സിനിമയിൽ സങ്കടം വരുമ്പോൾ പാടിനടക്കുക, സന്തോഷം വരുമ്പോൾ നൃത്തം ചെയ്യുക എന്നതൊന്നും എനിക്ക് ദഹിക്കില്ലായിരുന്നു: സിബി മലയിൽ
വികാരനിർഭരമായ കുടുംബചിത്രങ്ങളിലൂടെയും ശക്തമായ പ്രമേയങ്ങളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. തന്റെ കരിയറിൽ കഥാമൂല്യമുള്ള സിനിമകൾക്കൊപ്പം തന്നെ മലയാളി നെഞ്ചിലേറ്റിയ ഒരുപിടി അനശ്വര ഗാനങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ജോൺസൺ, ഔസേപ്പച്ചൻ, രവീന്ദ്രൻ, വിദ്യാസാഗർ തുടങ്ങിയ പ്രഗത്ഭരായ സംഗീതജ്ഞരുമായി ചേർന്ന് അദ്ദേഹം ഒരുക്കിയ ഗാനങ്ങൾ ഇന്നും മലയാളിയുടെ ആസ്വാദനത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ, തന്റെ സിനിമകളിലെ പാട്ടുകളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിബി മലയിൽ.photo.screen grab/youtube
‘ജോൺസന്റെ കൂടെ ഞാൻ ആദ്യമായി വർക്ക് ചെയ്യുന്നത് തനിയാവർത്തനം എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതം ചെയ്യാൻ വേണ്ടിയായിരുന്നു. പിന്നീട് ജോൺസണുമായി ചേർന്ന് ഞാൻ പാട്ടുകൾ ചെയ്യുന്നത് കിരീടം എന്ന സിനിമയ്ക്ക് വേണ്ടിയാണ്. അതോടുകൂടിയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായത്. കിരീടം കഴിഞ്ഞ് ചെങ്കോൽ വന്നപ്പോൾ തീർച്ചയായും എനിക്ക് വേറെ ഓപ്ഷൻ ഇല്ലായിരുന്നു. കാരണം, കിരീടത്തിലെ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന പാട്ടിനോട് ചേർന്നുനിൽക്കുന്ന ഒന്ന് തന്നെ അതിലും വേണമായിരുന്നു. കിരീടത്തിൽ ആ ഗാനം ചിത്രത്തിൽ അത്രയും പ്രാധാന്യമുള്ള ഒരു പാട്ട് തന്നെയായിരുന്നു.
കിരീടത്തിലെ ആ പാട്ട് ചെയ്യുന്നതിന് മുൻപ് വരെ എനിക്ക് സിനിമകളിൽ പാട്ടുകൾ കൊണ്ടുവരുന്നതിനോട് അത്ര താത്പര്യമില്ലായിരുന്നു . സിനിമയിൽ എന്തിനാണ് പാട്ട് എന്ന കാര്യത്തിൽ എനിക്ക് ലോജിക് വർക്ക് ആവില്ലായിരുന്നു. കാരണം, സങ്കടം വരുമ്പോൾ പാടിനടക്കുക, സന്തോഷം വരുമ്പോൾ നൃത്തം ചെയ്യുക എന്നതൊന്നും എനിക്ക് ദഹിക്കില്ലായിരുന്നു പക്ഷേ, അവിടെ ഒരു നിർബന്ധം ഉണ്ടായിരുന്നു കാരണം ഇന്ത്യൻ സിനിമകളുടെ ഒരു രീതി അങ്ങനെയായിരുന്നു.
പിന്നെ കിരീടത്തിൽ ആ പാട്ട് ചെയ്യാൻ കാരണം, അതിൽ ആരും പാടിനടക്കുന്നില്ല എന്നതുകൊണ്ടായിരുന്നു. മറിച്ച് കഥയുടെ മുന്നോട്ടുള്ള യാത്രയെ ഈ പാട്ടിലൂടെ കുറെ കാര്യങ്ങളായി അവതരിപ്പിക്കാൻ പറ്റുന്ന ഒന്നായിരുന്നു അത്. സേതു ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതിനു ശേഷം അയാളുടെ ജീവിതം എങ്ങനെയാണ്, അയാൾ പോയിക്കഴിഞ്ഞാൽ ആ കുടുംബത്തിന്റെ അവസ്ഥ എങ്ങനെയാണ് തുടങ്ങിയ, സ്ക്രിപ്റ്റിൽ പറയാത്ത കുറെ കാര്യങ്ങൾ വരികളിലൂടെ അവതരിപ്പിക്കാൻ പറ്റും എന്നതുകൊണ്ടാണ് ആ പാട്ട് ചെയ്തത്.
ഉണ്ണിക്കിടാവിന് നൽകുവാൻ അമ്മ നെഞ്ചിൽ പാലാഴി ഏന്തി എന്ന് പറയുമ്പോൾ പൊന്നമ്മ ചേച്ചി ഫ്രെയിമിലേക്ക് വരികയും, താതൻ എന്ന് പറയുമ്പോൾ തിലകൻ ചേട്ടൻ ഫ്രെയിമിലേക്ക് എത്തുകയും ചെയ്യും. അപ്പോൾ അവിടെ നമ്മളെ പ്രചോദിപ്പിക്കുന്നത് ആ പാട്ടിലെ കഥയാണ്, വരികളാണ്, മ്യൂസിക് ആണ്. അങ്ങനെ ആ പാട്ട് ചെയ്തതിനു ശേഷമാണ് എനിക്ക് പിന്നീട ഭാരതം, കമലദളം. ഹിസ് ഹൈനെസ്സ് അബ്ദുള്ള പോലുള്ള എന്റെ ബാക്കി സിനിമകളിൽ എല്ലാം പാട്ട് ചെയ്യാനുള്ള ആത്മവിശ്വാസമൊക്കെ കിട്ടിയത്,’ സിബി മലയിൽ പറഞ്ഞു.

കിരീടം.കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന ഗാനം .photo.screen grab/youtube
Content Highlight: Sibi Malayil talks about songs in movies