പാകിസ്ഥാന്‍ ട്രൈനേഷന്‍ സീരിയില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ ജയവുമായി സിംബാബ്‌വേ. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിന്റെ വിജയമാണ് ഷെവ്‌റോണ്‍സ് സ്വന്തമാക്കിയത്. സിംബാബ്‌വേ ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക വെറും 95 റണ്‍സിന് പുറത്തായി.
സൂപ്പര്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ ഓള്‍ റൗണ്ട് പ്രകടനത്തിന്റെ കരുത്തിലാണ് സിംബാബ്‌വേ വിജയം സ്വന്തമാക്കിയത്. മത്സരത്തിലെ താരമായും റാസ തന്നെയായിരുന്നു.
കളിയിലെ താരമായതോടെ ടെസ്റ്റ് പ്ലെയിങ് നേഷനുകളില്‍ ഏറ്റവുമധികം ടി-20ഐ പ്ലയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരമെന്ന നേട്ടത്തില്‍ റാസ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇത് 19ാം തവണയാണ് റാസ അന്താരാഷ്ട്ര ടി-20യില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്നത്.
(താരം – ടീം – ഇന്നിങ്‌സ് – പി.ഒ.ടി.എം എന്നീ ക്രമത്തില്‍)
സിക്കന്ദര്‍ റാസ – സിംബാബ്‌വേ – 125 – 19
സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 95 – 16
വിരാട് കോഹ്‌ലി – ഇന്ത്യ – 125 – 16
മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 145 – 14
രോഹിത് ശര്‍മ – ഇന്ത്യ – 159 – 14
മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 106 – 12
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 110 – 12
ഷദാബ് ഖാന്‍ – പാകിസ്ഥാന്‍ – 112 – 12
ഗ്ലെന്‍ മാക്‌സ് വെല്‍ – ഓസ്‌ട്രേലിയ – 126 – 12
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 129 – 12
എന്നാല്‍ ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ റാസ രണ്ടാം സ്ഥാനത്താണ്. മലേഷ്യന്‍ താരം വിരണ്‍ദീപ് സിങ്ങാണ് ഈ നേട്ടത്തില്‍ ഒന്നാമത്. 104 മത്സരത്തില്‍ 22 തവണയാണ് വിരണ്‍ദീപ് അന്താരാഷ്ട്ര കുട്ടിക്രിക്കറ്റില്‍ കളിയിലെ താരമായത്.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ബ്രയന്‍ ബെന്നറ്റിന്റെയും നായകന്‍ സിക്കന്ദര്‍ റാസയുടെയും ഇന്നിങ്‌സുകളാണ് സിംബാബ്‌വേയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബെന്നറ്റ് 42 പന്തില്‍ 49 റണ്‍സടിച്ചപ്പോള്‍ 32 പന്തില്‍ 47 റണ്‍സാണ് റാസ സ്വന്തമാക്കിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഷെവ്‌റോണ്‍സ് 168ലെത്തി.
ശ്രീലങ്കയ്ക്കായി വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റുമായി തിളങ്ങി. ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദുഷ്മന്ത ചമീരയും മഹീഷ് തീക്ഷണയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് തുടക്കം പാളി. ആദ്യ മൂന്ന് താരങ്ങളും ഒറ്റയക്കത്തിനും നാലാം നമ്പറില്‍ ക്രീസിലെത്തിയ ഭാനുക രാജപക്‌സ 11 റണ്‍സിനും പുറത്തായി.
ക്യാപ്റ്റന്‍ ദാസുന്‍ ഷണക മാത്രമാണ് ചെറുത്തുനില്‍പിനെങ്കിലും ശ്രമിച്ചത്. 25 പന്ത് നേരിട്ട താരം 34ന് പുറത്തായി. ഷണകയ്ക്കും രാജപക്‌സയ്ക്കും പുറമെ എല്ലാവരും രണ്ടക്കം കാണാതെയാണ് പവലിയനിലേക്ക് തിരിച്ചുനടന്നത്.
ഒടുവില്‍ 20 ഓവറില്‍ ലങ്ക 95ന് പുറത്തായി. സിംബാബ് വേയ്ക്കായി ബ്രാഡ് ഇവന്‍സ് മൂന്ന് വിക്കറ്റും റിച്ചാര്‍ഡ് എന്‍ഗരാവ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഗ്രെയം ക്രീമര്‍, ടിനോടെന്‍ഡ മപോസ, സിക്കന്ദര്‍ റാസ, റയാന്‍ ബേള്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Sikandar Raza won 19th T20I POTM award