സെക്കന്‍ഡ് ഹാഫ് ട്രെയിന്‍ ദുരന്തം പോലെ മോശമെന്ന് റിവ്യൂവര്‍മാര്‍ പറഞ്ഞ ചിത്രം ഇന്ന് പലര്‍ക്കും ക്ലാസിക്കാണ്: സിദ്ധാര്‍ത്ഥ്
Indian Cinema
സെക്കന്‍ഡ് ഹാഫ് ട്രെയിന്‍ ദുരന്തം പോലെ മോശമെന്ന് റിവ്യൂവര്‍മാര്‍ പറഞ്ഞ ചിത്രം ഇന്ന് പലര്‍ക്കും ക്ലാസിക്കാണ്: സിദ്ധാര്‍ത്ഥ്
അമര്‍നാഥ് എം.
Saturday, 7th February 2026, 5:00 pm

കരിയറിന്റെ തുടക്കത്തില്‍ തന്നെ മണിരത്‌നം, ഷങ്കര്‍ തുടങ്ങിയ ഇതിഹാസ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നടനാണ് സിദ്ധാര്‍ത്ഥ്. സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് വളരെവേഗത്തില്‍ സിദ്ധാര്‍ത്ഥ് സിനിമാലോകത്ത് തന്റേതായ സ്ഥാനം സ്വന്തമാക്കി. തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

രംഗ് ദേ ബസന്തി Photo: Rang de Basanti/ Facebook

സിദ്ധാര്‍ത്ഥിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് 2006ല്‍ പുറത്തിറങ്ങിയ രംഗ് ദേ ബസന്തി. രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. ആമിര്‍ ഖാന്‍, സിദ്ധാര്‍ത്ഥ്, മാധവ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരൊന്നിച്ച ചിത്രത്തിന് ആദ്യദിനം നല്ല റിവ്യൂവല്ല ലഭിച്ചതെന്ന് പറയുകയാണ് സിദ്ധാര്‍ത്ഥ്.

‘ഇന്ന് പലരും രംഗ് ദേ ബസന്തി ക്ലാസിക്കാണെന്നൊക്കെ പൊക്കിയടിക്കുന്നുണ്ട്. പക്ഷേ, എനിക്കിപ്പോഴും ഓര്‍മയുണ്ട്. ആ സിനിമക്ക് ആദ്യദിവം വളരെ മോശം അഭിപ്രായമാണ് ഇന്നത്തെ പല സോ കോള്‍ഡ് റിവ്യൂവര്‍മാര്‍ നല്‍കിയത്. സെക്കന്‍ഡ് ഹാഫ് ട്രെയിന്‍ ദുരന്തം പോലെ മോശമെന്നാണ് അവരെല്ലാം അഭിപ്രായപ്പെട്ടത്.

സിദ്ധാര്‍ത്ഥ് Photo: Screen grab/ Sudhir Srinivasan

‘ഇമ്മാതിരി കഥയൊക്കെ ഏത് നാട്ടിലാ നടക്കുന്നത്?,’ ‘നമ്മുടെ നാട്ടിലെ യുവാക്കളൊന്നും ഒരിക്കലും ഇതുപോലെയൊന്നും ചെയ്യില്ല’ എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അതെല്ലാം താണ്ടി ആ സിനിമ ഇന്ന് പലരുടെയും ഇഷ്ടം പിടിച്ചുപറ്റിയെങ്കില്‍ അത് വളരെ സ്‌പെഷ്യലായിട്ടുള്ള ഒന്നാണ്,’ സിദ്ധാര്‍ത്ഥ് പറയുന്നു.

ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍ രംഗ് ദേ ബസന്തി എന്നല്ലായിരുന്നെന്ന് താരം പറഞ്ഞു. യംഗ് ഗണ്‍സ് ഓഫ് ഇന്ത്യ എന്നായിരുന്നു സ്‌ക്രിപ്‌റ്റെഴുതിയ സമയത്ത് നല്‍കിയ ടൈറ്റിലെന്നും സൂ മെക്കന്‍ലീ എഴുതിയ ബുക്കിന്റെ പേരും അതാണെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. പിന്നീടാണ് രംഗ് ദേ ബസന്തി എന്ന് മാറ്റിയതെന്നും അദ്ദേഹം പറയുന്നു.

രംഗ് ദേ ബസന്തി Photo: Reddit

‘ആദ്യത്തെ ടൈറ്റിലിനെക്കുറിച്ച് നിങ്ങള്‍ ആലോചിക്കുമ്പോള്‍ തന്നെ സിനിമയെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും. ഇപ്പോഴുള്ള യുവതലമുറക്ക് അന്നത്തെ കാലത്തുണ്ടായിരുന്ന യുവാക്കളുടെ ഫീലിങ്‌സ് മനസിലാകുമോ എന്നതാണ് സിനിമയുടെ പ്രമേയം. അത് ആസ്പദമാക്കിയാണ് ഈ സിനിമ മുഴുവന്‍,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളായ ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിങ്, രാജ്ഗുരു തുടങ്ങിയവരുടെ ജീവിതത്തില്‍ പ്രചോദനം ഉള്‍ക്കൊള്ളുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് രംഗ് ദേ ബസന്തി. എ.ആര്‍. റഹ്‌മാന്റെ സംഗീതവും ചിത്രത്തെ ഗംഭീരമാക്കി. ചിത്രത്തിന്റെ 20ാം വാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Content Highlight: Siddharth shares the memories of Rang De Basanti movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം