സമാനതകളില്ലാത്ത ചരിത്രവിജയമാണ് വാഴ 2 സ്വന്തമാക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്തവരെ അണിനിരത്തി നവാഗത സംവിധായകന്‍ സവിന്‍ സാ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിയിലേറെയാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന മൂന്നാമത്തെ മലയാള സിനിമയെന്ന റെക്കോഡും വാഴ 2നാണ്.

ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരുന്നു. വാഴ 2ന്റെ നിര്‍മാതാക്കളിലൊരാളായ സാഹു ഗൃഹപതിയാണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിനെത്തിച്ചത്. തെലുങ്ക് വേര്‍ഷന്റെ പ്രീ റിലീസ് ഇവന്റില്‍ അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്തു. പിന്നാലെ തെലുങ്ക് സൂപ്പര്‍താരം റാം ചരണ്‍ വാഴയിലെ അഭിനേതാക്കളെ അഭിനന്ദിച്ചതും വാര്‍ത്തയായി.

ഹാഷിറും റാം ചരണും ഒന്നിച്ചുള്ള ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. രണ്ട് വ്യത്യസ്ത ഇന്‍ഡസ്ട്രിയില്‍, വ്യത്യസ്ത സാഹചര്യങ്ങളിലൂടെ സിനിമയിലേക്കിയ ഇരുവരും തമ്മിലുള്ള മറ്റൊരു സാമ്യതയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. രണ്ട് പേരുടെയും രണ്ടാമത്തെ ചിത്രം ആദ്യ സിനിമയെക്കാള്‍ വലിയ വിജയമായിരുന്നു.

ഹാഷിര്‍ ഭാഗമാകുന്ന രണ്ടാമത്തെ ചിത്രമാണ് വാഴ 2. വാഴയുടെ ആദ്യഭാഗത്തില്‍ വെറും മൂന്ന് സീനില്‍ മാത്രമാണ് ഹാഷിര്‍ പ്രത്യക്ഷപ്പെട്ടത്. ഹാഷിറിനെ കാണിച്ച സീനുകളിലെല്ലാം ഗംഭീര കൈയടികളായിരുന്നു. രണ്ടാമത്തെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി പ്രത്യക്ഷപ്പെട്ട് പലരെയും ഞെട്ടിക്കാന്‍ ഹാഷിറിന് സാധിച്ചു. കോമഡിക്കൊപ്പം ഇമോഷണല്‍ രംഗങ്ങളും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചു. രണ്ടാമത്തെ ചിത്രം വരുംദിവസങ്ങളില്‍ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയേക്കുമെന്നാണ് കരുതുന്നത്.

റാം ചരണിന്റെ ഫിലിമോഗ്രഫിയും വ്യത്യസ്തമല്ല. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിരുത എന്ന ചിത്രത്തിലൂടെയാണ് റാം ചരണ്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യചിത്രം നിര്‍മാതാവിന് ചെറിയ ലാഭം മാത്രമാണ് സമ്മാനിച്ചത്. എന്നാല്‍ രണ്ടാമത്തെ ചിത്രത്തിലൂടെ തന്റെ റേഞ്ച് റാം ചരണ്‍ വ്യക്തമാക്കി. രാജമൗലി സംവിധാനം ചെയ്ത മഗധീര ടോളിവുഡിലെ ചരിത്രവിജയമായി മാറി. ആക്ഷനും ഇമോഷനും തനിക്ക് നിഷ്പ്രയാസം ചെയ്യാനാകുമെന്ന് തെളിയിച്ച റാം ചരണ്‍ രണ്ടാമത്തെ സിനിമയിലൂടെ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും സ്വന്തമാക്കി.

എന്നാല്‍ ഇരുവരും സിനിമയിലേക്കെത്തിയ രീതി വ്യത്യസ്തമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തെലുങ്കിലെ ശക്തരായ സിനിമാകുടുംബത്തിലെ അംഗമായതിനാല്‍ റാം ചരണ് സിനിമയിലേക്കെത്താന്‍ അധികം കഷ്ടപ്പെടേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ ആരുടെയും സഹായമില്ലാതെ സ്വന്തം കഴിവ് കൊണ്ടാണ് ഹാഷിര്‍ സിനിമയിലേക്ക് കടന്നുവന്നതെന്നാണ് കമന്റുകള്‍.

Content Highlight: Similarities between Haashir and Ram Charan filmography viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ