രാജീവ് രാമചന്ദ്രന്‍
രാജീവ് രാമചന്ദ്രന്‍
silly point
CR7- പ്ലേസ്റ്റേഷനും മൈതാനത്തിനുമിടയില്‍
രാജീവ് രാമചന്ദ്രന്‍
Tuesday 10th April 2018 1:50pm

അതൊരു പ്ലേസ്റ്റേഷന്‍ ഗോളായിരുന്നു – ലോകമെങ്ങുമുള്ള ഫുട്ബോള്‍ നിരീക്ഷകരും കളിക്കാരുമെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിന്റെ വലയിലേക്ക് തൊടുത്ത ആ ബൈസിക്കിള്‍ കിക്കിനെ നിര്‍വചിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ എനിക്കേറ്റവും ശ്രദ്ധേയമായി തോന്നിയത് മുന്‍ ഇറ്റാലിയന്‍ ദേശീയ കളിക്കാരനും യുവന്റസിന്റെ ഡിഫന്‍ഡറുമായ ആന്ദ്രെയാ ബര്‍സാലിയുടെ ഈ നിരീക്ഷണമാണ്.

തന്റെ തലക്കു മുകളിലൂടെ മനുഷ്യസാധ്യമായ ഏറ്റവും മികച്ച കൃത്യതയോടെ റൊണാള്‍ഡോ പന്ത് പോസ്റ്റിലേക്ക് തൊടുക്കുമ്പോള്‍ അതിന്റെ വഴിയില്‍ നിസ്സഹായനായി നിന്നിരുന്നയാളാണ് ബര്‍സാലി. ഒരുപക്ഷെ വായുവില്‍ മറിയുന്ന റൊണാള്‍ഡോയുടെ ജ്യാമിതീയ രൂപചാരുത അയാളെ ഒരു നിമിഷത്തേക്ക് സ്തബ്ധനാക്കിയിരിക്കാം. ക്ലബ് ഫുടബോള്‍ ശ്രദ്ധിക്കുന്ന മുഴുവനാളുകളേയും ആ ഒരു നിമിഷത്തില്‍ നിശ്ചലരാക്കാന്‍ പോന്നതായിരുന്നു ആ ഓവര്‍ഹെഡ് കിക്കെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമേതുമുണ്ടാവില്ല.

ആന്ദ്രെയാ ബര്‍സാലി

 

പക്ഷെ ആ കിക്ക്, അതിന്റെ സ്ഥലകാലങ്ങളില്‍ ഏറ്റവും അടുത്തുനിന്ന് അനുഭവിച്ചയാളുടെ വാക്കുകളില്‍ അതിന് ലഭിച്ച വിശേഷണം വിഡിയോ ഗെയിം ഗോളെന്നാണ്. ‘റോണാള്‍ഡോയെ പോലുള്ള ഒരു ലോകോത്തര കളിക്കാരനെ അത്രയും സ്വതന്ത്രനാക്കി വിട്ടുകൂടാ, വിട്ടാല്‍ അയാള്‍ നിങ്ങളെ തകര്‍ത്തുകളയും. ചരിത്രത്തിലിടം നേടുന്ന ആ ഗോള്‍ അയാള്‍ ഒരു നിമിഷാര്‍ദ്ധം കൊണ്ട് സൃഷ്ടിച്ചെടുത്തതാണ്, പക്ഷെ എന്തു ചെയ്യാം അത് ഞങ്ങള്‍ക്കെതിരെയായിപ്പോയി’, റൊണാള്‍ഡോക്കുള്ള പ്രകീര്‍ത്തനങ്ങളായി ബര്‍സാലി തന്റെ വിവരണം ഇനിയും തുടരുന്നുണ്ട്, പക്ഷെ ആദ്യത്തെ ഒറ്റവാചകത്തില്‍ ആ ഇറ്റലിക്കാരന്‍ നിര്‍വചിച്ചത് ആ ഗോളിനെ മാത്രമല്ല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന താരത്തെ തന്നെയാണ്.

എന്തുകൊണ്ട് ഞാന്‍ ക്രിസ്ത്യാനോ റോണാള്‍ഡോയുടെ ആരാധകനല്ല എന്ന ചോദ്യത്തില്‍ നിന്നാണ് ഈ ചിന്തകളുടെ തുടക്കം. കളിക്കളത്തിലെ മനുഷ്യരുടെ രേഖീയ ചലനങ്ങള്‍ എന്നെ കാര്യമായി ഭ്രമിപ്പിക്കാറില്ല. അവയേക്കാള്‍ എന്നെ ആനന്ദിപ്പിക്കുന്നത് വളവുകളുടെ ചലനവടിവുകളാണ്. ആ ഒഴുക്കിനുള്ള താളാത്മകവും മനോഹരവുമായ പൂര്‍ണത യന്ത്രസമാനമായ (Robotic) നേര്‍രേഖാചലനങ്ങള്‍ക്കില്ല. വളവുകള്‍ (Curves)തീരെ കുറഞ്ഞ, ഏറെയും രേഖീയമായ നീക്കങ്ങളിലൂടെയുള്ള ഒരു തരം ‘പുരുഷത്വപൂര്‍ണത’ക്കുള്ള ത്വരയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശരീരഭാഷയിലുടനീളം ഞാന്‍ കാണുന്നത്.

ഞാനൊരു ഫാനല്ലാത്തതും ഇതുകൊണ്ടുതന്നെയാണെന്ന വിശദീകരണം കൊണ്ട് പക്ഷെ ഏറെപ്പേരെയൊന്നും തൃപ്തിപ്പെടുത്താനാവില്ല, പ്രത്യേകിച്ച് പുതുതലമുറ സ്പോര്‍ട്സ് പ്രേമികളെ. ആലോചനകളിലും രാഷ്ട്രീയത്തിലുമെല്ലാം എന്നോടു ചേര്‍ന്നു നില്‍ക്കുന്ന സുഹൃത്തുക്കളിലൊരാളായ പ്രമോദ് രാമന്റെ പതിനഞ്ചുകാരനായ മകന്‍ അമലേന്ദുവിനെ ഉദാഹരണമായി എടുക്കാം.

ഇളവില്ലാത്ത റോണോ ഫാനായ അമലു എന്റെ ഫേസ് ബുക്ക് കുറിപ്പിനെഴുതിയ പ്രതികരണത്തില്‍ ഇങ്ങനെയാണ് പറയുന്നത്- ഫുട്ബോളില്‍ രണ്ടു തരത്തിലുള്ള കളിക്കാരുണ്ട്, ഷോബോട്ടേഴ്സും (Showboaters) അല്ലാത്തവരും റൊണാള്‍ഡോയും അലക്സി സാഞ്ചസുമെല്ലാം ഷോബോട്ടേഴ്സില്‍ പെടും(ഇതേക്കുറിച്ച് കൂടുതല്‍ വഴിയെ പറയാം). നിങ്ങള്‍ മെസ്സിയുടെ കളി ഇഷ്ടപ്പെടുന്നതിനാല്‍ മാത്രം മറ്റവരെ തള്ളിക്കളയരുത്, കണിശതയുള്ളതുകൊണ്ടു മാത്രം റൊണാള്‍ഡോയുടെ നീക്കങ്ങള്‍ റോബോട്ടിക് ആണെന്ന് പറയരുത് അവ ക്ലിനിക്കല്‍ ആണ്- കൗമാരക്കാരനായ ആരാധകന്റെ വൈകാരികത മാറ്റിവച്ചാല്‍ അമലുവിന്റെ വിലയിരുത്തല്‍ ഗൗരവമുള്ള പരിഗണന അര്‍ഹിക്കുന്ന ഒന്നാണ്.

 

എത്ര കൃത്യതയോടെയാണ് അവനടക്കമുള്ള കൗമാരക്കാര്‍ ഒരു മത്സരനിമിഷത്തെ വിശകലനം ചെയ്യുന്നതെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. യുവന്റസ് പ്രതിരോധ നിരക്കാര്‍ സ്വതന്ത്രനാക്കി വിട്ട റൊണാള്‍ഡോയെ അവര്‍ നിരീക്ഷിക്കുന്നുണ്ട്, ലൂക്കാസ് വാസ്‌കസിന്റെ തലയെ ലക്ഷ്യമിട്ട് നല്‍കിയ ആ ക്രോസ്സ് അതിനിടയില്‍ നിന്നു കൊണ്ട് ഏതാണ്ട് അപ്രായോഗികമായ ഒരു ഉയര്‍ന്നു ചാട്ടത്തിലൂടെ തലക്കു മുകളിലൂടെ പുറകിലേക്ക് മറിച്ച റൊണാള്‍ഡോയുടെ ധീരതയെ അവര്‍ ആരാധിക്കുകയാണ്. ആ പന്തിനെ പോസ്റ്റിന്റെ വലതുമൂലയിലേക്കുപായിക്കാന്‍ കഴിഞ്ഞ ആ കൃത്യതയില്‍, ആ ദൃശ്യത്തിന്റെ ജ്യാമിതീയ ചാരുതയില്‍ അവര്‍ മതിമറന്നു പോകുന്നുമുണ്ട്. ജ്യാമിതീയതയുടെ അതിപ്രസരമുള്ള റൊണാള്‍ഡോ നീക്കങ്ങള്‍ പുതുമുറക്കാരെ ഇത്രകണ്ട് ആകര്‍ഷിക്കുന്നതിന്റെ കാരണമന്വേഷിക്കുമ്പോഴാണ് മൈതാനത്തിനു പുറത്തുള്ള മീഡിയേറ്റഡ് സ്പോര്‍ട്സിന്റെ പുതിയ ആകാശത്തേക്ക് നമ്മള്‍ എത്തിപ്പെടുന്നത്.

വിവിധങ്ങളായ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകുന്ന കായിക വിനോദങ്ങളുടെ സിമുലേഷേന്‍സ് മൈതാനത്ത് നടക്കുന്ന യഥാര്‍ത്ഥ കളിയെ പലവിധത്തിലും സ്വാധീച്ചു തുടങ്ങിയിരിക്കുന്നുവെന്ന വസ്തുത വിശകലനം നടത്തുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്നുണ്ട്. റോബര്‍ട് അലന്‍ ബ്രൂക്കി, തോമസ് പാട്രിക് ഓറ്റ്സ് എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത Playing to Win- Sports, Video games and the Culture of Play എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ അവര്‍ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്.

 

‘Sports studies have not adequately addressed how new digital technologies and new networks and modes of engagement are changing the cultural work of contemporary mediated sport. The dreath of scholarship is especially glaring given he growing importance of these games in promoting the professional sports leagues they simulate and the increasingly prominent convergence between video gaming and sport’.

ചുരുങ്ങിയ പക്ഷം വിഡിയോ ഗെയിമിംഗ്, അതില്‍ തന്നെ സിമുലേഷന്‍ ഗെയിമുകള്‍ ഇത്രക്ക് സാര്‍വത്രികത നേടിയ കഴിഞ്ഞ ഏതാണ്ട് പതിനഞ്ചോ ഇരുപതോ വര്‍ഷക്കാലയളവിലെങ്കിലും ഫുട്ബോളുള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്കുണ്ടായിട്ടുള്ള പരിണാമം സവിശേഷ പഠനം അര്‍ഹിക്കുന്നുണ്ട്. കളിക്കളത്തിനു സമാന്തരമായി നിലനില്‍ക്കുന്ന ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ കായിക ശരീരങ്ങളിലേക്ക് എത്രമാത്രം കടന്നു കയറിയിട്ടുണ്ടെന്നത് ഒരു പക്ഷെ നമ്മെ അത്ഭുതപ്പെടുത്തിയേക്കാം.

വിഡിയോ ഗെയിമിംഗിനൊപ്പം വളരുന്ന യുവാക്കള്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളി രീതിയുമായി താദാത്മ്യം പ്രാപിക്കാനാവുന്നതെങ്ങനെയെന്ന് എനിക്കു കാണിച്ചു തരുന്നത്, ആന്ദ്രെയാ ബര്‍സാലിയുടെ ആ പ്രയോഗമാണ്- പ്ലേ സ്റ്റേഷന്‍ ഗോള്‍. ബര്‍സാലിയുടെ പ്രയോഗത്തിന്റെ സ്വാധീനത്താലാവണം എ.എഫ്.പി അവരുടെ സ്റ്റോറിയിലും ക്രിസ്റ്റ്യാനോയുടെ ഗോളിനെ വിളിക്കുന്നത് വിഡിയോഗെയിം ഗോളെന്നാണ്. വിഡിയോ ഗെയിമിലേതുപോലുള്ള ഒരു പ്രകടനം എന്നത് പ്രശംസയാണോ വിമര്‍ശമാണോ എന്നതാണ് അടുത്ത പ്രശ്നം.

പുതുതലമുറ വിഡിയോ ഗെയിമുകളില്‍ സിമുലേറ്റ് ചെയ്യപ്പെടുന്നത് കളിക്കാരുടെ രൂപം മാത്രമല്ല, അവരുടെ ആകാര-ചലനസവിശേഷതകളും കൂടിയാണ്. ലോകമെങ്ങുമുള്ള ലക്ഷോപലക്ഷം ഗെയിമര്‍മാര്‍ കളിക്കാരുടെ ത്രിമാന രൂപത്തിലൂടെ അവര്‍ക്ക് പരീക്ഷിക്കാവുന്ന അനന്തമായ ചലന സാധ്യതകള്‍ ഓരോ നിമിഷവും ഉത്പാദിപ്പിക്കുന്നുണ്ട്. ഇത്തരം സാധ്യതകളിലേക്ക് തന്റെ ശരീരത്തെ തുറന്നുവക്കുന്നവനാണ് ഇന്നത്തെ ഓരോ കളിക്കാരനും. ഓരോ പ്രഫഷണല്‍ ക്ലബ്ബുകളുടേയും പരിശീലന പദ്ധതിയില്‍ ഗെയിം സിമുലേഷന്‍സ് ഉള്‍പ്പെടുന്നുണ്ട്.

 

 

സ്വന്തം കളിക്കാരന്റേയും എതിരാളിയുടേയും ചലനസവിശേഷതകള്‍ മുന്‍നിര്‍ത്തി തന്ത്രങ്ങളാവിഷ്‌കരിക്കാന്‍ ചുമതലയുള്ള പ്രത്യേകസംഘം ഓരോ ക്ലബ്ബിനുമുണ്ട്. ടീമുകള്‍ അനലിറ്റിക്-ഇന്‍വെസ്റ്റിഗേറ്റീവ് ടൂളെന്ന നിലയില്‍ സ്ലോമോഷന്‍ റീപ്ലേകളെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള ധാരാളം ഗവേഷണങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നടന്നിട്ടുണ്ട്. എന്നാല്‍ സിമുലേഷന്‍ ഗെയിമിംഗിനെ കളിക്കളത്തിലുപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള പഠനങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. ഗെയിമിംഗ് പ്ലാറ്റ്ഫോമുകളില്‍ കളിക്കാരുടെ ത്രിമാനതയുള്ള ഡിജിറ്റല്‍ സദൃശരൂപങ്ങള്‍ക്ക് എത്രകണ്ട് അവ പ്രതിനിധാനം ചെയ്യുന്ന യഥാര്‍ത്ഥ മനുഷ്യനുമായി സാമ്യപ്പെടാനാവുന്നുണ്ട് എന്നാണല്ലോ ഗെയിമുകളുടെ ഉപഭോക്താക്കളെന്ന നിലയില്‍ നമ്മള്‍ നോക്കാറുള്ളത്.

എന്നാല്‍ തന്റെ ഡിജിറ്റല്‍ പ്രതിരൂപത്തിന് സാധ്യമാവുന്ന റൊബോട്ടിക് മൂവ്മെന്റുകളെ കളിക്കളത്തില്‍ ക്ലിനിക്കല്‍ പെര്‍ഫെക്ഷനോടെ പുനരാവിഷ്‌കരിക്കാന്‍ ജീവനുള്ള ശരീരങ്ങള്‍ ശ്രമിക്കുന്നുണ്ടോ എന്നതും പഠനവിധേയമാക്കേണ്ടതുണ്ട്. ബര്‍സാലിയുടെ പ്ലേസ്റ്റേഷന്‍ ഗോളെന്ന പ്രയോഗം ഇതിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. ഞാന്‍ റോബോട്ടിക്ക് എന്ന് വിമര്‍ശിക്കുന്ന റൊണാള്‍ഡോ നീക്കങ്ങളെ ക്ലിനിക്കല്‍ എന്ന് പ്രശംസിക്കാന്‍ അമലു ഉള്‍പ്പെടെയുള്ള പുതുമുറക്കാരെ പ്രാപ്തരാക്കുന്നത് ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുമായുള്ള അവരുടെ ചങ്ങാത്തമായിരിക്കണം. ഇവിടെ എന്നേയും അവനേയും വേര്‍ത്തിരിക്കുന്നത് ഒരു പക്ഷെ മുപ്പത് വര്‍ഷങ്ങളേക്കാള്‍ ഒരു ഗെയിമിംഗ് കണ്‍സോളാവണം.

കളിയെന്ന നിലയില്‍ ഫുട്ബോളിന് സാധ്യമായ രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക അട്ടിമറികളെ ഡിജിറ്റല്‍ ഗെയിമുകള്‍ റദ്ദാക്കുന്നതെങ്ങനെയെന്ന് ഡോ. സ്റ്റീഫന്‍ കോണ്‍വേ, Avastars: The Encoding of Fame within Sport Digital Games എന്ന പ്രബന്ധത്തില്‍ വിശദീകരിക്കുന്നുണ്ട്. ‘The osccer video game wipes the semiotic slate clean and reconstructs a Utopian presentation of the sport aligned with the mathematical precision and neutrality of the machine, with the potential for any political, oscial, or cultural subversion of the sport (as osmetimes practiced by the players and fans themselves) nullified……. By transforming the celebrity into a hyper-ludic game piece primed for heroic acts, the developers propagate a form of cult worship synchronic with mass-media production.

 

അമിതാത്മവിശ്വാസത്തില്‍ നിന്നുണ്ടാവുന്ന പ്രദര്‍ശനപരതയെയാണ് Showboating എന്ന പ്രയോഗം സൂചിപ്പിക്കുന്നത്. മക്മില്ലന്‍ ഡിക്ഷണറി ഷോബോട്ടിംഗിന് നല്‍കുന്ന നിര്‍വചനം ഇതാണ്
‘A behaviour that is intended to make people notice and admire you. Showboating is pervasive in sport, where an athlete or competitor will perform over-exaggerated or outrageous actions before (or instead of) achieving their intended goal’.

സ്പോര്‍ട്സിലും അപൂര്‍വമായി ലൈംഗിക ഭാഷാശാസ്ത്രത്തിലും (അതും അനാശാസ്യമായ ഒരു സ്വഭാവവൈകല്യത്തെ കുറിക്കാന്‍) ഉപയോഗിച്ചു പോരുന്ന ഈ അമേരിക്കന്‍ പ്രയോഗം അധികവും നിഷേധാര്‍ത്ഥത്തിലാണ്. ബോക്സര്‍ മുഹമ്മദലി മുതല്‍ ഉസൈന്‍ ബോള്‍ട്ട് വരെയുള്ള പലരും ഷോബോട്ടിംഗിന്റെ പേരില്‍ ‘കുപ്രസിദ്ധ’രുമാണ്. ഡച്ച് ഫുട്ബോളിലെ ഒരുകാലത്തെ സൂപ്പര്‍സ്റ്റാറായിരുന്ന റൂഡ് വാന്‍ നിസ്റ്റല്‍റൂയ് മാന്‍ചെസ്റ്റര്‍ യുണൈറ്റഡ് കാലത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരസ്യമായി ശാസിച്ചതും ഷോബോട്ടിംഗിന്റെ പേരിലാണ്.

എന്നാല്‍ ഈ പ്രദര്‍ശനപരതക്ക് അടുത്ത കാലത്തായി ലഭിക്കുന്ന വലിയ തോതിലുള്ള സ്വീകാര്യതയും ഒരു വേള ഗെയിമിംഗിലെ ആനിമേറ്റഡ് ആയ താരചലനങ്ങളുടെ കടന്നുവരവോടെയാവണം. കളിക്കളത്തിലെ സ്വാഭാവിക ചലനവും ഗെയിമുകളിലെ ചിത്രീകൃത ചലനവും തമ്മിലുള്ള കൊടുക്കല്‍വാങ്ങലിന്റെ ഒരു സവിശേഷ ഘട്ടമായി വേണം ഈ കാലത്തെ കാണാന്‍. റൊണാള്‍ഡോയുടെ ഗോളിലേക്ക് തിരിച്ചു വരാം. ബൈസിക്ക്ള്‍ കിക്കെന്നും സിസേഴ്സ് കിക്കെന്നുമെല്ലാം പേരുള്ള ഈ സവിശേഷമായ കൗശലത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

 

ഫുട്ബോളിലെ എക്കാലത്തേയും ഗ്ലാമര്‍ നീക്കമായ ഈ ഓവര്‍ഹെഡ് കിക്കിനുള്ള ആരാധനാമൂല്യവും അതിനൊക്കും വിധം ഉയര്‍ന്നതാണ്. പെലെ മുതല്‍ സ്ലാറ്റാന്‍ ഇബ്രാഹിമോവിച്ച് വരെയുള്ള രാജ്യാന്തര പ്രശസ്തരും, ഐ.എം വിജയനടക്കമുള്ള നമ്മുടെ സ്വന്തം പ്രതിഭകളും സിസര്‍ക്കിക്കിന്റെ പേരില്‍ അറിയപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കളത്തില്‍ നിരന്തരം പരീക്ഷിക്കുന്നതുമാണിത്. ഇരുപതിലേറെ തവണ റൊണാള്‍ഡോ ഓവര്‍ഹെഡ് കിക്ക് പരീക്ഷിക്കുന്ന വിഡിയോകള്‍ യൂറ്റിയൂബില്‍ ലഭ്യമാണ്.

 

ഏപ്രില്‍ മൂന്നിനു മുമ്പ് ഒരു തവണ മാത്രമേ റൊണാള്‍ഡോക്ക് പന്ത് ബൈസിക്കിള്‍കിക്കിലൂടെ ഗോള്‍വരക്കപ്പുറമെത്തിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ, റഫറിയുടെ നോട്ടപ്പിശകുകൊണ്ട് പക്ഷെ അത് ഗോളായി പരിഗണിക്കപ്പെട്ടുമില്ല.  ഇതെഴുതിക്കൊണ്ടിരിക്കെ റയല്‍മാഡ്രിഡ് ടീം ഒരു വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്, പരിശീലന മത്സരത്തില്‍ റൊണാള്‍ഡോ വീണ്ടും ബൈസിക്ക്ള്‍ കിക്കിലൂടെ ഗോളടിക്കുന്ന ദൃശ്യം.

എന്നാല്‍ റൊണാള്‍ഡോയുടെ വിര്‍ച്വല്‍ രൂപം പക്ഷെ ഏതാണ്ട് നാലു കൊല്ലം മുമ്പ് തന്നെ ബൈസിക്കിള്‍ കിക്കിലൂടെ അതിനിര്‍ണ്ണായകമായ ഗോളടിച്ചിട്ടുണ്ട്. സാംസണ്‍ ഗ്യാലക്സിയുടെ പരസ്യത്തിന്റെ ഭാഗമായി Galaxy 11-Starwars; Football will save the world എന്ന ഒരു ആനിമേറ്റഡ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരുന്നു, 2014 ല്‍. ഫ്രാന്‍സ് ബെക്കന്‍ബോവര്‍ ജീവനോടെയും മെസ്സിയും റൊണാള്‍ഡോയുമടക്കമുള്ള 11 കളിക്കാര്‍ ചിത്രീകൃതരൂപങ്ങളായും പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഭൂമിയെ രക്ഷിക്കാനായി നടക്കുന്ന ഒരു ഫുട്ബോള്‍ മത്സരമാണ്.

അമാനുഷരായ അന്യഗ്രഹജീവികളുമായുള്ള ഈ ഫുട്ബോള്‍ മത്സരം ജിയിക്കുന്നവര്‍ക്കുള്ളതാണ് ഭൂമിയുടെ അവകാശം. ബെക്കന്‍ബോവര്‍ തെരഞ്ഞെടുത്ത ലോക ഇലവന്‍ മെസ്സിയുടെ നേതൃത്വത്തില്‍ അവരെ നേരിടാനിറങ്ങുന്നു. അവസാന നിമിഷം വരെ ജയിക്കാനാവാതിരുന്ന മനുഷ്യരുടെ ടീമിനെ ഇഞ്ചുറി ടൈമില്‍ ഗോളടിച്ച് ജയിപ്പിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. മെസ്സിയുടെ ക്രോസ്സില്‍ ബൈസിക്കിള്‍ കിക്കെടുത്ത് ക്രിസ്റ്റ്യാനോയുടെ കല്‍പിതരൂപം നേടിയ ആ ഗോളിന്റെ, ജീവിതത്തിലേക്കുള്ള പരിഭാഷയാണ് ഏപ്രില്‍ മൂന്നിന് യുവന്റസിനെതിരെ നമ്മള്‍ കണ്ടതെന്ന് പറയാം. ഗ്യാലക്സിയുടെ ആ ഗ്ലോബല്‍ ആഡ് കാംപെയ്നില്‍ മനുഷ്യരാശിക്കു വേണ്ടിയുള്ള നിര്‍ണ്ണായകമായ ആ ഗോളടിക്കാന്‍ മെസ്സിയെയല്ല, റൊണാള്‍ഡോയെയാണ് അവര്‍ തെരഞ്ഞെടുത്തതെന്നതില്‍ യുവാക്കളുടെ മാര്‍ക്കറ്റില്‍ ആര്‍ക്കാണ് വലിയ ഫാന്‍ഡം ഉള്ളതെന്ന വലിയ ചോദ്യത്തിന്റെ ഉത്തരവുമുണ്ട്. ഗെയിമിംഗ് ഹാന്‍ഡിലുകള്‍ക്ക് സമാനമായ CR7 എന്ന വിളിപ്പേരില്‍ അയാള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതും മറ്റൊന്നുകൊണ്ടുമാവണമെന്നില്ല.

‘The action replay celebrates the male body in deliberate ways serving to eroticize power to extend the moment of climax and to promote the erotic theatricalisation of athletic body’ മൂന്ന് പതിറ്റാണ്ടു മുമ്പ് മാധ്യമ ഗവേഷകനായ ജോണ്‍ ഫിസ്‌ക് ടെലിവിഷന്‍ റീപ്ലേകളെ കുറിച്ച് പറഞ്ഞതിനെ അക്ഷരാര്‍ത്ഥത്തില്‍ കാണാം, ആ ബൈസിക്കിള്‍ കിക്കിന്റെ ആവര്‍ത്തിച്ചുള്ള ടെലിവിഷനില്‍. റൊണാള്‍ഡോയുടെ കാര്യത്തില്‍ കളിക്കളത്തിലെ അയാളുടെ ഓരോ നീക്കവും പുരുഷ ശരീരത്തിന്റെ /പൗരുഷത്തിന്റെ ആഘോഷമാണ്. ആറടി ഒരിഞ്ച് പൊക്കത്തില്‍ പുരുഷാര്‍ത്ഥപ്പൊരുളിനൊത്ത് പരിപാലിച്ചു സൂക്ഷിക്കുന്ന ആ വെളുത്ത കൊക്കേഷ്യന്‍ ശരീരവും അതിന്റെ ബോധപൂര്‍മായ ഓരോ ചെറുചലനങ്ങളും അതുത്പാദിപ്പിക്കുന്ന സമാനതകളില്ലാത്ത ആധികാരികതയുമാണ് കളിക്കാരനെന്ന നിലയില്‍ അയാളുടെ നിക്ഷേപം. മാര്‍ക്ക് സിംപ്സണിന്റെ സ്പോര്‍ണോസെക്ഷ്വല്‍ (Spornosexual) എന്ന സങ്കല്‍പത്തിന്റെ ആള്‍രൂപമായി റൊണാള്‍ഡോ മാറുന്നത് വെറുതെയല്ല

ഫാന്‍ബോയ്സ് പോസ്റ്റ് സ്‌ക്രിപ്റ്റ്

ചില വാക്കുകളുണ്ട് ഉച്ചാരണവേളയില്‍ ശബ്ദം കൊണ്ടുതന്നെ അര്‍ത്ഥസ്ഫുരണം സാധ്യമായിട്ടുള്ള ചിലത്. ഇംഗ്ലീഷിലെ Deft എന്നത് അത്തരമൊരു വാക്കാണ്. ഡെഫ്റ്റിലെ ആ എഫ് ഒരു തൂവല്‍സ്പര്‍മാണ്. ഡെഫ്റ്റ് ടച്ചെന്ന് വിശേഷണം ഒരു ചെറു ചലനത്തിന്റെ സൗന്ദര്യത്തിന് പോകാവുന്ന ഉയരത്തിന്റെ പരകോടിയാണ്. ആ വാക്ക് ഒരിക്കലും യോജിക്കില്ലാത്ത കളിക്കാരനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന വാദമാണ് ഞാന്‍ മുന്നോട്ടു വക്കുന്നത്. റൊണാള്‍ഡോയുടെ ഓരോ സ്പര്‍ശത്തിലും അയാള്‍ സ്ഫുരിപ്പിക്കുന്ന ആധികാരികതയുടെ പെരുക്കം Deft എന്ന വിശേഷണത്തെ ആവര്‍ത്തിച്ചു റദ്ദാക്കിക്കൊണ്ടിരിക്കും.

റൊണാള്‍ഡോയെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത് ലയണല്‍ മെസ്സിയിലെത്തുന്നത് ഇങ്ങനെയാണ്. തന്റെ പൂര്‍ണ്ണനിയന്ത്രണത്തിലുള്ള പന്തിന്മേലുള്ള മെസ്സിയുടെ ഓരോ കാല്‍വയ്പിലും ആ തൂവല്‍ സ്പര്‍ശമുണ്ട്. അസാധാരണവും അദൃശ്യവും ബോധപൂര്‍വവുമായ ഒരു വേഗക്കുറവുണ്ട് മൈതാനത്തെ മെസ്സിയുടെ ചലനങ്ങളില്‍. ചലനകോണുകളുടെ മൂര്‍ച്ച കുറച്ച് തരംഗരൂപത്തിലുള്ള അയാളുടെ മുന്നേറ്റങ്ങള്‍ സാധ്യമാവുന്നത് ഈ പതിഞ്ഞതാളം കൊണ്ടാണ്, ഇതാണ് മെസ്സിയെ മൈതാനത്തിന്റെ കളിക്കാരനാക്കുന്നത്, ആര്‍ക്കും പിടികിട്ടാത്ത സെക്കന്റിന്റെ നൂറിലൊരംശമോ മറ്റോ വരുന്ന ആ വേഗഭ്രംശമാണ് മെസ്സിയുടെ കൈമുതല്‍. അയാളെ നേരിടുന്ന പ്രതിരോധ ഭടന്മാര്‍ ഒരു ഞൊടി മുമ്പേയാണ് ഇല്ലാത്ത പന്തിനായി കാല്‍ നീട്ടുന്നത്, ആ നീട്ടിയകാലുകള്‍ക്ക് ശേഷമാണ് മിക്കവാറും മെസ്സി മുന്നോട്ടു കുതിക്കാറുള്ളതും.

പലപ്പോഴും മെസ്സിയെ റൊണാള്‍ഡോക്ക് മുന്നിലെത്തിക്കുന്നത്, അടിച്ച ഗോളുകളേക്കാള്‍ ഒരുക്കിയ അവസരങ്ങളാണ്. എല്ലാ തരം ഫുട്ബോളിലും റൊണാള്‍ഡോയേക്കാള്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതും മറ്റുള്ളവര്‍ക്കായി ഒരുക്കിക്കൊടുത്തിട്ടുള്ളതും മെസ്സി തന്നെയാണ്. (ഗ്യാലക്സിയുടെ ആനിമേറ്റഡ് വീഡിയോവിലും മെസ്സിയുടെ അസിസ്റ്റിലാണ് റൊണാള്‍ഡോ സിസേഴ്സ് കിക്കിലൂടെ ഗോളടിക്കുന്നത്.)

752 മത്സരങ്ങളില്‍ നിന്ന് 607 ഗോളടിച്ചിട്ടുള്ള (77 പെനാല്‍റ്റി -പാഴായത് 23 -, 45 ഹാറ്റ് ട്രിക്) മെസ്സി 247 ഗോളുകള്‍ക്ക് വഴിയൊരുക്കി. അതേസമയം 902 കളികളില്‍ നിന്നായി 649 ഗോളടിച്ചിട്ടുള്ള (102 പെനാല്‍റ്റി -പാഴായത് 21- ,50 ഹാറ്റ് ട്രിക് ) റൊണാള്‍ഡോ അവസരമൊരുക്കിയത് 207 ഗോളുകള്‍ക്ക്.

*ഇതൊരു പ്രബന്ധമോ,പഠനമോ അല്ല, മുമ്പെങ്ങോ ഫുട്ബോള്‍ കണ്ടിരുന്ന പരിമിതവിഭവനായ ഒരു മാധ്യമത്തൊഴിലാളിയുടെ നിരീക്ഷണമാണ്.

അധിക വായനക്ക് :

1. Sports Fans, Identity and Socialization: Exploring the Fandemonium

Adam C. Earnheardt, Paul M. Haridakis & Barbara S. Hugenberg (red)

2. Sport on Television: Replay and Display,’ Margaret Morse (2003)

3. Sports and Identity- New agendas in Communication

Ed- Barry Brummet, Andrew Ishak

4. Playing to Win- Sports Video games and the Culture of Play

Ed- Robert Alan Brookely, Thomas Patrik Oates

5. Avastars: The Encoding of Fame within Sport Digital Games
Steven Conway

സ്ഥിതിവിവരക്കണക്കുകള്‍ http://messivsronaldo.net ല്‍ നിന്ന്

രാജീവ് രാമചന്ദ്രന്‍
Advertisement