| Friday, 9th May 2025, 8:45 pm

മണിരത്‌നത്തിന്റെ സെറ്റില്‍ മാത്രം കൃത്യസമയത്ത് എത്തിയത് അദ്ദേഹത്തെ പേടിച്ചിട്ടല്ല: സിലമ്പരസന്‍ ടി.ആര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് സിലമ്പരസന്‍ ടി.ആര്‍. തമിഴിലെ മികച്ച നടനും സംവിധായകനുമായ ടി.രാജേന്ദറിന്റെ മകനാണ് സിലമ്പരസന്‍. ചെറുപ്രായത്തില്‍ തന്നെ നായകനായി അരങ്ങേറിയ സിലമ്പരസന്‍ വളരെ വേഗത്തില്‍ തമിഴില്‍ വലിയ ഫാന്‍ ബേസ് സൃഷ്ടിക്കാന്‍ സിലമ്പരസന് സാധിച്ചു. എസ്.ടി.ആര്‍ എന്ന ചുരുക്കപ്പേരില്‍ ആരാധകര്‍ വിളിക്കുന്ന സിലമ്പരസന്‍ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് ചാര്‍ത്തി.

സിലമ്പരസന് നേരെ പലരും നടത്തുന്ന ആരോപണമാണ് ഷൂട്ടിങ് സെറ്റില്‍ കൃത്യസമയത്ത് എത്താതിരിക്കുന്നത്. പല സിനിമകളില്‍ നിന്നും ഇക്കാരണം കൊണ്ട് എസ്.ടി.ആറിനെ മാറ്റിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിന്റെ സെറ്റില്‍ താന്‍ ഒരുദിവസം പോലും വൈകിയെത്തിയിരുന്നില്ല എന്ന് പറയുകയാണ് സിലമ്പരസന്‍.

മണിരത്‌നത്തോടുള്ള പേടി കൊണ്ടാണോ അദ്ദേഹത്തിന്റെ സെറ്റില്‍ കൃത്യ സമയത്ത് എത്തുന്നത് എന്ന് പലരും ചോദിക്കാറുണ്ടെന്ന് സിലമ്പരസന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തോടുള്ള പേടി കൊണ്ടല്ല സെറ്റില്‍ കറക്ടായി എത്തുന്നതെന്നും അദ്ദേഹത്തോടുള്ള ഇഷ്ടം കാരണമാണ് അങ്ങനെ ചെയ്യുന്നതെന്നും എസ്.ടി.ആര്‍ കൂട്ടിച്ചേര്‍ത്തു. തഗ് ലൈഫിന്റെ സെറ്റില്‍ ഒരുദിവസം പോലും താന്‍ ലേറ്റായിരുന്നില്ലെന്ന് സിലമ്പരസന്‍ പറഞ്ഞു.

ചില ദിവസങ്ങളില്‍ മണിരത്‌നം എത്തുന്നതിന് മുമ്പ് താന്‍ എത്തിയിരുന്നെന്നും അത് അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്നും എസ്.ടി.ആര്‍. കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ കൃത്യസമയത്ത് എത്തിയാല്‍ മാത്രമേ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൃത്യസമയത്ത് വരാന്‍ തോന്നുള്ളൂവെന്നും സിലമ്പരസന്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ മാത്രമേ സിനിമ പറഞ്ഞ സമയത്ത് റിലീസാവുകയും പ്രതിഫലം കൃത്യമായി കിട്ടുകയുമുള്ളൂവെന്നും എസ്.ടി.ആര്‍ പറയുന്നു. തഗ് ലൈഫിന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു എസ്.ടി.ആര്‍.

‘മണി സാറിന്റെ സിനിമയാണെങ്കില്‍ കറക്ട് സമയത്ത് സെറ്റിലെത്താറുണ്ടല്ലോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. അദ്ദേഹം സ്ട്രിക്ടായതുകൊണ്ടും അദ്ദേഹത്തോടുള്ള പേടി കൊണ്ടുമാണോ അങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കുന്നവരുണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് മണിരത്‌നം സാറിനെ പേടിയില്ല. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. തഗ് ലൈഫിന്റെ സെറ്റില്‍ ഒരുദിവസം പോലും ലേറ്റായിട്ടില്ലായിരുന്നു.

ചില ദിവസങ്ങളില്‍ അദ്ദേഹം വരുന്നതിന് മുമ്പ് ഞാന്‍ എത്തുമായിരുന്നു. ഷൂട്ടിങ് സ്‌പോട്ടില്‍ വന്നിട്ട് ‘ആ സീന്‍ അങ്ങനെ ചെയ്താലോ, ഈ സീന്‍ ഇങ്ങനെ ചെയ്താലോ’ എന്നുള്ള ചര്‍ച്ചകളൊന്നും ഉണ്ടാകില്ല. എന്താണ് എടുക്കേണ്ടതെന്ന് കൃത്യമായ ബോധ്യം അദ്ദേഹത്തിനുണ്ട്. അങ്ങനെ ചെയ്താല്‍ ആക്ടേഴ്‌സിന്റെ സമയം പാഴാകില്ല, സിനിമ പറഞ്ഞ സമയത്ത് റിലീസാകും, പ്രതിഫലം കൃത്യമായി കിട്ടും. അങ്ങനെയുള്ളപ്പോള്‍ കറക്ട് സമയത്ത് എത്താനല്ലേ ആരായാലും ശ്രമിക്കുള്ളൂ,’ സിലമ്പരസന്‍ പറഞ്ഞു.

Content Highlight: Silambarasan explains why he became punctual only in Maniratnam movie’s set

We use cookies to give you the best possible experience. Learn more