മുത്താരംകുന്ന് എന്ന ഗ്രാമത്തില്‍ പോസ്റ്റ്മാസ്റ്ററായി എത്തുന്ന ദിലീപ് കുമാറിന്റെയും നടന്‍ മമ്മൂട്ടിക്ക് കത്തുകള്‍ എഴുതുന്ന അമ്മിണിക്കുട്ടിയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു മുത്താരംകുന്ന് പി.ഒ. ദിലീപ് കുമാറായി മുകേഷും അമ്മിണിക്കുട്ടിയായി ലിസിയുമായിരുന്നു അഭിനയിച്ചത്.
സിബി മലയില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 1985ലാണ് പുറത്തിറങ്ങിയത്. ജഗദീഷിന്റെ കഥയ്ക്ക് ശ്രീനിവാസനായിരുന്നു തിരക്കഥ രചിച്ചത്. ജഗദീഷ് ആകാശവാണിയ്ക്കായി രചിച്ച സഹൃദയ സമക്ഷം എന്ന നാടകത്തിന്റെ കഥയായിരുന്നു ഇത്.
സിനിമയിലെ മമ്മൂട്ടി ചേട്ടന്‍ എന്ന പ്രയോഗത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ് താന്‍ മമ്മൂട്ടിയോട് മുത്താരംകുന്ന് പി.ഒയില്‍ ഡബ്ബ് ചെയ്യാനായി സമീപിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
‘ജഗദീഷ് ആദ്യം മുത്താരംകുന്ന് പി.ഒ എന്ന സിനിമയുടെ കഥാബീജം പറഞ്ഞു. ശ്രീനിവാസന്‍ അതിന്റെ ഒരു പുതിയ വേര്‍ഷന്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റേതായ ചില ഇന്‍പുട്ട്‌സ് അതിലേക്ക് കൊണ്ടുവന്നു. മമ്മൂട്ടി ചേട്ടന്‍ എന്ന പ്രയോഗം ആ സിനിമയില്‍ ഉണ്ടായിരുന്നു.
ആ സിനിമയുടെ ലൊക്കേഷനില്‍ പോയാണ് മമ്മൂട്ടിയെ കാണുന്നത്. കാര്യം കേട്ടതും ഒരു മടിയും ഇല്ലാതെ മമ്മൂട്ടി ആ ഷൂട്ട് കഴിഞ്ഞ് നേരെ വന്ന് ഈ സിനിമക്ക് വേണ്ടി ഡബ്ബ് ചെയ്തു തന്നു. മമ്മൂട്ടി ചേട്ടന്‍ എന്ന പ്രയോഗം ആ കാലത്തും ആളുകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.
കാരണം മമ്മൂട്ടി അന്ന് വലിയ സൂപ്പര്‍ താരത്തിന്റെ പദവിയില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന കാലഘട്ടമായിരുന്നു. അത് തന്നെയായിരുന്നു മമ്മൂട്ടിയുടെ ഒരു ഫാനിനെ വെച്ചിട്ട് സിനിമ ചെയ്യാനുള്ള പ്രചോദനവും. ആ സ്റ്റാര്‍ഡം തന്നെയായിരുന്നു കാരണം,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil Talks About Mammootty And Mutharamkunnu PO Movie