വെട്ടിയത് സാക്ഷാല്‍ സ്റ്റെയ്‌നിനെ; ഇന്ത്യന്‍ മണ്ണില്‍ ചരിത്രം കുറിച്ച് പ്രോട്ടിയാസിന്റെ തുറുപ്പുചീട്ട്
Sports News
വെട്ടിയത് സാക്ഷാല്‍ സ്റ്റെയ്‌നിനെ; ഇന്ത്യന്‍ മണ്ണില്‍ ചരിത്രം കുറിച്ച് പ്രോട്ടിയാസിന്റെ തുറുപ്പുചീട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th November 2025, 8:18 am

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും വിജയിച്ച് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സൗത്ത് ആഫ്രിക്ക തൂത്തുവാരിയിരുന്നു. ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ 408 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ബാവുമയും സംഘവും സ്വന്തമാക്കിയത്. 549 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വെറും 140 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രോട്ടിയാസ് ഇന്ത്യന്‍ മണ്ണില്‍ ഒരു പരമ്പര സ്വന്തമാക്കുന്നത്.

പരമ്പരയിലുടനീളം പ്രോട്ടിയാസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചതാരമാണ് സൈമണ്‍ ഹാര്‍മര്‍. രണ്ട് ടെസ്റ്റുകളില്‍ നിന്നായി 17 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും നേടിയാണ് താരം തിളങ്ങിയത്.

സൈമണ്‍ ഹാര്‍മര്‍- ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് കടപ്പാട് – എക്സ് – എസെക്സ് ക്രിക്കറ്റ്

ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇതോടെ പരമ്പയിലെ താരമാകാനും സൈമണിന് സാധിച്ചു. ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യയില്‍ ഇന്ത്യക്കെതിരായ ടെസ്റ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന സൗത്ത് ആഫ്രിക്കന്‍ താരമാകാനാണ് സൈമണിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ താരം ഡേല്‍ സ്റ്റെയ്‌നിനെ മറികടന്നാണ് താരം സൂപ്പര്‍ നേട്ടത്തിലെത്തിയത്.

ഇന്ത്യയില്‍ ഇന്ത്യക്കെതിരായ ടെസ്റ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന സൗത്ത് ആഫ്രിക്കന്‍ താരം, വിക്കറ്റ്

സൈമണ്‍ ഹാര്‍മര്‍ – 27

ഡെയ്ല്‍ സ്റ്റെയ്ന്‍ – 26

മോര്‍ണി മോര്‍ക്കല്‍ – 21

മഖായ ഇന്റ്‌നി – 18

അതേസമയം രണ്ടാം മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജയ്ക്ക് മാത്രമാണ് ബാറ്റിങ്ങില്‍ തിളങ്ങാനായത്. 87 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ സ്‌കോര്‍ ഇയര്‍ത്താന്‍ സാധിക്കാതെയാണ് മടങ്ങിയത്.

മാത്രമല്ല എല്ലാത്തിനും ഉപരി ഹോം ടെസ്റ്റില്‍ തോല്‍വികളുടെ പൂരമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നത്. മുഖ്യ പരിശീലകനായി മുന്‍ താരം ഗൗതം ഗംഭീര്‍ സ്ഥാനമേറ്റതോടെ റെഡ് ബോളില്‍ ഇന്ത്യ തോല്‍വികളുടെ പടുകുഴിയിലാണ്. മാത്രമല്ല വലിയ വിമര്‍ശനങ്ങളാണ് ഗംഭീറിന് നേരിടേണ്ടി വരുന്നത്.

Content Highlight: Simon Harmer In Great Record Achievement