സിബി മലയിലിന്റെ സംവിധാനത്തില്‍ 2000ല്‍ തിയേറ്ററുകളില്‍ എത്തുകയും ബോക്‌സ് ഓഫീസില്‍ പരാജയമായി തീരുകയും ചെയ്ത ചിത്രമാണ് ദേവദൂതന്‍.
മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ഒരുക്കിയ ഹൊറര്‍ മിസ്റ്ററി ചിത്രം പില്‍ക്കാലത്ത് ക്ലാസിക് എന്ന് പ്രേക്ഷകര്‍ വിശേഷിപ്പിച്ചു. പിന്നീട് സിനിമ റീ റിലീസ് ചെയ്യുകയും മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തിരുന്നു.
ദേവദൂതന്റെ നട്ടല്‍ എന്ന് പലരും വിശേഷിപ്പിച്ചത് ചിത്രത്തിന്റെ സംഗീതമാണ്. വിദ്യാസാഗറിന്റെ സംഗീതമാണ് സിനിമയ്ക്ക് ജീവന്‍ പകര്‍ന്നതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ ദേവദൂതനില്‍ വിദ്യാസാഗറുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോഴുഉള്ള അനുഭവം പങ്കുവയ്ക്കുകയാണ് സിബി മലയില്‍.
മറ്റെല്ലാ സിനിമകളുടെയും ഗാനങ്ങളുടെ റെക്കോഡിങ് വിദ്യാസാഗറിന്റെ സ്വന്തം സ്റ്റുഡിയോയിലായിരുന്നെങ്കില്‍ ‘ദേവദൂതനി’ലെ ഗാനങ്ങള്‍ പിറന്നത് എറണാകുളത്താണെന്ന് സിബി മലയില്‍ ഓര്‍ത്തെടുത്ത് പറയുന്നു.
‘അവിടെ ഒരു വീട് വാടകയ്‌ക്കെടുത്താണ് കമ്പോസിങ്ങ് നടത്തിയത്.
യുവതാരങ്ങളെ അണിനിരത്തി ഒരു സിനിമ എന്ന തരത്തിലായിരുന്നു ദേവദൂതന്റെ ചര്‍ച്ചകള്‍. അതനുസരിച്ച് സ്‌ക്രിപ്റ്റും തയ്യാറായി. മോഹന്‍ ലാലിന്റെ കഥാപാത്രമൊക്കെ വന്നത് പിന്നീടാണ്. ആദ്യത്തെ സ്‌ക്രിപ്റ്റിനനുസരിച്ച് വിദ്യാസാഗര്‍ കമ്പോസിങ് ജോലികള്‍ ആരംഭിച്ചിരുന്നു.
പിന്നീട് കഥയില്‍ മാറ്റം വന്നപ്പോള്‍ പാട്ടുകളിലും മാറ്റമുണ്ടായി. അതനുസരിച്ച് വിദ്യാസാഗറിന്റെ ഈണങ്ങള്‍ക്ക് മാറ്റം വന്നു. ആദ്യത്തെ സ്‌ക്രിപ്റ്റ് അനുസരിച്ച് ചിത്രത്തില്‍ ഒരു കാമ്പസ് സോങ് ഒക്കെ ഉണ്ടായിരുന്നു. പിന്നീടത് മാറ്റി. അതിലെ ഗാനങ്ങളുടെ കമ്പോസിങ്ങെല്ലാം വിദ്യാസാഗര്‍ പെട്ടെന്ന് തീര്‍ത്തിരുന്നു. എന്തരോ മഹാനു ഭാവലു… എന്ന ഗാനമൊഴികെ,’ സിബി മലയില്‍ പറയുന്നു.
ആ ഗാനം ഒരു മാസത്തോളമെടുത്താണ് അദ്ദേഹം തയ്യാറാക്കിയതെന്നും എന്ത രോമഹാനുഭാവലു എന്ന കീര്‍ത്തനത്തിന്റെ വെസ്റ്റേണ്‍ ഫ്യൂഷന്‍ ഏറെ പ്രയത്‌നിച്ചാണ് വിദ്യാസാഗര്‍ ഒരുക്കിയതെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.
ദേവദൂതന്‍ ആദ്യത്തെ വരവില്‍ വലിയ വിജയം നേടിയില്ലെങ്കിലും രണ്ടാംവരവില്‍ ഹിറ്റായെന്നും പുതുതലമുറ ആ സിനിമയെയും ഗാനത്തെയും ഒരേപോലെ ഏറ്റെടുത്തുവെന്നും അദ്ദഹം പറഞ്ഞു.
രഘുനാഥ് പലേരി തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയപ്രദ, വിനീത് കുമാര്‍, ജനാര്‍ദനന്‍, ജഗതി ശ്രീകുമാര്‍, മുരളി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlight: Sibi Malayil talks about the songs from the movie Devadoothanan and Vidyasagar