| Friday, 23rd May 2025, 4:46 pm

മമ്മൂട്ടി സാര്‍ കൂടി അഭിനയിച്ച തമിഴ് സിനിമ, അതിന്റെ ക്ലൈമാക്‌സിലെ പാട്ട് കേള്‍ക്കാന്‍ വേണ്ടി മാത്രം ഞാന്‍ ഏഴ് വട്ടം തിയേറ്ററില്‍ നിന്ന് കണ്ടിട്ടുണ്ട്: സിലമ്പരസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് സിലമ്പരസന്‍ ടി.ആര്‍. തമിഴിലെ മികച്ച നടനും സംവിധായകനുമായ ടി.രാജേന്ദറിന്റെ മകനാണ് സിലമ്പരസന്‍. ചെറുപ്രായത്തില്‍ തന്നെ നായകനായി അരങ്ങേറിയ സിലമ്പരസന്‍ വളരെ വേഗത്തില്‍ തമിഴില്‍ വലിയ ഫാന്‍ ബേസ് സൃഷ്ടിക്കാന്‍ സിലമ്പരസന് സാധിച്ചു. എസ്.ടി.ആര്‍ എന്ന ചുരുക്കപ്പേരില്‍ ആരാധകര്‍ വിളിക്കുന്ന സിലമ്പരസന്‍ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് ചാര്‍ത്തി.

ചെറുപ്പകാലത്തെ സിനിമാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിലമ്പരസന്‍. എല്ലാവരുടെയും കൈയില്‍ ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെന്നും ഏതെങ്കിലും സിനിമയുടെ ഭാഗം ഇഷ്ടമായാല്‍ അത് ക്യാപ്ചര്‍ ചെയ്ത് കാണാനുള്ള സൗകര്യമുണ്ടെന്നും സിലമ്പരസന്‍ പറഞ്ഞു. എന്നാല്‍ പണ്ട് അങ്ങനെയൊരു സൗകര്യം ഇല്ലാത്തതിനാല്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും എസ്.ടി.ആര്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു സിലമ്പരസന്‍.

‘സിനിമ കാണുന്ന രീതിയും പ്രേക്ഷകരും എല്ലാം ഒരുപാട് മാറി. എല്ലാവരുടെ കൈയിലും ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ട്. നമ്മള്‍ ഇപ്പോള്‍ തിയേറ്ററില്‍ നിന്ന് ഒരു സിനിമ കണ്ട് അത് ഇഷ്ടമായാല്‍ അത് ഫോണില്‍ ക്യാപ്ചര്‍ ചെയ്ത് കാണാനുള്ള സൗകര്യമുണ്ട്. അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ അതിന്റെ വീഡിയോ നമുക്ക് കാണാന്‍ സാധിക്കും.

എന്നാല്‍ പണ്ട് ഇത് ഉണ്ടായിരുന്നില്ല. അങ്ങനെയൊരു സമയത്താണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന സിനിമ റിലീസായത്. അജിത് സാര്‍, മമ്മൂട്ടി സാര്‍, ഐശ്വര്യ റായ്, തബു എന്നിവരൊക്കെയുള്ള നല്ല സിനിമയാണത്. എ.ആര്‍. റ്ഹമാന്‍ സാറാണ് അതിലെ പാട്ടുകള്‍ ചെയ്തിരിക്കുന്നത്. അതില്‍ ‘എന്ന സൊല്ല പോകിറായ്’ എന്ന പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്.

ക്ലൈമാക്‌സില്‍ ഈ പാട്ട് വെറും ട്യൂണ്‍ മാത്രമായി പ്ലേ ചെയ്യുന്നുണ്ട്. വളരെ ഇമോഷണലായി സീനിനെ വേറെ ലെവലിലെത്തിക്കുന്ന മ്യൂസിക്കാണ്. നാദസ്വരം ഉപയോഗിക്കുന്ന ആ പോര്‍ഷന്‍ മാത്രമായി കേള്‍ക്കാന്‍ നല്ല ഫീലാണ്. അത് കേള്‍ക്കാന്‍ വേണ്ടി മാത്രം ആ സിനിമ ഞാന്‍ ഏഴ് വട്ടം തിയേറ്ററില്‍ നിന്ന് കണ്ടിട്ടുണ്ട്,’ സിലമ്പരസന്‍ പറയുന്നു.

സിലമ്പരസന്‍ ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. കമല്‍ ഹാസന്‍ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മണിരത്‌നമാണ്. കമല്‍ ഹാസനൊപ്പം ശക്തമായ വേഷമാണ് സിലമ്പരസന്‍ തഗ് ലൈഫില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വലരേവല്പാണ് ലഭിച്ചത്. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Silambarasan says he watched Kandukondein Kandukondein movie seven times from theatre

We use cookies to give you the best possible experience. Learn more