| Thursday, 28th May 2026, 3:49 pm

ഹൈക്കമാന്‍ഡിനെ അനുസരിക്കുന്നു; ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ച് സിദ്ധരാമയ്യ, കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം

ആദർശ് എം.കെ.

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് സിദ്ധരാമയ്യ. ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ അനുസരിക്കുന്നു എന്നാണ് രാജി സമര്‍പ്പിച്ചുകൊണ്ട് സിദ്ധരാമയ്യ പറഞ്ഞത്.

ഉപമുഖ്യമന്ത്രിയും കര്‍ണാടക പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറാകും അടുത്ത മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുക.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സിദ്ധരാമയ്യയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാകും ഹൈക്കമാന്‍ഡ് നീക്കം.

വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയില്‍ മന്ത്രിസഭാംഗങ്ങള്‍ക്കായി ഒരുക്കിയ പ്രാതല്‍ വിരുന്നിലാണ് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ഈ നീക്കം.

നിലവില്‍ ചേരിതിരിഞ്ഞുനില്‍ക്കുന്ന സമീപനം ഉപേക്ഷിച്ച് ഡി.കെ. ശിവകുമാറിന് പരിപൂര്‍ണ പിന്തുണ നല്‍കണമെന്ന് അദ്ദേഹം സഹമന്ത്രിമാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടു. പടിയിറക്കം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി രാജി സമര്‍പ്പിക്കാന്‍ അദ്ദേഹം ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ്ലോട്ടിനെ കാണാന്‍ സമയം തേടിയിട്ടുണ്ട്.

രണ്ടരവര്‍ഷം കഴിഞ്ഞാല്‍ സ്ഥാനം മാറാം എന്ന മുന്‍ ധാരണയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡ് ഈ തീരുമാനമെടുത്തത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരാന്‍ സിദ്ധരാമയ്യ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാതെ മാറാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദേശിക്കുകയായിരുന്നു.

വെള്ളിയാഴ്ച ചേരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ശിവകുമാറിനെ പുതിയ നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കും.

സ്ഥാനമൊഴിയുന്ന സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തില്‍ വലിയൊരു പദവിയും ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്രയ്ക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനവും നല്‍കിയേക്കും. യതീന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കാന്‍ സിദ്ധരാമയ്യ പക്ഷം സമ്മര്‍ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ശിവകുമാര്‍ മുഖ്യമന്ത്രിയാകുമ്പോള്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അദ്ദേഹത്തിന് പൂര്‍ണ നിയന്ത്രണം ലഭിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ സിദ്ധരാമയ്യ അനുകൂലികള്‍ തുടങ്ങിക്കഴിഞ്ഞു. ഭരണത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നും പുതിയ കെ.പി.സി.സി അധ്യക്ഷന്‍ തങ്ങളുടെ ക്യാമ്പില്‍ നിന്നാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാര്‍ വരുന്നതിനോട് ഡി.കെ. ശിവകുമാറിന് താത്പര്യമില്ലെന്നാണ് സൂചന.

Content Highlight: Siddaramaiah resigns as Karnataka Chief Minister.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more