ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് സിലമ്പരസന്‍ ടി.ആര്‍. തമിഴിലെ മികച്ച നടനും സംവിധായകനുമായ ടി.രാജേന്ദറിന്റെ മകനാണ് സിലമ്പരസന്‍. ചെറുപ്രായത്തില്‍ തന്നെ നായകനായി അരങ്ങേറിയ സിലമ്പരസന്‍ വളരെ വേഗത്തില്‍ തമിഴില്‍ വലിയ ഫാന്‍ ബേസ് സൃഷ്ടിക്കാന്‍ സിലമ്പരസന് സാധിച്ചു. എസ്.ടി.ആര്‍ എന്ന ചുരുക്കപ്പേരില്‍ ആരാധകര്‍ വിളിക്കുന്ന സിലമ്പരസന്‍ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് ചാര്‍ത്തി.
എന്നാല്‍ ഇടക്ക് വിവാദങ്ങളുടെ തോഴനായി മാറിയ എസ്.ടി.ആര്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിട്ടു. പല സിനിമകളിലും നിന്ന് താരത്തെ ഒഴിവാക്കപ്പെടുകയും ചെയ്തു. പിന്നീട് ഗംഭീര തിരിച്ചുവരവാണ് സിലമ്പരസന്‍ നടത്തിയത്. മാനാട്, വെന്ത് തനിന്തത് കാട് എന്നീ ചിത്രങ്ങളിലൂടെ തന്റെ സ്റ്റാര്‍ഡം ഉയര്‍ത്താന്‍ എസ്.ടി.ആറിന് സാധിച്ചു.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ എസ്.ടി.ആര്‍ 49നെക്കുറിച്ച് സംസാരിക്കുകയാണ് സിലമ്പരസന്‍. തമിഴ് സിനിമയായാലും ഇന്ത്യന്‍ സിനിമയായാലും കൂടുതല്‍ അഗ്രസീവായ കഥകളിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതെന്ന് സിലമ്പരസന്‍ പറഞ്ഞു. ആക്ഷനും വയലന്‍സുമുള്ള സിനിമകള്‍ കാണാനാണ് പ്രേക്ഷകര്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും സിമ്പിളായിട്ടുള്ള കഥകള്‍ ഇപ്പോള്‍ കുറവാണെന്നും സിലമ്പരസന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അത്തരത്തില്‍ സിമ്പിളായിട്ട് കഥ പറയുന്ന ഒരു സിനിമ അടുത്തിടെ റിലീസായെന്നും ആ സിനിമയുടെ പേര് ടൂറിസ്റ്റ് ഫാമിലി എന്നാണെന്നും സിലമ്പരസന്‍ പറഞ്ഞു. തന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ച സിനിമയായിരുന്നു അതെന്നും ആ സിനിമയുടെ എഡിറ്ററാണ് തന്റെ പുതിയ ചിത്രം എഡിറ്റ് ചെയ്യുന്നതെന്നും എസ്.ടി.ആര്‍ കൂട്ടിച്ചേര്‍ത്തു. ഡി.ഡി. നെക്സ്റ്റ് ലെവല്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിലമ്പരസന്‍.
‘പണ്ട് ഉണ്ടായിരുന്നതിനെക്കാള്‍ സിനിമ അതിന്റെ രീതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഥ പറയുന്ന രീതിയിലും മേക്കിങ്ങിലുമൊക്കെ ആ മാറ്റം കാണാന്‍ സാധിക്കും. ഇപ്പോഴത്തെ കാലത്ത് കൂടുതല്‍ അഗ്രസീവായിട്ടുള്ള കഥകളാണ് സിനിമകളില്‍ വരുന്നത്. ഒരുപാട് ആക്ഷനും വയലന്‍സും എല്ലാം ഉള്ള സിനിമകള്‍ കാണാനാണ് ആളുകള്‍ക്കിഷ്ടം. സിമ്പിളായി കഥ പറയുന്ന സിനിമകള്‍ വളരെ കുറവാണ്.
അടുത്തിടെ അത്തരം സിമ്പിളായി കഥ പറയുന്ന ഒരു സിനിമ റിലീസായി. ടൂറിസ്റ്റ് ഫാമിലി എന്നാണ് ആ സിനിമയുടെ പേര്. എന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ച ഒന്നായിരുന്നു ആ സിനിമ. ടൂറിസ്റ്റ് ഫാമിലിയുടെ എഡിറ്ററാണ് എസ്.ടി.ആര്‍ 49ന്റെയും എഡിറ്റിങ് ചെയ്യുന്നത്. ഈ സിനിമയും അത്തരം സിമ്പിളായിട്ടുള്ള കോമഡിയുള്ള സിനിമയായിരിക്കും,’ സിലമ്പരസന്‍ പറയുന്നു.
Content Highlight: Silambarasan TR saying he liked Tourist Family movie