| Wednesday, 4th June 2025, 8:43 am

എല്ലാവര്‍ക്കും ദഹിക്കുന്ന സിനിമയല്ല മരണമാസെന്ന് സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ തന്നെ മനസിലായി, എന്നാല്‍ ആ ഒരു കാര്യം മാത്രം കുറക്കാമായിരുന്നു: സിജു സണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് നിര്‍മിച്ച ചിത്രം വിഷു റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഡാര്‍ക്ക് ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം തരക്കേടില്ലാത്ത വിജയം സ്വന്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലേക്കെത്തിയ സിജു സണ്ണിയാണ് ചിത്രത്തിന്റെ കഥയെഴുതിയത്.

ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിന് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സിജു സണ്ണിയുടെ കഥാപാത്രത്തിന്റെ ഇമോഷണല്‍ ട്രാക്ക് സിനിമയുടെ മഡ് ഇല്ലാതാക്കിയെന്നായിരുന്നു പ്രധാന വിമര്‍ശനം. അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് സിജു സണ്ണി. ചിത്രത്തിന്റെ കഥ മാത്രമാണ് താന്‍ എഴുതിയതെന്നും തിരക്കഥ തയാറാക്കിയത് താനും സംവിധായകനും ചേര്‍ന്നാണെന്ന് സിജു സണ്ണി പറഞ്ഞു.

എല്ലാവര്‍ക്കും ദഹിക്കുന്ന സിനിമയായിരിക്കില്ല ഇതെന്ന് സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ തന്നെ തങ്ങള്‍ക്ക് മനസിലായെന്നും ഡാര്‍ക്ക് ഹ്യൂമര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സിനിമ വര്‍ക്കാകുമെന്ന് ഉറപ്പായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. അല്ലാത്തവര്‍ക്ക് മോശം സിനിമയായി മരണമാസ് അനുഭവപ്പെടുമെന്നും സിജു പറയുന്നു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു സിജു സണ്ണി.

‘ഈ പടത്തിന്റെ കഥ മാത്രമായിരുന്നു എന്റേത്. തിരക്കഥയും ഡയലോഗും എഴുതിയത് ഞാനും ശിവപ്രസാദേട്ടനും ചേര്‍ന്നാണ്. പോപ് കള്‍ച്ചറും ഡാര്‍ക്ക് ഹ്യൂമറുമെല്ലാം ഉള്ള പടമാണ്. അപ്പോള്‍ ഡാര്‍ക്ക് ഹ്യൂമര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പടം വര്‍ക്കാകുമെന്നും അല്ലാത്തവര്‍ക്ക് ഇതൊരു മോശം സിനിമയായിരിക്കുമെന്ന് അപ്പോള്‍ തന്നെ ഉറപ്പായിരുന്നു.

ഇതിന്റെ പ്രൊഡ്യൂസര്‍ ടൊവിനോയാണ്. പുള്ളി ആദ്യമായല്ല സിനിമ ചെയ്യുന്നത്. ഇത് വര്‍ക്കാകില്ലെന്ന് ഉറപ്പില്ലെങ്കില്‍ പുള്ളി ഈ പടം ചെയ്യില്ലല്ലോ. അതുപോലെ ബേസിലേട്ടനും ആദ്യമായിട്ടല്ല അഭിനയിക്കുന്നത്. അവരുടെയൊക്കെ ചിന്തയും ഇത് ചിലര്‍ക്ക് ഉറപ്പായിട്ടും വര്‍ക്കാകുമെന്ന് തന്നെയായിരുന്നു. പക്ഷേ, സെക്കന്‍ഡ് ഹാഫിലെ അച്ഛന്‍ പാസം കുറക്കാമായിരുന്നു.

കാരണം, ഫസ്റ്റ് ഹാഫില്‍ സ്പൂഫ് പരിപാടിയും കോമഡിയുമൊക്കെ കാണിച്ചിട്ട് സെക്കന്‍ഡ് ഹാഫായപ്പോള്‍ മൊത്തം ഇമോഷണല്‍ ട്രാക്കായി. ബേസിലേട്ടന്റെ ക്യാരക്ടറിന്റെ ബ്രേക്ക് അപ്പും, എന്റെ ക്യാരക്ടറിന്റെ അച്ഛന്‍ പാസവും കഥയുടെ ഫ്‌ളോ ഇല്ലാതാക്കി. പടം കണ്ടുകൊണ്ടിരുന്നപ്പോള്‍ അത് കുറക്കാമായിരുന്നെന്ന് വിചാരിച്ചു. ഒ.ടി.ടിയിലറങ്ങിയപ്പോള്‍ വിമര്‍ശനം വന്നതും ആ ഒരു കാര്യത്തിനായിരുന്നു,’ സിജു സണ്ണി പറയുന്നു.

Content Highlight: Siju Sunny reacts to the criticisms after the OTT release of Maranamass

Latest Stories

We use cookies to give you the best possible experience. Learn more