| Monday, 9th June 2025, 3:57 pm

ക്യാമറക്ക് മുന്നിലും പിന്നിലും ഒരുപോലെ പെരുമാറുന്ന വ്യക്തി, ആ നടന്റെ വിടവ് നികത്താനാകില്ല: സിമ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സിമ്രന്‍. 1995ല്‍ സനം ഹര്‍ജയ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് സിമ്രന്‍. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ച സിമ്രന്‍ ഒരുകാലത്ത് സൗത്ത് ഇന്ത്യയിലെ താരറാണിയായിരുന്നു.

ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളായ ഗുഡ് ബാഡ് അഗ്ലിയിലും ടൂറിസ്റ്റ് ഫാമിലിയിലും സിമ്രന്റെ സാന്നിധ്യമുണ്ടായിരുന്നു.തമിഴിലെ മികച്ച നടന്മാരിലൊരാളായ വിവേകിനെക്കുറിച്ച് സംസാരിക്കുകയാണ് സിമ്രന്‍. സിനിമയില്‍ താന്‍ കണ്ട് നല്ല മനുഷ്യന്മാരില്‍ ഒരാളാണ് വിവേകെന്ന് സിമ്രന്‍ പറഞ്ഞു. ഒരുപാട് സിനിമകളില്‍ തങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു.

അദ്ദേഹത്തിന്റെ വിടവ് നികത്താനാകാത്തതാണെന്നും ഇന്നും താനടക്കമുള്ളവര്‍ വിവേകിനെ മിസ് ചെയ്യുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. വെറുമൊരു കോമഡി നടനായി മാത്രമാണ് അദ്ദേഹത്തെ പലരും കാണുന്നതെന്നും അതിനുമപ്പുറം നല്ല മനസിന്റെ ഉടമയാണ് വിവേകെന്നും സിമ്രന്‍ പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു താരം.

‘വിവേക് സാറിന്റെ കൂടെ ഒരുപാട് സിനിമകളില്‍ ഞാന്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. വാലി, യൂത്ത്, പ്രിയമാനവളേ അങ്ങനെ ഒരുപാട് സിനിമയില്‍ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമയില്‍ ഞാന്‍ കണ്ട നല്ല വ്യക്തികളില്‍ ഒരാളാണ് വിവേക് സാര്‍. അദ്ദേഹം നമ്മളെ വിട്ട് പോയിട്ട് കുറച്ചുകാലമായെങ്കിലും വിവേക് സാര്‍ ഉണ്ടാക്കിവെച്ച വിടവ് നികത്താനാകാത്തതാണ്.

അദ്ദേഹത്തിന്റെ കോമഡി സീനുകളെല്ലാം സംവിധാനം ചെയ്തത് അദ്ദേഹം തന്നെയാണ്. അതിനുള്ള എല്ലാ ഫ്രീഡവും സംവിധായകര്‍ വിവേക് സാറിന് കൊടുക്കാറുണ്ട്. കോമഡി നടനെന്നതിലുപരി നല്ലൊരു മനസിന്റെ ഉടമ കൂടിയാണ് അദ്ദേഹം. കുറച്ചുകാലം കൂടി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്‌തേനെ.

വിവേക് സാറില്‍ ഞാന്‍ കണ്ട മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ക്യാമറയുടെ മുന്നിലും പിന്നിലും അദ്ദേഹം ഒരുപോലെയാണ്. ഇപ്പോള്‍ വടിവേലു സാറിന്റെ കാര്യമെടുത്താല്‍ സീനെടുക്കുമ്പോള്‍ അദ്ദേഹം ഭയങ്കര ജോളിയായിരിക്കും. എന്നാല്‍ കട്ട് വിളിച്ചാല്‍ അദ്ദേഹം ഗൗരവത്തിലാകും. വിവേക് സാര്‍ കട്ട് വിളിച്ച് കഴിഞ്ഞാലും അതേ വൈബ് കീപ്പ് ചെയ്യും,’ സിമ്രന്‍ പറയുന്നു.

Content Highlight: Simran saying she misses Actor Vivek very much

Latest Stories

We use cookies to give you the best possible experience. Learn more