തമിഴ് സിനിമാലോകം കണ്ട ഏറ്റവും വലിയ ആഘോഷമാകും ജൂലൈ 23ന് അരങ്ങേറാന്‍ പോകുന്നത്. തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ അവസാന ചിത്രം ജന നായകന്‍ എല്ലാ പ്രതിസന്ധികളും മറികടന്ന് പ്രദര്‍ശനത്തിനെത്തുകയാണ്. ജനുവരിയില്‍ റിലീസാകേണ്ട ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ വൈകുകയായിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് ജന നായകന്‍ തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ പരമാവധി ശ്രമിച്ചിരുന്നെങ്കിലും നടക്കാതെ പോയി. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. ദളപതി വിജയ് എന്നതിന് പുറമെ ‘ചീഫ് മിനിസ്റ്റര്‍ വിജയ്’ എന്ന ടൈറ്റില്‍ കൂടി ജന നായകനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് രണ്ടാം വട്ടമാണ് തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായ ഒരു നടന്റെ സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. പുരട്ചി തലൈവര്‍ എം.ജി.ആറിന്റെ അവസാന ചിത്രം അദ്ദേഹം മുഖ്യമന്ത്രിയായ ശേഷമാണ് തിയേറ്ററുകളിലെത്തിയത്. 1977 ഡിസംബറിലാണ് എം.ജി.ആര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തത്. 1978 ജനുവരി 14നാണ് എം.ജി.ആറിന്റെ അവസാന ചിത്രമായ മധുരൈയെ മീട്ട സുന്ദരപാണ്ഡ്യന്‍ പ്രദര്‍ശനത്തിനെത്തിയത്.
എം.ജി.ആറിന് ശേഷം സിനിമാലോകത്ത് തിളങ്ങുകയും മുഖ്യമന്ത്രിയാവുകയും ചെയ്ത വിജയ് അദ്ദേഹത്തിന്റെ ചരിത്രം ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം ഈ ചരിത്രം വേണ്ടെന്നും ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. എം.ജി.ആറിന്റെ അവസാന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയായിരുന്നു. ജന നായകന് ഈ ഗതി വരരുതേയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എം.ജി.ആര്‍ തന്നെ സംവിധാനം ചെയ്ത ചിത്രമായിരുന്നു മധുരൈയെ മീട്ട സുന്ദരപാണ്ഡ്യന്‍. കയല്‍വിഴി എന്ന നോവലിനെ ആസ്പദമാക്കി വന്‍ ബജറ്റിലൊരുക്കിയ ചിത്രത്തില്‍ എം.ജി.ആറിന് പുറമെ ലത, പദ്മപ്രിയ, എം.എന്‍. നമ്പ്യാര്‍ തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു. പുരട്ചി തലൈവറായി ഒരുപാട് ഹിറ്റുകളൊരുക്കിയ എം.ജി.ആറിന് അവസാനസിനിമയില്‍ കൈപൊള്ളിയത് വലിയ വാര്‍ത്തയായിരുന്നു.
വന്‍ ബജറ്റിലും വലിയ താരനിരയിലുമാണ് ജന നായകനും തിയേറ്ററുകളിലെത്തുന്നത്. തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കിനൊപ്പം വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടി.വി.കെയെ ബൂസ്റ്റ് ചെയ്യുന്ന രംഗങ്ങളും ജന നായകനിലുണ്ട്. ‘വണ്‍ ലാസ്റ്റ് ഡാന്‍സ്’ എന്ന ടാഗ്‌ലൈനിലെത്തുന്ന ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിധി എന്താകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
After 48 years, Audiences are set to witness a HISTORIC Moment.💥👌