ഓസ്‌ട്രേലിയന്‍ മാജിക്കിനെ വെല്ലുന്ന പ്രോട്ടിയാസ് വജ്രായുധം; സൂപ്പര്‍ നേട്ടത്തില്‍ സൈമണ്‍ ഹാര്‍മര്‍!
Sports News
ഓസ്‌ട്രേലിയന്‍ മാജിക്കിനെ വെല്ലുന്ന പ്രോട്ടിയാസ് വജ്രായുധം; സൂപ്പര്‍ നേട്ടത്തില്‍ സൈമണ്‍ ഹാര്‍മര്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th November 2025, 11:22 am

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും വിജയിച്ച് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സൗത്ത് ആഫ്രിക്ക തൂത്തുവാരിയിരുന്നു. ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ 408 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ബാവുമയും സംഘവും സ്വന്തമാക്കിയത്. 549 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വെറും 140 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രോട്ടിയാസ് ഇന്ത്യന്‍ മണ്ണില്‍ ഒരു പരമ്പര സ്വന്തമാക്കുന്നത്.

പരമ്പരയിലുടനീളം പ്രോട്ടിയാസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ച താരമാണ് സൈമണ്‍ ഹാര്‍മര്‍. രണ്ട് ടെസ്റ്റുകളില്‍ നിന്നായി 17 വിക്കറ്റുകളാണ് സ്പിന്നര്‍ സ്വന്തമാക്കിയത്. പരമ്പരയിലെ താരവും സൈമന്‍ ഹാര്‍മര്‍ സ്വന്തമാക്കിയിരുന്നു.

ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2025ലെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന വലംകയ്യന്‍ സ്പിന്നറാകാനും സൈമണിന് സാധിച്ചു. ഈ നേട്ടത്തില്‍ ഓസീസ് മാജിക് സ്പിന്നര്‍ നഥാന്‍ ലിയോണിനെ മറികടന്നാണ് സൈമണ്‍ ഒന്നാമനായത്.

2025ലെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന വലംകയ്യന്‍ സ്പിന്നര്‍, ടീം, വിക്കറ്റ് (ഇന്നിങ്‌സ്) എന്ന ക്രമത്തില്‍

സൈമണ്‍ ഹാര്‍മര്‍ – സൗത്ത് ആഫ്രിക്ക – 28 (8)

നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 24 (12)

സാജിദ് ഖാന്‍ – പാകിസ്ഥാന്‍ – 21 (8)

മെഹ്ദി ഹസന്‍ മിര്‍സ് – ബംഗ്ലാദേശ് – 20 (8)

ഷൊയ്ബ് ബഷീര്‍ – ഓസ്‌ട്രേലിയ – (8)

അതേസമയം രണ്ടാം മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജയ്ക്ക് മാത്രമാണ് ബാറ്റിങ്ങില്‍ തിളങ്ങാനായത്. 87 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ സ്‌കോര്‍ ഇയര്‍ത്താന്‍ സാധിക്കാതെയാണ് മടങ്ങിയത്.

എല്ലാത്തിനും ഉപരി ഹോം ടെസ്റ്റില്‍ തോല്‍വികളുടെ പൂരമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നത്. മുഖ്യ പരിശീലകനായി മുന്‍ താരം ഗൗതം ഗംഭീര്‍ സ്ഥാനമേറ്റതോടെ റെഡ് ബോളില്‍ ഇന്ത്യ തോല്‍വികളുടെ പടുകുഴിയിലാണ്. മാത്രമല്ല വലിയ വിമര്‍ശനങ്ങളാണ് ഗംഭീറിന് നേരിടേണ്ടി വരുന്നത്.

Content Highlight: Simon Harmer In Great Record Achievement In 2025 Test Cricket