ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച രണ്ടിടങ്ങളിലും പിന്നില്‍. ചാമുണ്ഡേശ്വരിയിലും ബെദാമിയിലുമാണ് സിദ്ധരാമയ്യ മത്സരിച്ചത്. ഇരുമണ്ഡലങ്ങളിലും അദ്ദേഹം പിന്നിലാണെന്നാണ് റിപ്പോര്‍ട്ട്.
ബെദാമിയില്‍ ഖനി മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീരാമലുവാണ് സിദ്ധരാമയ്യയുടെ എതിരാളി.
മൈസൂരു ജില്ലയിലാണ് ചാമുണ്ഡേശ്വരി മണ്ഡലം. ഇവിടെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ജി.ടി ദേവഗൗഡയാണ് മുന്നില്‍. ബി.ജെ.പിയുടെ എസ്.ആര്‍ ഗോപാലറാവു മൂന്നാം സ്ഥാനത്താണ്. 12000ത്തോളം വോട്ടുകള്‍ക്കാണ് ഇവിടെ സിദ്ധരാമയ്യ പിന്നിട്ടുനില്‍ക്കുന്നത്.
മുംബൈ കര്‍ണാടക മേഖലയിലെ ബഗല്‍ഗോട്ട് ജില്ലയിലാണ് ബെദാമി മണ്ഡലം. ഇവിടുത്തെ എതിര്‍സ്ഥാനാര്‍ത്ഥി ശ്രീരാമലുവിനെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ അവസാന വേളയില്‍ ഒരു വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഖനി മാഫിയയ്ക്ക് അനുകൂലമായ വിധി നേടാന്‍ ശ്രീരാമലു ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ പദ്ധതിയിടുന്നതിന്റെ വീഡിയോയായിരുന്നു പുറത്തുവിട്ടത്. എന്നാല്‍ ഇതൊന്നും തെരഞ്ഞെടുപ്പില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചില്ലെന്നാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.