മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ രണ്ടുപേരാണ് സിബി മലയിലും പ്രിയദര്‍ശനും. ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. ഇപ്പോള്‍ പ്രിയദര്‍ശനുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് സിബി.
തങ്ങള്‍ ഇരുവരും തമ്മിലുള്ള സൗഹൃദം എപ്പോഴും തുടരാറുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. പ്രിയന് തന്റെ സിനിമയോട് വല്ലാത്തൊരു മതിപ്പുണ്ടെന്നും അങ്ങനെയുള്ള സിനിമ ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന ചിന്ത ഉണ്ടായിരുന്നെന്നും സംവിധായകന്‍ പറയുന്നു.
തനിയാവര്‍ത്തനം സിനിമ കണ്ടിട്ട് ‘തന്റെ പടത്തിന് നല്ല അഭിപ്രായമാണല്ലോ’യെന്ന് ഒരു കുറ്റപ്പെടുത്തല് പോലെയാണ് പ്രിയദര്‍ശന്‍ പറഞ്ഞതെന്നും അത്രയും വേണ്ടായിരുന്നു എന്ന തരത്തിലാണ് ചോദിച്ചതെന്നും സിബി പറഞ്ഞു.
അത് വളരെ സ്വാഭാവികമായ ചോദ്യമായിരുന്നെന്നും വഴക്കും വാശിയും പിണക്കവുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേണമെങ്കില്‍ അതിന് കുശുമ്പാണെന്ന് പറയാമെന്നും സംവിധായകന്‍ ചിരിയോടെ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍.
‘ഞാനും പ്രിയനും തമ്മിലുള്ള സൗഹൃദം എപ്പോഴും തുടരുന്നുണ്ടായിരുന്നു. അവന്‍ വളരെ സക്‌സസ്ഫുള്ളായ സിനിമകള്‍ ചെയ്യുമ്പോള്‍ ഞാനും പാരലലായി എന്റെ രീതിയിലുള്ള സിനിമ ചെയ്യുകയായിരുന്നു.
പ്രിയന്റെ സിനിമയുടെ പ്രിവ്യു ഇടുമ്പോള്‍ ഞാന്‍ ചെന്നിട്ട് കാണാറുണ്ടായിരുന്നു. പിന്നെ അവന്‍ ഹിന്ദിയിലേക്കും പോയി. ഇതിനിടയില്‍ എന്റെ സിനിമയുടെ പ്രിവ്യു വരുമ്പോള്‍ പ്രിയനും കാണാന്‍ വരാറുണ്ടായിരുന്നു.
പ്രിയനെ സംബന്ധിച്ചിടത്തോളം അവന് എന്റെ സിനിമയോട് വല്ലാത്തൊരു മതിപ്പുണ്ട്. പ്രിയന് അങ്ങനെയുള്ള സിനിമ ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന ചിന്തയും ഉണ്ടായിരുന്നു. ‘തനിക്ക് നല്ല സിനിമയൊക്കെ ചെയ്യാന്‍ ആവുന്നുണ്ടല്ലോ. ഞാന്‍ ഇവിടെ ഈ കോമഡിയും ആയിട്ട് ഇരിക്കുകയാണ്’ എന്ന് എപ്പോഴും പറയും.
ഗൗരവമുള്ള സിനിമകളൊക്കെ പ്രിയന്റെ മനസിലുമുണ്ട്. പക്ഷെ അപ്പോഴേക്കും പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ മറ്റൊരു തരത്തിലേക്ക് ബ്രാന്‍ഡഡ് ആയിപോയിരുന്നു. തനിയാവര്‍ത്തനം സിനിമയുടെ സമയത്ത് നടന്ന കാര്യങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.
തനിയാവര്‍ത്തനം കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍ പ്രിയന്റെ ഏതോ പടത്തിന്റെ ഡബ്ബിങ് നടക്കുകയായിരുന്നു. ഞാന്‍ അന്ന് വെറുതെ ഡബ്ബിങ് തിയേറ്ററില്‍ ചെന്നതായിരുന്നു. ബ്രേക്ക് സമയത്ത് ഞങ്ങള്‍ ടെറസില്‍ ചെന്ന് വെറുതെ സംസാരിച്ച് നിന്നു.
‘തന്റെ പടത്തിന് നല്ല അഭിപ്രായമാണല്ലോ’ എന്നാണ് പ്രിയന്‍ ചോദിച്ചത്. ഒരു കുറ്റപ്പെടുത്തല് പോലെയാണ് അവന്‍ പറഞ്ഞത് (ചിരി). അത്രയും വേണ്ടായിരുന്നു എന്ന തരത്തിലാണ് അവന്‍ ചോദിച്ചത്. ഞാന്‍ എന്തോ തെറ്റ് ചെയ്തത് പോലെയാണ് ചോദ്യം.
അത് വളരെ സ്വാഭാവികമായ ചോദ്യമായിരുന്നു. വഴക്കും വാശിയും പിണക്കവും ഒന്നുമായിരുന്നില്ല അത്. വേണമെങ്കില്‍ അതിന് കുശുമ്പാണെന്ന് പറയാം. അതൊരിക്കലും നമ്മളെ വേദനിപ്പിക്കുന്ന കാര്യമല്ല. എനിക്കും ഇടയ്ക്ക് അവനോട് കുശുമ്പ് തോന്നാറുണ്ട് (ചിരി),’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil Talks About Priyadarshan