| Saturday, 7th June 2025, 1:24 pm

ഇതുവരെ ചെയ്ത സിനിമകളില്‍ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് ആ ചിത്രം, അങ്ങനയൊരു സിനിമ ചെയ്യാന്‍ ഒരുപാട് ആഗ്രഹിച്ചു: സിമ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സിമ്രന്‍. 1995ല്‍ സനം ഹര്‍ജയ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് സിമ്രന്‍. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ച സിമ്രന്‍ ഒരുകാലത്ത് സൗത്ത് ഇന്ത്യയിലെ താരറാണിയായിരുന്നു. ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളായ ഗുഡ് ബാഡ് അഗ്ലിയിലും ടൂറിസ്റ്റ് ഫാമിലിയിലും സിമ്രന്റെ സാന്നിധ്യമുണ്ടായിരുന്നു.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് കന്നത്തില്‍ മുത്തമിട്ടാല്‍. മണിരത്‌നം സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്. ആ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ ആറ് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തില്‍ ഇന്ദിര എന്ന കഥാപാത്രത്തെയാണ് സിമ്രന്‍ അവതരിപ്പിച്ചത്.

ആ സിനിമക്ക് മുമ്പ് തനിക്ക് മണിരത്‌നത്തോടൊപ്പം ഒരു ഹിന്ദി സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നെന്നും എന്നാല്‍ അത് നടന്നില്ലെന്നും സിമ്രന്‍ പറഞ്ഞു. താന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് കന്നത്തില്‍ മുത്തമിട്ടാല്‍ എന്നും അതിന് മണിരത്‌നത്തോട് നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു സിമ്രന്‍.

കന്നത്തില്‍ മുത്തമിട്ടാല്‍ എനിക്ക് വളരെ സ്‌പെഷ്യലായിട്ടുള്ള സിനിമയാണ്. സത്യം പറഞ്ഞാല്‍ ആ സിനിമക്ക് മുമ്പ് ഞാന്‍ മണി സാറിന്റെ മറ്റൊരു സിനിമ ചെയ്യേണ്ടതായിരുന്നു. ഹിന്ദി സിനിമയായിരുന്നു അത്. എന്നാല്‍ എന്റെ തിരക്കുകള്‍ കാരണം അത് നടന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചത്.

കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ ഓക്കെ പറഞ്ഞു. രാമേശ്വരത്തും ചെന്നൈയിലുമായിരുന്നു പടത്തിന്റെ ഷൂട്ട്. ഒരുപാട് റിഹേഴ്‌സലുകള്‍ ആ സിനിമക്ക് വേണ്ടി നടത്തിയിരുന്നു. വളരെ ഇമോഷണലായിട്ടുള്ള ഒരുപാട് സീനുകള്‍ ആ സിനിമയിലുണ്ടായിരുന്നു. അതെല്ലാം ഷൂട്ട് ചെയ്തത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. ഇന്ദിര എന്ന എന്റെ കഥാപാത്രം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്.

അതുമാത്രമല്ല, മണിരത്‌നം സാറിനെപ്പോലെ ലെജന്‍ഡായിട്ടുള്ള ഒരു സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് ഏതൊരു ആര്‍ട്ടിസ്റ്റിന്റെയും സ്വപ്‌നമാണല്ലോ. കന്നത്തില്‍ മുത്തമിട്ടാല്‍ ആ സ്വപ്‌നം പൂര്‍ത്തിയാക്കിയെന്ന് തന്നെ പറയാം. ഇത്രയും കാലത്തെ കരിയറില്‍ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളിലൊന്നാണത്,’ സിമ്രന്‍ പറയുന്നു.

Content Highlight: Simran saying Kannathil Mutthamittal movie is close to her heart

We use cookies to give you the best possible experience. Learn more