ന്യൂസിലാൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച റിങ്കു സിങ്ങിനെ പ്രശംസിച്ച് മുൻ ന്യൂസിലാൻഡ് താരവും ക്രിക്കറ്റ് കമൻ്റേറ്ററുമായ സൈമൺ ഡൗൾ. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് റിങ്കു സിങ് എന്ന് സൈമൺ പറഞ്ഞു. ഐ.പി.എല്ലിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന് ഇന്ത്യൻ ടീമിൽ എത്തിയശേഷം അധികം മത്സരങ്ങൾ ലഭിച്ചില്ലെന്ന് സൈമൺ വിമർശിച്ചു. മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതിൽ അസാധാരണമായ കഴിവുള്ള താരമാണ് റിങ്കുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘കളിയിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് റിങ്കു സിങ്. നാലോ അഞ്ചോ വർഷങ്ങൾക്ക് മുമ്പ് ഐ.പി.എല്ലിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഇന്ത്യയ്ക്കായി വേണ്ടത്ര ടി20 ക്രിക്കറ്റ് അദ്ദേഹം കളിച്ചിട്ടില്ലെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. അദ്ദേഹം ഇനിയും ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടതായിരുന്നു, അദ്ദേഹം 100 മത്സരങ്ങളെങ്കിലും കളിക്കേണ്ടതായിരുന്നു.
ഫിനിഷിങ് റോളിൽ റിങ്കുവിനെ പിന്തുണയ്ക്കേണ്ടതുണ്ട്, കാരണം അദ്ദേഹം അതിൽ അസാധാരണനാണ്. ഉയരം ഇല്ലാതിരുന്നിട്ടും, അദ്ദേഹം അത്രയേറെ ശക്തനാണ്. ഡെത്ത് ഓവർ സമയത്ത് അദ്ദേഹത്തിന് എതിരെ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണ്, ഡൗൾ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.