ബള്‍ട്ടിയില്‍ കൂട്ടുകാരന്‍ ചതിക്കുന്നു, ദൃഢത്തില്‍ കൂടെയുള്ള പൊലീസുകാര്‍ ചതിക്കുന്നു... മലയാളത്തില്‍ പുതിയ 'പറ്റിക്കപ്പെടല്‍ സ്റ്റാറാ'യി ഷെയന്‍ നിഗം
Malayalam Cinema
ബള്‍ട്ടിയില്‍ കൂട്ടുകാരന്‍ ചതിക്കുന്നു, ദൃഢത്തില്‍ കൂടെയുള്ള പൊലീസുകാര്‍ ചതിക്കുന്നു... മലയാളത്തില്‍ പുതിയ 'പറ്റിക്കപ്പെടല്‍ സ്റ്റാറാ'യി ഷെയന്‍ നിഗം
അമര്‍നാഥ് എം.
Wednesday, 15th July 2026, 8:46 pm

ചെറുപ്രായത്തില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ഷെയ്ന്‍ നിഗം. 15ാം വയസില്‍ ആദ്യ സിനിമ ചെയ്ത ഷെയ്‌ന് വളരെ വേഗത്തില്‍ ഇന്‍ഡസ്ട്രിയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്തു. ഏത് തരം വേഷവും അനായാസമായി പകര്‍ന്നാടാവുന്ന കഴിവ് മറ്റ് യുവതാരങ്ങളില്‍ നിന്ന് ഷെയ്‌നിനെ വ്യത്യസ്തനായി നിര്‍ത്തുന്നുണ്ട്.

മലയാളത്തില്‍ ഏറ്റവും നന്നായി ആക്ഷന്‍ സീനുകള്‍ കൈകാര്യം ചെയ്യുന്ന യുവനടന്മാരില്‍ മുന്‍പന്തിയിലാണ് ഷെയ്ന്‍ നിഗം. ഇതിനെ അടിവരയിട്ട് പറയുന്ന ചിത്രങ്ങളിലൊന്നാണ് ബള്‍ട്ടി. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ ബള്‍ട്ടി അടുത്തിടെയാണ് ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ബള്‍ട്ടിയുടേത്.

ചിത്രം ഒ.ടി.ടിയില്‍ ചര്‍ച്ചയായതോടെ ഷെയ്‌നിന്റെ കരിയറിലെ ഒരു അണ്ടര്‍റേറ്റഡ് സാമ്യത ട്രോളന്മാര്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ബള്‍ട്ടിക്ക് ശേഷം ഷെയ്ന്‍ നായകനായ ദൃഢവുമായി പലരും താരതമ്യം ചെയ്യുകയാണ്. രണ്ട് സിനിമയിലും ഷെയ്ന്‍ അവതരിപ്പിച്ച നായക കഥാപാത്രം പറ്റിക്കപ്പെടുന്നതായാണ് കാണിക്കുന്നത്.

ബള്‍ട്ടിയില്‍ ഷെയ്ന്‍ അവതരിപ്പിച്ച ഉദയന്‍ എന്ന കഥാപാത്രത്തെ കൂട്ടുകാരനായ കുമാര്‍ (ശാന്തനു) കൂടെനിന്ന് ചതിക്കുന്നുണ്ട്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ വില്ലന്മാരുടെ മുന്നിലേക്ക് ഉദയനെയും മറ്റുള്ളവരെയും ഇട്ടുകൊടുത്തിട്ട് രക്ഷപ്പെടുകയാണ് കുമാര്‍ എന്ന കഥാപാത്രം. എന്നാല്‍ വില്ലന്മാരെ കൊന്നതിന് ശേഷം പൊലീസ് ജോലിയില്‍ ഉദയന്‍ പ്രവേശിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

ദൃഢത്തിലാകട്ടെ പൊലീസ് ജോലി ലഭിച്ച ശേഷം ആദ്യമായി പോസ്റ്റിങ് കിട്ടുന്ന സ്‌റ്റേഷനില്‍ ഷെയ്ന്‍ അവതരിപ്പിച്ച വിജയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് കഥ. ബാങ്ക് മോഷണം, കൊലപാതക പരമ്പരകള്‍ എന്നിങ്ങനെ ഒരുപാട് വെല്ലുവിളികള്‍ വിജയ്‌യുടെ മുന്നിലേക്ക് വരികയാണ്. ആരാണ് ഇതിന്റെയെല്ലാം പിന്നിലെന്ന് അന്വേഷിച്ച് ഒടുവില്‍ തന്റെ സ്റ്റേഷനിലെ പൊലീസുകാരാണെന്ന് വിജയ് തിരിച്ചറിയുകയാണ്.

തുടര്‍ച്ചയായി രണ്ട് സിനിമകളില്‍ ഒപ്പമുള്ളവരുടെ ചതിക്ക് ഇരയായതോടെ മലയാളത്തിലെ പുതിയ പറ്റിക്കപ്പെടല്‍ സ്റ്റാര്‍ എന്ന വിളിപ്പേര് ഷെയ്‌നിന് ട്രോളന്മാര്‍ നല്‍കിയിരിക്കുകയാണ്. ഒരിടക്ക് ഡിപ്രഷന്‍ ബാധിച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് ഡിപ്രഷന്‍ സ്റ്റാര്‍ എന്ന ടൈറ്റിലും ട്രോള്‍ പേജുകള്‍ ഷെയ്‌നിന് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തരം ട്രോളുകളില്‍ തളരാതെ തന്നിലെ നടന് വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ഷെയ്ന്‍.

Content Highlight: Similarities between Balti and Dridam viral in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം