| Friday, 4th July 2025, 6:26 pm

'പോകാതെ കരിയിലക്കാറ്റെ' പാട്ട് വന്നപ്പോള്‍ എല്ലാവര്‍ക്കും സംശയമായിരുന്നു, പാടിയത് ബാല്യവും ആ ഓര്‍മകളും മനസില്‍ വെച്ച്: അഫ്‌സല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമലിന്റെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാപ്പകല്‍. മമ്മൂട്ടി, നയന്‍താര, ശാരദ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിലെ വൈകാരികമായ പാട്ടായ ‘പോകാതെ കരിയിലക്കാറ്റെ’ എന്ന പാട്ട് പാടിയത് ഗായകന്‍ അഫ്‌സല്‍ ആണ്. മാപ്പിളപ്പാട്ടുകളും, ആല്‍ബം പാട്ടുകളും, പ്രണയഗാനങ്ങളും മാത്രം പാടിയിരുന്ന അഫ്‌സലാണ് ഈ പാട്ട് പാടിയതെന്ന് പലര്‍ക്കും അറിയില്ല. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അഫ്‌സല്‍.

മോഹന്‍ സിത്താരയാണ് തനിക്ക് ആ പാട്ട് പാടാനുള്ള അവസരം തന്നതെന്നും താന്‍ ആദ്യം മുതലേ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ളതുകൊണ്ടുള്ള വിശ്വാസമാണെന്നും അഫ്‌സല്‍ പറയുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ കമലും തന്നെ സപ്പോര്‍ട്ട് ചെയ്‌തെന്നും പാട്ട് വന്നപ്പോള്‍ താനാണ് പാടിയതെന്ന് വിശ്വസിക്കാത്ത ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും ആ പാട്ടിനെ ഇഷ്ടപ്പെടുന്നവരുണ്ടെന്നും ആ പാട്ടിനെപ്പറ്റി മമ്മൂട്ടിയും തിരക്കഥാകൃത്ത് ടി.എ. റസാക്ക് പറഞ്ഞതും തനിക്ക് അംഗീകാരം പോലെ തോന്നിയിട്ടുണ്ടെന്നും അഫ്‌സല്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അഫ്‌സല്‍.

‘മോഹന്‍ സിത്താര സാറാണ് എനിക്ക് ആ ഗാനം പാടാന്‍ അവസരം തന്നത്. അതൊരു ദൈവാനുഗഹമാണെന്നാണ് എന്റെ വിശ്വാസം. ആദ്യം മുതലേ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ളതുകൊണ്ടാവാം എന്നെ ഇങ്ങനെയൊരു പാട്ടുപാടാന്‍ വിശ്വസിച്ചേല്‍പ്പിച്ചതും. സംവിധായകന്‍ കമല്‍സാറും അന്ന് സപ്പോര്‍ട്ട് ചെയ്തു.

എപ്പോഴും പാടുന്നതുപോലുള്ള പാട്ടല്ല, നീ ശ്രമിച്ചുനോക്ക് എന്നു പറഞ്ഞ് ആത്മവിശ്വാസം തന്നതും മോഹന്‍ സിത്താര സാറാണ്. ആ പാട്ട് പാടുമ്പോള്‍ എന്റെ ബാല്യവും ആ ഓര്‍മകളും മനസില്‍ വെച്ചാണ് പാടിയത്. പാട്ട് വന്നപ്പോള്‍ എല്ലാവര്‍ക്കും സംശയമായിരുന്നു. ആരാണ് പാടിയത് എന്നൊക്കെ. അഫ്സല്‍ പാടിയതാണ് എന്ന് വിശ്വസിക്കാത്തവരുണ്ട്. ഇപ്പോഴും ആളുകള്‍ ആ പാട്ടിനെപ്പറ്റി പറയുന്നു. അതിനെ ഇഷ്ടപ്പെടുന്നു എന്നത് വലിയ അനുഗ്രഹമാണ്.

ഈ പാട്ടിനെപ്പറ്റി രണ്ടുപേര്‍ പറഞ്ഞത് വലിയ അംഗീകാരം പോലെ തോന്നിയിട്ടുണ്ട്. ഒന്ന് രാപ്പകലിൻ്റെ തിരക്കഥാകൃത്ത് ടി.എ. റസാക്കാണ്. അദ്ദേഹം എപ്പോഴും പറയും, ‘നിന്റെ ജീവിതത്തില്‍ കുറേ പാട്ടുകളുമുണ്ടാവും, പക്ഷേ ഈ പാട്ട് വളരെ സ്‌പെഷ്യലാണ്’ എന്ന്. അതുപോലെ മമ്മൂക്കയും പറയും ‘അടിപൊളി പാട്ടില്‍ നിന്ന് മാറി ഒരു പാട്ട് പാടിയല്ലോ, നന്നായി’ എന്ന്.

സാധാരണ ഒരു സിനിമയില്‍ സങ്കടപ്പാട്ട് കുറച്ച് വരുമ്പോഴേക്കും കട്ട് ചെയ്യും. ഈ പാട്ട് ആറര മിനിറ്റുണ്ട്, പാട്ട് മുഴുവനും ആ സിനിമയിലുണ്ട്. കൂടാതെ എല്ലാ കഥാപാത്രങ്ങളും പാട്ടിന്റെ സീനില്‍ വന്നുപോകുന്നുമുണ്ട്. അതൊരു വലിയ ഭാഗ്യമാണ്,’ അഫ്‌സല്‍ പറയുന്നു.

Content Highlight: Singer Afsal talking about Mammootty and Rappakal Movie Songs

We use cookies to give you the best possible experience. Learn more