസ് താരാദാസ് സംവിധാനം ചെയ്തത്. മമ്മൂട്ടിക്ക് പുറമെ കത്രീന കൈഫ്, വാണി വിശ്വനാഥ്, മുകേഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ ഒന്നിച്ചിരുന്നു. ബോളിവുഡ് നടി കത്രീന കൈഫ് അഭിനയിച്ച ഒരേയൊരു മലയാള ചിത്രമാണിത്.


Content Highlight: Singer Afsal Talks About Song In Mammootty’s Balram Vs Tharadas

We use cookies to give you the best possible experience. Learn more