| Friday, 4th July 2025, 8:43 am

താടി വളരാത്തതുകൊണ്ട് സിലമ്പരസന്‍ ചെയ്ത ആ വേഷം പോലെ ഒന്ന് കരിയറില്‍ ഒരിക്കലും എനിക്ക് കിട്ടില്ലെന്ന് മനസിലായി: സിദ്ധാര്‍ത്ഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശങ്കര്‍ സംവിധാനം ചെയ്ത ബോയ്സിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സിദ്ധാര്‍ത്ഥ്. മണിരത്നം സംവിധാനം ചെയ്ത ആയുത എഴുത്തിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് പിന്നീട് തമിഴിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ സിദ്ധാര്‍ത്ഥിന് സാധിച്ചു.

സിദ്ധാര്‍ത്ഥ് പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 3BHK. ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ഗെറ്റപ്പിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയിലെത്തി 20 വര്‍ഷത്തിനിപ്പുറവും ചെറുപ്പക്കാരനായിട്ടുള്ള വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്.

തന്റെ രൂപം ഇത്തരത്തിലായതുകൊണ്ടാണ് ഇപ്പോഴും പ്ലസ്ടു വിദ്യാര്‍ത്ഥിയായി അഭിനയിക്കാന്‍ സാധിക്കുന്നതെന്ന് താരം പറഞ്ഞു. സിലമ്പരസന്‍ അയാളുടെ 22ാമത്തെ വയസില്‍ ചെയ്ത തൊട്ടി ജയ എന്ന സിനിമ പോലൊന്ന് തനിക്കും ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. 22ാമത്തെ വയസിലാണ് സിലമ്പരസന്‍ ആ വേഷം ചെയ്തതെന്നും അത് കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

അതുപോലെ കട്ടത്താടിയൊക്കെയുള്ള മാസ് റോള്‍ ചെയ്യണമെന്ന് തനിക്ക് അന്നുമുതല്‍ ആഗ്രഹമുണ്ടായിരുന്നെന്നും താരം പറയുന്നു. എന്നാല്‍ താടി വളരാത്തതിനാല്‍ അത്തരം വേഷങ്ങള്‍ തനിക്ക് കിട്ടാക്കനിയാണെന്നും തന്നെ തേടിയെത്തുന്ന റോളുകള്‍ മാത്രമാണ് ചെയ്യുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. സുധീര്‍ ശ്രീനിവാസനുമായി സംസാരിക്കുകയായിരുന്നു താരം.

3BHKയിലേക്ക് ശ്രീ ഗണേഷ് എന്നെ വിളിച്ചപ്പോള്‍ കഥാപാത്രത്തെക്കുറിച്ചുള്ള എല്ലാ ഡീറ്റെയിലും പങ്കുവെച്ചു. മൂന്ന് ഗെറ്റപ്പുണ്ടെന്നും പ്ലസ് ടു സ്റ്റുഡന്റായി അഭിനയിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. സിനിമയില്‍ മാത്രമാണ് നമുക്ക് പഴയ പ്രായത്തിലേക്ക് പോകാന്‍ സാധിക്കുന്നതെന്ന് തോന്നുന്നു. ചാലഞ്ചിങ്ങായതുകൊണ്ട് ഞാന്‍ ഈ സിനിമ ചെയ്തു.

സിനിമയിലെത്തിയ സമയം മുതല്‍ ഇതുപോലെ ടീനേജ് പയ്യന്റെ റോളാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആദ്യമൊക്കെ എന്റെ രൂപം അതുപോലെയായതുകൊണ്ട് അത്തരം റോളുകള്‍ നല്ല സന്തോഷത്തോടെ സ്വീകരിച്ചു. സിലമ്പരസന്‍ ചെയ്ത തൊട്ടി ജയ എന്ന പടം കണ്ടപ്പോള്‍ എനിക്ക് എന്നാണ് അതുപോലൊരു റോള്‍ ചെയ്യാന്‍ കഴിയുന്നതെന്ന് ആലോചിച്ചു.

ആ കഥാപാത്രത്തെപ്പോലെ നല്ല കട്ടത്താടിയൊക്കെ വരുമ്പോള്‍ കുറച്ച് റോഗ് ആയിട്ടുള്ള ക്യാരക്ടര്‍ ചെയ്യാനാകുമെന്ന് കരുതി സമാധാനത്തോടെ ഇരുന്നു. പക്ഷേ, 20 വര്‍ഷത്തിന് ശേഷവും താടി വരാതെയിരിക്കുകയാണ് ഞാന്‍. തൊട്ടി ജയ പോലെ ഒന്ന് എനിക്ക് കിട്ടില്ലെന്ന് മനസിലായി. അതുകൊണ്ട് ഏത് ടൈപ്പ് കഥാപാത്രമാണോ വരുന്നത് അത് കൃത്യമായി ചെയ്യാനാണ് പ്ലാന്‍,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

Content Highlight: Sidharth about Silambarasan and his character in 3 BHK Movie

We use cookies to give you the best possible experience. Learn more