വപിന്‍ എസിന്റെ സംവിധാനത്തില്‍ സിജു സണ്ണി, അസീസ് നെടുമങ്ങാട്, ബൈജു, ജോമോന്‍ ജ്യോതിര്‍, മല്ലിക സുകുമാരന്‍, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വ്യസന സമേതം ബന്ധുമിത്രാദികള്‍.
ഒരു മരണവീടും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില കഥകളുമാണ് ചിത്രത്തിന്റെ പ്രമേയം. തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ചിരിയോടെ കണ്ടിരിക്കാവുന്ന കംപ്ലീറ്റ് ഫാമലി എന്റര്‍ടെയ്‌മെന്റ് തന്നെയാണ് വ്യസന സമേതം ബന്ധുമിത്രാദികള്‍.
തിരുവനന്തപുരത്ത് നടക്കുന്ന കഥയായിട്ടാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്ലാംഗിനെ കുറിച്ചും അത് പഠിച്ചെടുക്കാനായി നടത്തിയ ശ്രമങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തില്‍ സുഹൈല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിജു സണ്ണി.
വ്യസനസമേതത്തിന്റെ സ്‌ക്രിപ്റ്റ് ആദ്യം തന്നെ കയ്യില്‍ കിട്ടിയപ്പോള്‍ മൊത്തം അക്ഷരത്തെറ്റാണല്ലോയെന്ന് തോന്നിയെന്നും പിന്നെയാണ് സംഗതി മനസിലായതെന്നും സിജു സണ്ണി പറയുന്നു. കാര്‍ത്തിക് അണ്‍ലീഷ്ഡ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു സിജു.
‘വിപിനേട്ടനാണ് വ്യസന സമേതത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത്. ഇതൊരു തിരുവനന്തപുരം പടമാണ്. വിപിന്‍ദാസാണ് ഇത് നിര്‍മിച്ചത്. തിരുവനന്തപുരത്താണ് ഈ കഥ നടക്കുന്നത്.
ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നവരില്‍ ഞാനും അനശ്വരയും തിരുവനന്തപുരംകാരല്ല. ഞാന്‍ പത്തനംതിട്ടക്കാരന്‍. അനശ്വര കണ്ണൂരും. ആദ്യം എന്നോട് പത്തനംതിട്ട സ്ലാംഗ് തന്നെ പിടിച്ചോ എന്നാണ് പറഞ്ഞത്.
കാരണം എന്റെ കഥാപാത്രം ഹോസ്റ്റലറാണ്. എന്നാല്‍ ഷൂട്ടിന്റെ തലേ ദിവസം പറഞ്ഞു, വേണ്ടെടാ തിരുവനന്തപുരം തന്നെ പിടിച്ചോ എന്ന്. അത് പക്ഷേ ഭയങ്കര രസമായിരുന്നു.
എനിക്ക് ഈ സ്‌ക്രിപ്റ്റിന്റെ ഫോട്ടോസ്റ്റാറ്റ് തന്നിരുന്നു. ഇതില്‍ തിരുവനന്തപുരം സ്ലാംഗില്‍ തന്നെയാണ് എഴുതിയിരിക്കുന്നത്.
ഞാനിത് വായിക്കാന്‍ നോക്കുമ്പോള്‍ ഇത് മൊത്തം അക്ഷരത്തെറ്റാണല്ലോ എന്ന് തോന്നി. പല വാക്കും ഞാന്‍ പത്തനംതിട്ട രീതിയില്‍ വായിക്കുമ്പോള്‍ കിട്ടുന്നില്ല.
അങ്ങനെ വിപിന്‍ ചേട്ടന്‍ വന്ന് ഇത് വായിച്ചു. എന്റെ പൊന്നേ പൊളി. ഒരു കാര്യം പഠിക്കാന്‍ തുടങ്ങുമ്പോഴാണല്ലോ നമ്മള്‍ അത് ശ്രദ്ധിക്കുക. ഭയങ്കര അടിപൊളിയാണ്.
ഞാന്‍ ചില ഡയലോഗൊക്കെ പറയുമ്പോള്‍, സിജു, അത്രയും പിടിക്കണ്ട എന്ന് പറയും. എന്ത് ര് പോലുള്ളതൊന്നും പിടിക്കാന്‍ സമ്മതിക്കില്ല. വിപിനേട്ടന്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ കൊതി തോന്നും. അതില്‍ തന്നെ ഒരു ഫണ്‍ ഉണ്ട്.
എനിക്ക് ഇത് ഒട്ടും അറിയില്ല. സ്‌ക്രിപ്റ്റിലെ എന്റെ ഡയലോഗ് വിപിന്‍ ചേട്ടന്‍ വോയ്‌സ് ആയി അയച്ചുതരും. രാത്രി കേട്ടിരുന്ന് പഠിക്കും. ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ചിലതൊക്കെ കട്ട് ചെയ്തിട്ടുണ്ടാകും.
അപ്പോഴേക്കും എന്റെ അടുത്ത് നിന്ന് പാളും. പക്ഷേ വിപിന്‍ ചേട്ടന്‍ കൂടെ നിന്നു. എന്നെ കൊണ്ട് പറ്റുന്ന പോലെ ആ സ്ലാംഗ് പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്,’ സിജു സണ്ണി പറഞ്ഞു.
Content Highlight: Siju Sunny about Vysanasamedham Movie and Thiruvananthapuram Slang